13–ാം പോരാട്ടത്തിൽ വിജയമില്ല, വീണ്ടും സമനിലയിൽ പിരിഞ്ഞ് ഗുകേഷും ഡിങ് ലിറനും; നാളെ നിർണായകം
Mail This Article
സിംഗപ്പൂർ∙ ലോക ചെസ് ചാംപ്യൻഷിപ്പില്‍ ഡി. ഗുകേഷും ഡിങ് ലിറനും തമ്മിലുള്ള 13–ാം പോരാട്ടം സമനിലയിൽ കലാശിച്ചു. ചാംപ്യൻഷിപ്പില്‍ ഒരു ഗെയിം മാത്രം അവശേഷിക്കെ 6.5–6.5 പോയിന്റ് എന്ന നിലയിൽ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം നിൽക്കുകയാണ്. 14–ാം ഗെയിം വ്യാഴാഴ്ച നടക്കും.
41–ാം നീക്കത്തിൽ ഡിങ് ഗുകേഷിന് ചെക് നൽകിയതാണ് കളിയിൽ ഗുകേഷിന്റെ രാജാവ് നേരിട്ട ആകെയുള്ള വെല്ലുവിളി. അതുവരെ ഡിങ് ലിറൻ പൂർണമായ പ്രതിരോധത്തിലും ഗുകേഷ് മുന്നേറ്റത്തിലുമായിരുന്നു. ആദ്യ 40 നീക്കങ്ങളിലെ അവസാന 15 നീക്കങ്ങൾ പൂർത്തിയാക്കുന്നതിന് ഡിങ് ലിറന് 15 മിനിറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഒടുവിൽ ചൈനീസ് താരം കളി സമനിലയിൽ എത്തിക്കുകയായിരുന്നു.
11–ാം ഗെയിമിലെ തോൽവിക്ക് 12–ാം ഗെയിമിൽ തിരിച്ചടി നൽകിയാണ് ഡിങ് ലിറന്‍ ചാംപ്യൻഷിപ്പിലേക്കു തിരികെയെത്തിയത്. നാളത്തെ കളിയും സമനിലയായാൽ, വെള്ളിയാഴ്ച ടൈബ്രേക്കർ മത്സരം നടക്കും. ലോക ചാംപ്യൻഷിപ്പിലെ അവസാന വിശ്രമദിനം ഇന്നലെയായിരുന്നു.