ഗുകേഷിന്റെ വരവ് കാത്ത് ചെന്നൈ; ചെന്നൈയിൽ ആനന്ദിൽനിന്ന് കാൾസൻ കിരീടം പിടിച്ചെടുത്തപ്പോൾ കണ്ണീരണിഞ്ഞവർക്ക് ആനന്ദനിമിഷം
Mail This Article
ചെന്നൈ∙ ചതുരംഗക്കളത്തിൽ ഗുകേഷ് ദൊമ്മരാജു അത്ഭുതബാലനായി അവതരിച്ചപ്പോൾ ചെസ് തലസ്ഥാനമായ ചെന്നൈ നഗരം ആഹ്ലാദത്തിൽ ആറാടി. 5 തവണ ലോക ചാംപ്യനായ വിശ്വനാഥൻ ആനന്ദിന്റെ പ്രിയ ശിഷ്യൻ വീണ്ടുമൊരു ലോക കിരീടം നഗരത്തിലേക്ക് എത്തിക്കുമ്പോൾ 11 വർഷം മുൻപത്തെ കിരീട നഷ്ടത്തിന് അതു മധുരപ്രതികാരമാകുകയാണ്.
2013ൽ, ഗുകേഷിന് 7 വയസ്സു മാത്രം പ്രായമുള്ളപ്പോൾ ചെന്നൈയിൽ നടന്ന മത്സരത്തിൽ അന്നത്തെ ചാംപ്യൻ ആനന്ദിൽനിന്ന് മാഗ്നസ് കാൾസൻ കിരീടം പിടിച്ചെടുത്തപ്പോൾ കണ്ണീരണിഞ്ഞ ചെസ് പ്രേമികൾക്ക് ആനന്ദത്തിന്റെ നിമിഷം. ആനന്ദിന്റെ മേൽനോട്ടത്തിൽ ബെംഗളൂരുവിലുള്ള വെസ്റ്റ് ബ്രിജ് ആനന്ദ് അക്കാദമിയിൽ പരിശീലനം നേടുന്ന അണ്ണാനഗറിന്റെ പുത്രൻ കൂടിയാണു ഡി.ഗുകേഷ്.
യുദ്ധതന്ത്രങ്ങൾ മാറിമറിഞ്ഞ ചാംപ്യൻഷിപ്പിൽ പിന്നിൽനിന്നു കുതിച്ചുവന്ന് എതിരാളിയെ നിലംപരിശാക്കിയ നീക്കത്തിലൂടെ അവസാനത്തെ ഗെയിമിൽ കിരീടം നേടിയ ഗുകേഷിന്റെ വിജയത്തിനു പിന്നിൽ വർഷങ്ങൾ നീണ്ട അധ്വാനവും ആനന്ദ് അടക്കമുള്ള പരിശീലകരുടെ നീണ്ട നിരയുമുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട പേരുകളിലൊന്ന് ഗുകേഷിന് ചെസിന്റെ ബാലപാഠങ്ങൾ പകർന്നു നൽകിയ വിജയ് ആനന്ദ് എന്ന പരിശീലകനാണ്.
ഗുകേഷ് പഠിച്ച വേലമ്മാൾ സ്കൂളിൽ ചെസ് പരിശീലകനായിരുന്ന ഭാസ്കറാണ് മുഗപ്പെയർ ഈസ്റ്റിലെ വിജയ് ആനന്ദ് അക്കാദമിയിലേക്ക് ഗുകേഷിനെ എത്തിച്ചത്. അവിടുന്നങ്ങോട്ട് ഗുകേഷിന്റെ ചെസ് ജീവിതത്തിൽ പടിപടിയായ ഉയർച്ചയായിരുന്നു. 2017ൽ ഏഷ്യൻ ചാംപ്യനാകുന്നതു വരെ ഗുകേഷ് വിജയ് ആനന്ദിന്റെ ശിഷ്യത്വത്തിലായിരുന്നു. ഇതേ വേലമ്മാൾ സ്കൂളിന്റെ ചാംപ്യൻമാരാണു ചെസ് സൂപ്പർ താരങ്ങളായ പ്രഗ്നാനന്ദയും സഹോദരി വൈശാലിയും
കഠിനാധ്വാനവും സമർപ്പണവുമാണ് ഗുകേഷിന്റെ കിരീട വിജയത്തിനു പിന്നിലെന്ന് വിജയ് ആനന്ദ് പറയുന്നു. പ്രതിഭയുടെ മിന്നലാട്ടവും തനതായ വിശകലന ശേഷിയും ഗുകേഷിനെ മറ്റു കളിക്കാരിൽനിന്നു വിഭിന്നനാക്കുന്നതായും അദ്ദേഹം പറഞ്ഞു. ഗുകേഷിന്റെ മാതാപിതാക്കളുടെ ത്യാഗവും ഈ വിജയത്തിനു പിന്നിലുണ്ട്. ലോക ചാംപ്യൻ പട്ടവുമായി ഗുകേഷ് എത്തുന്നത് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് നഗരത്തിലെ ചെസ് പ്രേമികൾ.