ഗുകേഷിനു പുറമേ അർജുൻ എരിഗെയ്സി, ആർ. പ്രഗ്നാനന്ദ, വിദിത് ഗുജറാത്തി...; കളത്തിൽ ഇനി ഇന്ത്യയുടെ കാലം
Mail This Article
കംപ്യൂട്ടറിനു പഠിപ്പിക്കാൻ കഴിയാത്ത അന്തർജ്‌ഞാനവും കരുക്കൾ ഏതേതു കളങ്ങളിൽ വയ്‌ക്കണമെന്നുള്ള സ്വതസിദ്ധമായ ഉൾക്കാഴ്‌ചയുമുള്ള പ്രിയ ശിഷ്യൻ മാഗ്നസ് കാൾസൻ പ്രതാപകാലം പിന്നിടുമ്പോഴേക്കും പുരാതനമായ ഈ കളിയെ മാറ്റിമറിക്കുമെന്ന് ഗാരി കാസ്‌പറോവ് പ്രവചിച്ചു പണ്ട്. അതേ നാവുകൊണ്ട് മാഗ്നസിനു ശേഷം ലോക ചാംപ്യൻമാരുടെ കുലമറ്റു എന്നും പറഞ്ഞു ചെസ് ഇതിഹാസം. എന്നാൽ, ഇന്ന് അദ്ദേഹം ആ വാക്കു മാറ്റിയിരിക്കുന്നു.
‘‘ഏറ്റവും വലിയ ഉയരം അദ്ദേഹം കീഴടക്കിയിരിക്കുന്നു’’– ഗുകേഷിന്റെ വിജയത്തിനു ശേഷം ചെസ് ഇതിഹാസം കുറിച്ചു.
‘‘പ്രായം പരിഗണിക്കുകയാണെങ്കിൽ ഗുകേഷ് എല്ലാ തടസ്സങ്ങളും കീഴടക്കിയിരിക്കുന്നു. കളിയുടെ നിലവാരം ഉയർന്നതായിരുന്നു. ഡിങ് നല്ല പ്രതിരോധം കാഴ്ചവച്ചു. പിഴവുകളെക്കുറിച്ചു പറയുകയാണെങ്കിൽ ഏതു ലോക ചാംപ്യനാണ് പിഴവു വരുത്താത്തത്? ഞാനും പിഴവു വരുത്തിയിട്ടുണ്ട്. മത്സരങ്ങളിൽ അതു സ്വാഭാവികം’’– കാസ്പറോവ് പറഞ്ഞു.
കാസ്പറോവിന്റെ നിലപാടു മാറ്റം പുതിയതല്ല. എന്നാൽ, ഇത്തവണത്തെ മാറ്റത്തിനു പിന്നിൽ സ്വാഭാവികമായും ഒരു കാരണമുണ്ട്. തന്റെ പ്രതാപവാനായ ശിഷ്യൻ മാഗ്നസ് കാൾസനെയും അതിശയിക്കും മട്ടിൽ ഇന്ത്യൻ കളിക്കാർ വളർന്നു തുടങ്ങിയിരിക്കുന്നു എന്നതു തന്നെ കാരണം. ലോക ചാംപ്യൻ ഗുകേഷ് മാത്രമല്ല, ആ പദവിയിലെത്താൻ സാധ്യതയുള്ള ഒരു ഡസൻ കളിക്കാരെങ്കിലും ഇന്ത്യയിലുണ്ട് എന്നതും ഒരു കാരണമാണ്.
ബോട്ട്‌വിനിക് ചെസ് സ്കൂളിന്റെ സന്തതിയായിരുന്നു കാസ്പറോവെങ്കിൽ ആരുടെയും പിന്തുണയില്ലാതെയായിരുന്നു വിശ്വനാഥൻ ആനന്ദിന്റെ വളർച്ച. ഇന്ന് ഇന്ത്യൻ ചെസിലെ യുവതലമുറയ്ക്ക് ആനന്ദ് വെളിച്ചമായി മുന്നിലുണ്ട്. അത് ആ വളർച്ച വേഗത്തിലാക്കുന്നു എന്ന് കാസ്പറോവ് തിരിച്ചറിഞ്ഞിരിക്കുന്നു. ആരാവും ലോക ചാംപ്യന്റെ എതിരാളി എന്ന ചോദ്യത്തിന് അതു രണ്ടുവർഷം അകലെയാണല്ലോ എന്നായിരുന്നു ചാംപ്യനായശേഷം ഡി. ഗുകേഷിന്റെ ഉത്തമെങ്കിലും അതൊരു ഇന്ത്യക്കാരനാകാനുള്ള സാധ്യത തള്ളിക്കളയാനാകാത്ത സ്ഥിതി വന്നെത്തിയിരിക്കുന്നു.
ലോക നാലാം നമ്പർതാരമായ അർജുൻ എരിഗെയ്സി, 17–ാം നമ്പർ ആർ. പ്രഗ്നാനന്ദ, 23–ാം സ്ഥാനത്തുള്ള വിദിത് ഗുജറാത്തി എന്നിവരാണ് നിലവിലെ റേറ്റിങ് പ്രകാരം അടുത്ത ചാംപ്യൻഷിപ്പിൽ എതിരാളിയാകാൻ സാധ്യതയുള്ള ഇന്ത്യക്കാർ. വിശ്വനാഥൻ ആനന്ദിനു ശേഷം ഇലോ റേറ്റിങ്ങിൽ 2800 എന്ന മാന്ത്രിക സംഖ്യ മറികടന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് തെലങ്കാനയിൽനിന്നുള്ള അർജുൻ. പ്രഗ്നാനന്ദയാകട്ടെ മാഗ്നസ് കാൾസന്റെ സവിശേഷ പ്രശംസ നേടിയ താരവും.
തമിഴ്നാട്ടിൽനിന്നുള്ള അരവിന്ദ് ചിദംബരവും മലയാളി താരം നിഹാൽ സരിനും ഉൾപ്പെടെയുള്ളവർ റാങ്കിങ്ങിൽ വൻ കുതിപ്പിനു സാധ്യതയുള്ളവരാണ്. വരും ചാംപ്യൻഷിപ്പിലല്ലെങ്കിലും വരും ദശാബ്ദങ്ങളിൽ ലോകരംഗത്തു വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിവുള്ള ഒട്ടേറെ താരങ്ങൾ പിന്നെയും അണിയറയിലുണ്ട്.