ADVERTISEMENT

ചെന്നൈ∙ ‘‘വിജയത്തോടൊപ്പം വിലയിരുത്തലും പതിവാണ്, അതു ഭയക്കേണ്ടതില്ല’’– ഇത്തവണ ലോക ചെസ് ചാംപ്യൻഷിപ്പിലെ കളികൾ വേണ്ടത്ര നിലവാരം പുലർത്തിയില്ലെന്ന വിമർശനങ്ങളോട് വിശ്വനാഥൻ ആനന്ദിന്റെ മറുപടി. വിമർശനങ്ങൾ സ്വാഭാവികമാണ്. അത് അവഗണിക്കുക. ഗുകേഷിന്റെ ചെസിലെ വളർച്ച എല്ലാവരും കണ്ടതാണ്. കഴിഞ്ഞ ഒളിംപ്യാഡിലെ പ്രകടങ്ങൾ മാത്രം നോക്കിയാൽ മതി, എത്രനിലവാരത്തിലാണ് ഗുകേഷ് കളിക്കുന്നതെന്നറിയാനെന്നും ആനന്ദ് പറഞ്ഞു. 

മുൻ ലോക ചാംപ്യൻമാരുടെ വിമർശനം വേദനിപ്പിച്ചില്ലെന്ന് ഗുകേഷും പ്രതികരിച്ചു. ലോക ചെസ് ചാംപ്യൻഷിപ്പിലെ വിജയത്തിനു ശേഷം ബിബിസി വേൾഡുമായി സംസാരിക്കുമ്പോഴാണ്, ഇവരുടെ വിമർശനം വേദനിപ്പിച്ചോ എന്ന ചോദ്യം ഗുകേഷിനു മുന്നിൽ ഉയർന്നത്.

‘‘സത്യത്തിൽ ഇല്ല. ചില ഗെയിമുകളിൽ നിലവാരം അത്ര കണ്ട് ഉയരാത്തതുകൊണ്ടായിരിക്കാം ഇത്തരം വിമർശനങ്ങളെന്നു ഞാൻ കരുതുന്നു. പക്ഷേ, ലോക ചെസ് ചാംപ്യൻഷിപ്പിലെ പോരാട്ടങ്ങൾ ചെസ് ബോർഡിൽ മാത്രം ജയിക്കാനാകില്ല. ആരാണ് കൂടുതൽ മനക്കരുത്ത് കാട്ടുന്നത് എന്നതും സമ്മർദ്ദ നിമിഷങ്ങളെ അതിജീവിക്കുന്നത് എന്നതുമെല്ലാം പ്രധാനമാണ്. ഇക്കാര്യത്തിൽ ഞാൻ മികച്ചുനിന്നെന്നു കരുതുന്നു’ – ഗുകേഷ് പറഞ്ഞു.

മുൻ ലോക ചാംപ്യൻമാരായ വ്ലാഡിമിർ ക്രാംനിക്ക്,  മാഗ്നസ് കാൾസൻ തുടങ്ങിയവരാണ് ഡിങ് ലിറൻ– ഗുകേഷ് ലോക ചാംപ്യൻഷിപ്പിലെ ഗെയിമുകളുടെ നിലവാരം സംബന്ധിച്ച് വിമർശനമുന്നയിച്ചത്. 

‘‘കുട്ടികൾ മാത്രം വരുത്തുന്ന പിഴവ്. നമ്മളൊക്കെ കളിച്ച ചെസ് അല്ല ഇത്. ലോക ചാംപ്യൻഷിപ്പിലൊരിക്കലും ഇത്രയും മോശമായ പിഴവോടെ വിജയി നിശ്ചയിക്കപ്പെട്ടിട്ടില്ല’’– അവസാന ഗെയിമിലെ ഡിങ് ലിറന്റെ പിഴവിനെക്കുറിച്ച് ക്രാംനിക്ക് പറഞ്ഞു. ഒരു ഓപ്പൺ ചെസ് ടൂർണമെന്റിന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ റൗണ്ട് മത്സരങ്ങളുടെ നിലവാരം മാത്രമേ ലോക ചെസ് ചാംപ്യൻഷിപ്പിലെ മിക്ക ഗെയിമുകൾക്കും ഉണ്ടായിരുന്നുള്ളൂ എന്നായിരുന്നു കാൾസന്റെ വിമർശനം.

English Summary:

Viswanathan Anand asks D Gukesh To ‘Ignore’ Carlsen, Kramnik negativity; offers youngster support after historic win

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com