ചെസിൽ വീണ്ടും ചരിത്രമെഴുതി ഇന്ത്യ; കൊനേരു ഹംപിക്ക് രണ്ടാം തവണയും ലോക റാപ്പിഡ് ചെസ് കിരീടം
Mail This Article
ന്യൂയോർക്ക് ∙ ഡി.ഗുകേഷിനു പിന്നാലെ ഇന്ത്യയിൽനിന്ന് ഒരു ലോക ചെസ് ചാംപ്യൻകൂടി. ലോക റാപിഡ് ചെസ് ചാംപ്യൻഷിപ് വനിതാവിഭാഗത്തിൽ ഇന്ത്യയുടെ കൊനേരു ഹംപി ജേതാവായി. 15 മിനിറ്റ് സമയക്രമത്തിലുള്ള വേഗ ചെസ് മത്സരമാണ് റാപിഡ്. മുപ്പത്തിയേഴുകാരി ഹംപിയുടെ രണ്ടാം ലോക റാപിഡ് ചെസ് കിരീടമാണിത്.
2019ലും ഹംപി ഈ നേട്ടം സ്വന്തമാക്കിയിരുന്നു. ചൈനയുടെ ഡിങ് ലിറനെ തോൽപിച്ചു കൗമാരതാരം ഡി.ഗുകേഷ് ലോക ചെസ് ചാംപ്യനായി ആഴ്ചകൾക്കകം ഹംപിയിലൂടെ മറ്റൊരു നേട്ടംകൂടി സ്വന്തമാക്കാനായത് ഇന്ത്യൻ ചെസിന് അഭിമാനമുഹൂർത്തമായി. ഓപ്പൺ വിഭാഗത്തിൽ റഷ്യയുടെ പതിനെട്ടുകാരൻ വോളോദർ മുർസിനാണ് ജേതാവ്.
∙ നമ്മുടെ ഹംപി!
‘‘ചാംപ്യൻഷിപ്പിനെത്തുമ്പോൾ ഞാൻ മാനസികമായി പ്രയാസത്തിലായിരുന്നു. കളിയിൽനിന്നു വിരമിക്കണോ എന്നു പോലും ആലോചിച്ചു. ഈ വിജയം ഏറെ മധുരിക്കുന്നതാണ്. ഏറ്റവും താഴെത്തട്ടിൽനിന്നു പോരാടാനും വീണ്ടും ചെസിലേക്കു തിരിച്ചുവരാനും ഇത് ഊർജം നൽകും’’ – ലോക റാപിഡ് ചെസ് ചാംപ്യൻഷിപ്പിൽ വനിതാ വിഭാഗം ജേതാവായ ശേഷം ഇന്ത്യയുടെ കൊനേരു ഹംപി പറഞ്ഞു. ഹംപിയുടെ കരിയറിലെ രണ്ടാമത്തെ വനിതാ റാപിഡ് കിരീടമാണിത്. ഇത്തവണ, 11 റൗണ്ടിൽനിന്ന് 8.5 പോയിന്റ് നേടിയാണ് ഹംപി ജേതാവായത്. 2019ലും ചാംപ്യനായിരുന്ന ഹംപി ഒന്നിലധികം തവണ ഈ കിരീടം നേടുന്ന രണ്ടാമത്തെ വനിതയാണ്.
ആദ്യ റൗണ്ടിലെ തോൽവിക്കു ശേഷമാണ് ഹംപിയുടെ ശക്തമായ തിരിച്ചുവരവ്. ഏഴു ഗെയിമുകൾ വിജയിച്ച ഹംപി 3 കളി സമനിലയാക്കി. 2024ലെ ഫിഡെ കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ രണ്ടാമതെത്തിയശേഷം മോശം ഫോമിലായിരുന്ന ഹംപിയുടെ ഏറ്റവും മികച്ച പ്രകടനമാണിത്. ചൈനീസ് ഗ്രാൻഡ്മാസ്റ്റർ ജൂ വെൻജുൻ രണ്ടാമതും റഷ്യയുടെ കാറ്റരിനാ ലാഗ്നോ മൂന്നാമതുമെത്തി. റഷ്യയുടെ വോളോദർ മുർസിനാണ് ഓപ്പൺ വിഭാഗത്തിൽ ചാംപ്യൻ.
പരാജയമറിയാതെ കളിച്ച ഈ പതിനെട്ടുകാരൻ 13 റൗണ്ടിൽനിന്ന് 10 പോയിന്റ് നേടി. ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ രണ്ടാമത്തെ ലോക റാപിഡ് ചാംപ്യനാണ് മുർസിൻ. 59ാം സീഡായ മുർസിൻ മറ്റുപല പ്രമുഖരെയും തോൽപിച്ചാണ് ഈ നേട്ടം കൈവരിച്ചത്. റഷ്യക്കാരായ അലക്സാണ്ടർ ഗ്രിഷൂക്ക് രണ്ടാംസ്ഥാനവും യാൻ നീപോംനീഷി മൂന്നാം സ്ഥാനവും നേടി. 9 പോയിന്റു നേടിയ ഇന്ത്യയുടെ അർജുൻ എരിഗെയ്സി അഞ്ചാമതെത്തി. ഡ്രസ് കോഡ് തെറ്റിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെത്തുടർന്നു മുൻ ലോക ചാംപ്യനും ഒന്നാം നമ്പർ താരവുമായ മാഗ്നസ് കാൾസൻ പിന്മാറിയിരുന്നു.