തിരിച്ചുവരവുകളുടെ റാണി അഥവാ കൊനേരു ഹംപി; ഇന്ത്യൻ ചെസിലെ അദ്ഭുത വനിതയായി ഈ മുപ്പത്തേഴുകാരി- വിഡിയോ
Mail This Article
ലോക ചെസിലെ അദ്ഭുത വനിത ഹംഗേറിയൻ താരം ജൂഡിത് പോൾഗർ ആണെങ്കിൽ ഇന്ത്യയ്ക്കത് കൊനേരു ഹംപിയാണ്. ക്ലൈമാക്സ് അടുത്തു എന്നു കരുതിയവരെ അമ്പരപ്പിച്ച് മുന്നോട്ടു പോകുകയാണ് 37 വർഷം പിന്നിട്ട ആ ‘സിനിമ’. ന്യൂയോർക്കിൽ വനിതാ ലോക റാപിഡ് ചാംപ്യൻഷിപ് വിജയിക്കുമ്പോൾ കിരീട നേട്ടത്തിലിത് ഹംപിക്ക് രണ്ടാം അവസരമാണ്.
ഗ്രാൻഡ്മാസ്റ്റർ പട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരിയായ ഹംപിക്കു മുൻപ് ചൈനീസ് ഗ്രാൻഡ്മാസ്റ്റർ ജൂ വെൻജുൻ മാത്രമേ രണ്ടുവട്ടം ലോക റാപിഡ് കിരീടം നേടിയിട്ടുള്ളൂ. തിരിച്ചുവരവുകളുടെ റാണിയാവുകയാണ് ഹംപി ഈ നേട്ടത്തോടെ. അമ്മയാകാനായി സജീവ ചെസിൽ നിന്ന് 2 വർഷം അവധിയെടുത്ത ശേഷമായിരുന്നു 2019ൽ ഹംപിയുടെ ആദ്യ കിരീട നേട്ടം.
അതു ലോകത്തെ മാത്രമല്ല, ഹംപിയെയും അമ്പരപ്പിച്ചു. 32 –ാം വയസ്സിൽ 13–ാം സീഡായി മോസ്കോയിൽ മൽസരത്തിനിറങ്ങുമ്പോൾ തനിക്കു ‘വഴങ്ങാത്ത’ റാപിഡ് ചെസിൽ മികച്ച പ്രകടനം – അത്രയേ ഹംപി പ്രതീക്ഷിച്ചുള്ളൂ.
വീണ്ടും ഇടവേളയായി കോവിഡ് അവതരിച്ചപ്പോൾ മുപ്പത്തിനാലുകാരി ഹംപിയുടെ ജീവിതവും ചെസും മാറ്റത്തിന്റെ വഴിയിലായി. കോവിഡിനു ശേഷം ചെസ് ഓൺലൈനിലേക്കു മാറിയപ്പോൾ പൊരുത്തപ്പെടാൻ ഹംപി കുറച്ചു സമയമെടുത്തു. ‘‘ ആദ്യ ഓൺലൈൻ മത്സരം എനിക്കു ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ ശീലമായി. പുതുതലമുറയ്ക്ക് ഈ മാറ്റം എളുപ്പമാണ്. നാലുവയസ്സുള്ള മകളുള്ളതിനാൽ പഴയതു പോലെ പരിശീലനം നടക്കുന്നില്ല. ’’–ഹംപി അന്നു പറഞ്ഞു.
ആന്ധ്രയിലെ കൃഷ്ണ ജില്ലയിലെ ഗുഡിവാഡ പട്ടണത്തിൽ മുൻ ചെസ് താരവും രസതന്ത്ര അധ്യാപകനുമായ കൊനേരു അശോകിന്റെ മകളായി ജനിച്ച ഹംപി 10 വയസ്സിനും 12 വയസ്സിനും 14 വയസ്സിനും താഴെയുള്ള പെൺകുട്ടികളുടെ ചെസിൽ ലോക കിരീടം നേടിയാണ് ആദ്യം ലോകത്തെ അമ്പരപ്പിച്ചത്. തൊട്ടടുത്ത വർഷം ലോക ജൂനിയർ കിരീടവും ഹംപി നേടി.
1987ൽ വിശ്വനാഥൻ ആനന്ദിന്റെ തേരോട്ടത്തിനു തുടക്കമിട്ട ലോക ജൂനിയർ കിരീടനേട്ടം വീണ്ടും ഇന്ത്യയിലെത്തിച്ചപ്പോൾ ഹംപിക്കു വയസ്സ് 14 മാത്രം. തൊട്ടടുത്ത വർഷം ചെസിലെ ‘അത്ഭുത വനിത’ ജൂഡിത് പോൾഗറിന്റെ റെക്കോർഡ് മറികടന്ന് ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്‌മാസ്‌റ്ററായി ഹംപി.
എങ്കിലും ക്ലാസിക്കൽ ചെസിൽ വനിതാ ലോകചാംപ്യൻ എന്ന ഹംപിയുടെ സ്വപ്നം അഞ്ചുവട്ടം വഴിയിടറിയ കാഴ്ചയാണ് പിന്നീടുള്ള കാലം കണ്ടത്. 2009ൽ ടൂറിനിൽ ലോക ചെസ് ഒളിംപ്യാഡിൽ പങ്കെടുക്കുന്നതു സംബന്ധിച്ച തർക്കത്തിൽ അഖിലേന്ത്യാ ചെസ് ഫെഡറേഷനുമായി തെറ്റിപ്പിരിഞ്ഞ ഹംപിയുടെ കളിയിടറി. 2014ൽ കുടുംബജീവിതത്തിലേക്കു കടന്ന ഹംപി 2016 –2018 കാലഘട്ടത്തിൽ സജീവ ചെസിൽനിന്ന് വിട്ടുനിന്നു. അതോടെ ഹംപി യുഗം അവസാനിച്ചെന്നു പലരും കരുതി.
2024ൽ വനിതാ കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ ഹംപി രണ്ടാമതെത്തി. തുടർന്ന് മോശം പ്രകടനങ്ങളുടെ പരമ്പര. ഹംപി ചെസ് നിർത്തുമോയെന്ന് ആലോചിക്കുമ്പോഴാണ് കിരീടനേട്ടവുമായി വീണ്ടുമൊരു തിരിച്ചുവരവ്.