പറളി സ്കൂളിലെ താരങ്ങളിൽ നടത്തിയ പരീക്ഷണം വിജയം; പേശികളുടെ ഘടനാ പരിശോധന ഇനി കുറഞ്ഞ ചെലവിൽ
Mail This Article
പാലക്കാട് ∙ പേശികളുടെ ഘടന മനസ്സിലാക്കി യോജ്യമായ കായിക ഇനം തിരഞ്ഞെടുക്കാനുള്ള സാങ്കേതികവിദ്യയ്ക്കു പാലക്കാട് എൻഎസ്എസ് എൻജിനീയറിങ് കോളജിലെ ഗവേഷകർക്ക് പേറ്റന്റ്. വ്യാവസായിക അടിസ്ഥാനത്തിൽ പരിശോധനാ യന്ത്രം വികസിപ്പിക്കാനുള്ള നടപടികളും തുടങ്ങി. പാലക്കാട് പറളി സ്കൂളിലെ കായിക താരങ്ങളിൽ 2019 മുതൽ നടത്തിയ പഠനമാണു വിജയം കണ്ടത്.
തൊലിപ്പുറത്തു നിന്നു ലഭിക്കുന്ന ഇലക്ട്രിക് സന്ദേശങ്ങളുടെ വ്യതിയാനങ്ങൾ മനസ്സിലാക്കിയാണു ഘടന പരിശോധിക്കുന്നത്. വളരെ കുറഞ്ഞ ചെലവിൽ നിമിഷങ്ങൾക്കുള്ളിൽ ഫലം ലഭിക്കുമെന്നതാണു പ്രത്യേകത. ശരീരത്തിൽ മുറിവുണ്ടാക്കി പേശീ ഭാഗത്തിന്റെ സാംപിൾ എടുത്തുള്ള ബയോപ്സി പോലുള്ള ചെലവേറിയ പരിശോധനയാണു നിലവിലുള്ളത്.
എൻജിനീയറിങ് കോളജിലെ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ് വിഭാഗത്തിലെ പ്രഫ.ജി.വേണുഗോപാൽ, ഗവേഷക വിദ്യാർഥികളായ രമ്യ ആർ.നായർ, ദിവ്യ ശശിധരൻ എന്നിവരാണു കണ്ടുപിടിത്തത്തിനു പിന്നിൽ. മദ്രാസ് ഐഐടിയിലെ പ്രഫ.എസ്.രാമകൃഷ്ണൻ പിന്തുണ നൽകി.
∙ പരിശോധന എങ്ങനെ ?
മനുഷ്യരിൽ ടൈപ്പ് ഒന്നു മുതൽ മൂന്നു വരെ വ്യത്യസ്ത പേശീ ഘടനയാണുള്ളത് (മസിൽ ഫൈബർ). തൊലിപ്പുറത്തു നിന്നു ലഭിക്കുന്ന ഇലക്ട്രിക് സിഗ്നലുകളുടെ വേഗം പരിശോധിച്ചാണ് ഏതു തരത്തിലുള്ള പേശിയാണെന്നു തിരിച്ചറിയുക.
∙ ടൈപ്പ് – ഒന്ന് (സ്ലോ ഓക്സിഡേറ്റീവ്) പേശീ ഘടനയുള്ളവർക്ക് ഹ്രസ്വദൂര ഓട്ടത്തിലും അധിക ശേഷി (Stamina) ആവശ്യമില്ലാത്ത കായിക ഇനങ്ങളിലും മികച്ച നേട്ടം കൈവരിക്കാനാകും.
∙ ടൈപ്പ് – രണ്ട് (ഫാസ്റ്റ് ഓക്സിഡേറ്റീവ്) ഘടനയുള്ളവർക്കു ദീർഘദൂര ഓട്ടത്തിലും ശേഷി കൂടുതൽ ആവശ്യമായ കായിക ഇനങ്ങളിലും മികവു തെളിക്കാനാകും.
∙ ടൈപ്പ് – മൂന്ന് (ഫാസ്റ്റ് ഗ്ലൈക്കോളിസിസ്) ഘടനയുള്ളവർക്കു കായികരംഗത്തു കാര്യമായ നേട്ടമുണ്ടാക്കാൻ കഴിയില്ലെന്നാണു വിലയിരുത്തൽ. പേശികൾ പെട്ടെന്നു ക്ഷീണിക്കുന്നതാണു തടസ്സം. ഇത്തരക്കാർക്കു മസിൽ കോച്ചിപ്പിടിക്കാനുള്ള സാധ്യത കൂടുതലാണ്.