വിമ്പിൾഡനിൽ വൻവീഴ്ച; വനിതാ സിംഗിൾസിൽ ഇഗ സ്യാംതെക്, ഒൻസ് ജാബർ പുറത്ത്
Mail This Article
ലണ്ടൻ ∙ വിമ്പിൾഡൻ വനിതാ സിംഗിൾസ് കോർട്ടിൽ അട്ടിമറിക്കാറ്റ്. ഒന്നാം സീഡ് ഇഗ സ്യാംതെക്, 10–ാം സീഡ് ഒൻസ് ജാബർ എന്നിവർ 6–ാം ദിനം തോറ്റു പുറത്തായി. കസഖ്സ്ഥാന്റെ അൺ സീഡഡ് താരം യുലിയ പുടിൻസെവയാണ് വിമ്പിൾനിൽ കന്നിക്കിരീടമെന്ന ഇഗയുടെ മോഹം മൂന്നാം റൗണ്ടിൽ തന്നെ അവസാനിപ്പിച്ചത്. സ്കോർ: 3–6,6–1,6–2.
ആദ്യ ഗ്രാൻസ്‌ലാം ലക്ഷ്യമിട്ടെത്തിയ തുനീസിയൻ താരം ജാബർ യുക്രെയ്നിന്റെ എലിന സ്വിറ്റോലിനയ്ക്കു മുന്നിൽ കീഴടങ്ങി. വനിതകളിൽ 4–ാം സീഡ് എലേന റിബകീന, 11–ാം സീഡ് ഡാനിയേൽ കോളിൻസ് എന്നിവർ 4–ാം റൗണ്ടിലെത്തി. 7–ാം സീഡ് ജാസ്മിൻ പവൊലീനി 12–ാം സീഡ് മാഡിസൺ കീസിനെ തോൽപിച്ച് ക്വാർട്ടറിലേക്കു കടന്നു.
പുരുഷൻമാരിൽ 3–ാം സീഡ് കാർലോസ് അൽകാരസും ക്വാർട്ടറിലെത്തി. അലക്സാണ്ടർ സ്വരേവ്, നൊവാക് ജോക്കോവിച്ച്, ഡാനിൽ മെദ്‌വദെവ് എന്നിവർ നാലാം റൗണ്ടിലെത്തിയിട്ടുണ്ട‌്.
ബൊപ്പണ്ണ–എബ്ദൻ പുറത്ത്
പുരുഷ ഡബിൾസിൽ രണ്ടാം സീഡായ രോഹൻ ബൊപ്പണ്ണ–മാത്യു എബ്ദൻ സഖ്യം രണ്ടാം റൗണ്ടിൽ തന്നെ പുറത്തായി. ജർമൻ താരങ്ങളായ ഹെൻഡ്രിക് യെബൻസ്–കോൺസ്റ്റാന്റിൻ ഫ്രാന്റ്സൻ എന്നിവരാണ് ഓസ്ട്രേലിയൻ ഓപ്പൺ ജേതാക്കളായ ബൊപ്പണ്ണയെയും എബ്ദനെയും നേരിട്ടുള്ള സെറ്റുകൾക്കു വീഴ്ത്തിയത്. സ്കോർ: 6–3,6–7.