ADVERTISEMENT

വിമ്പിൾഡൻ വനിതാ സിംഗിൾസ് ജേതാവിനു ലഭിക്കുന്ന വീനസ് റോസ്‌വാട്ടർ ഡിഷ്, സെന്റർ കോർട്ടിന്റെ ബാൽക്കണിയിൽ നിന്ന് ആരാധക ഹർഷങ്ങൾക്കു നേരേ ഉയർത്തിപ്പിടിച്ച സ്വർണമുടിക്കാരിയെ പിറ്റേന്നു ലണ്ടൻ നഗരത്തിൽ ലെഗോ ബ്രിക്സ് (പ്ലാസ്റ്റിക് നിർമിത ചെറുകട്ടകൾ) വിൽക്കുന്ന കടകൾക്കു മുന്നിലൂടെ ഓടിനടക്കുന്നതു കണ്ടാൽ സംശയിക്കേണ്ട.

അത് ബാർബറ ക്രെജിക്കോവ തന്നെ! ടെന്നിസ് കഴിഞ്ഞാൽ ക്രെജിക്കോവയുടെ ഇഷ്ടവിനോദമാണ് ലെഗോ ബ്രിക്സ് ഉപയോഗിച്ച് ചെറു രൂപങ്ങൾ നിർമിക്കുന്നത്. വിമ്പിൾഡൻ ജയിച്ചാൽ ഫൈനലിന് ആതിഥ്യമരുളുന്ന സെന്റർ കോർട്ടിന്റെ മാതൃക താൻ ലെഗോ ബ്രിക്സ് ഉപയോഗിച്ചു നിർമിക്കുമെന്ന് ക്രെജിക്കോവ ടൂർണമെന്റിനു മുൻപ് പറഞ്ഞിരുന്നു. അതിനുള്ള ഓട്ടത്തിലാകാം ചെക്ക് റിപ്പബ്ലിക്കിൽനിന്നുള്ള ഈ ഇരുപത്തിയെട്ടുകാരി.

ഗുരുദക്ഷിണ

വർഷം 2014. വാസ്തുവിദ്യയ്ക്കു പേരുകേട്ട ചെക്ക് റിപ്പബ്ലിക്കിലെ ബെർണോ നഗരത്തിന്റെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന മുൻ വിമ്പിൾഡൻ വനിതാ സിംഗിൾസ് ചാംപ്യൻ യാന നൊവോത്‌നയുടെ വീട്ടിലേക്ക് ഒരു പതിനെട്ടുകാരി ഓടിക്കയറി. യാനയ്ക്കു നൽകാൻ ഒരു കത്ത് കയ്യിലുണ്ടായിരുന്നു. തനിക്കും യാനയെപ്പോലെ ലോകം അറിയുന്ന ടെന്നിസ് താരമാകണമെന്നും അതിനു സഹായിക്കണമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം.

ആ ആവശ്യം യാന സസന്തോഷം അംഗീകരിച്ചു. 10 വർഷത്തിനിപ്പുറം ഓൾ ഇംഗ്ലണ്ട് ക്ലബ്ബിൽ സ്ഥാപിച്ചിരിക്കുന്ന വിമ്പിൾഡൻ വനിതാ സിംഗിൾസ് ചാംപ്യൻമാരുടെ പട്ടികയിൽ യാനക്കൊപ്പം അന്നത്തെ പതിനെട്ടുകാരി സ്വന്തം പേരും എഴുതിച്ചേർത്തു– ബാർബറ ക്രെജിക്കോവ ! 2017ൽ അർബുദബാധിതനായി അന്തരിച്ച തന്റെ ഗുരുവും വഴികാട്ടിയുമായ യാന നൊവോത്‌നയ്ക്കായിരുന്നു തന്നെ കന്നി വിമ്പിൾഡൻ നേട്ടം നാട്ടുകാരിയായ ക്രെജിക്കോവ സമർപ്പിച്ചത്.

സ്വപ്ന സഞ്ചാരി

തനിക്കു 12 വയസ്സുള്ളപ്പോൾ ജീവിതത്തിൽ ആരാകണം എന്ന ചോദ്യത്തിന് ഫ്രഞ്ച് ഓപ്പൺ വിജയിയാകണമെന്ന് ഉത്തരമെഴുതിയിട്ടുണ്ട് ക്രെജിക്കോവ. അന്ന് മകളുടെ ആഗ്രഹത്തെ മാതാപിതാക്കൾ ഉൾപ്പെടെ ചിരിച്ചുതള്ളിയെങ്കിലും 2021ൽ ഫ്രഞ്ച് ഓപ്പൺ സിംഗിൾസ് ട്രോഫിയിൽ മുത്തമിട്ട ക്രെജിക്കോവ എല്ലാവരെയും ഞെട്ടിച്ചു.

ഇത്തവണ മുപ്പത്തിരണ്ടുപേർ മത്സരിക്കുന്ന വിമ്പിൾഡൻ വനിതാ സിംഗിൾസിൽ മുപ്പത്തിയൊന്നാം സീഡുകാരിയായി ഇറങ്ങിയ ക്രെജിക്കോവ വിജയക്കൊടി പാറിക്കുമെന്ന് അവരുടെ കൂടെയുള്ളവർ പോലും കരുതിയിരുന്നില്ല. പക്ഷേ, അവിടെയും തന്നെ എഴുതിത്തള്ളിയവരെയെല്ലാം ക്രെജിക്കോവ ഒരിക്കൽ കൂടി ഞെട്ടിച്ചു.

ഡബിൾസ് പ്ലെയർ

ഡബിൾസിൽ 9 ഗ്രാൻസ്‌ലാം കിരീടങ്ങളും ഒരു ഒളിംപിക്സ് സ്വർണവുമടക്കം 18 പ്രഫഷനൽ ചാംപ്യൻഷിപ്പുകൾ വിജയിച്ചിട്ടുണ്ട് ക്രെജിക്കോവ. കരുത്തുറ്റ സെർവും ഗ്രൗണ്ട് സ്ട്രോക്കുകളിലെ കണിശതയുമാണ് ക്രെജിക്കോവയുടെ കരുത്ത്. എതിരാളി അറിയാതെ റാലികളിൽ വേഗം കൂട്ടിയും കുറച്ചും മത്സരത്തിന്റെ താളം നിയന്ത്രിക്കുന്നതിലും ചെക്ക് താരം വിദഗ്ധയാണ്.

ഫൈനലിൽ ഇറ്റലിയുടെ ജാസ്മിൻ പവോലീനിക്കെതിരെ ഈ തന്ത്രങ്ങളെല്ലാം ഇടമുറിയാതെ പയറ്റിയാണ് വിമ്പിൾഡനിലെ തന്റെ കന്നിക്കിരീടം ക്രെജിക്കോവ സ്വന്തമാക്കിയത്. അതുകൊണ്ടുതന്നെ, അരീന സബലേങ്ക മുതൽ കോക്കോ ഗോഫ് വരെ നീളുന്ന വനിതാ സിംഗിൾസിലെ താരറാണിപ്പോരാട്ടത്തിന്റെ പട്ടികയിൽ ക്രെജിക്കോവയുടെ പേരും സധൈര്യം എഴുതിച്ചേർക്കാം...

English Summary:

Writeup about barbora krejcikova czech republic tennis player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com