ADVERTISEMENT

∙1988ലെ സോൾ ഒളിംപിക്സ് ടെന്നിസിൽ വനിതാ സിംഗിൾസിൽ ജേതാവായ ജർമനിയുടെ (അന്നു പശ്ചിമ ജർമനി) സ്റ്റെഫി ഗ്രാഫ് ചരിത്രത്തിലേക്കാണ് എയ്സ് പായിച്ചത്. അതേ വർഷം 4 ഗ്രാൻസ്‌ലാം (ഓസ്ട്രേലിയൻ ഓപ്പൺ, യുഎസ് ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, വിമ്പിൾഡൻ) ടൂർണമെന്റുകളിൽ ജേതാവായ ശേഷമാണു സ്റ്റെഫി ഗ്രാഫ് ഒളിംപിക്സിലും സ്വർണം നേടിയത്. അതോടെ, 4 ഗ്രാൻ‌സ്‌ലാമുകൾ നേടിയ അതേവർഷം തന്നെ ഒളിംപിക് ജേതാവായ ഒരേയൊരു താരമെന്ന അപൂർവനേട്ടം ഗ്രാഫിനു സ്വന്തമായി. ടെന്നിസ് ലോകം ആ നേട്ടത്തെ ‘ഗോൾഡൻ ‌സ്‌ലാം’ എന്നു വാഴ്ത്തി. പിന്നീട് ഇതുവരെ മറ്റൊരാൾക്ക് ആ നേട്ടം ആവർത്തിക്കാനായിട്ടില്ല.

പക്ഷേ, ഇത്തവണ പാരിസിൽ ഒളിംപിക്സ് ടെന്നിസ് പോരാട്ടം ഒരു ‘ഗോൾഡൻ സ്‌ലാം’ ആകും. കാരണം, ടെന്നിസിന്റെ ‘ഗോൾഡൻ’ തലമുറയിൽപെട്ട രണ്ടുപേർ തങ്ങളുടെ അവസാന ഒളിംപിക്സിനായി പാരിസിലിറങ്ങും; നൊവാക് ജോക്കോവിച്ചും റാഫേൽ നദാലും. അവർക്കൊപ്പം കോർട്ടിൽ തീപ്പൊരി ചിതറിക്കാൻ പുരുഷ, വനിതാ വിഭാഗങ്ങളിലായി ഒരുപിടി താരങ്ങളും.

വിമ്പിൾഡൻ ജേതാവായ കാർലോസ് അൽകാരസ് പാരിസിൽ സ്പെയിൻ കുപ്പായത്തിൽ ഇറങ്ങും. ഒപ്പം, റാഫേൽ നദാലുമുണ്ടാകും. സെർബിയ ടീം ലിസ്റ്റിൽ ജോക്കോവിച്ചിന്റെ പേര് ഉൾപ്പെട്ടിട്ടുണ്ട്. ജർമനിയുടെ അലക്സാണ്ടർ സ്വരേവ്, ബ്രിട്ടന്റെ ആൻഡി മറെ, സ്വിറ്റ്സർലൻഡിന്റെ സ്റ്റാൻ വാവറിങ്ക, ഇറ്റലിയുടെ യാനിക് സിന്നർ എന്നിവർ പുരുഷ ടെന്നിസിൽ സൂപ്പർ താരനിരയാകും. വനിതകളിൽ പോളണ്ടിന്റെ ഇഗ സ്യാംതെക്ക്, യുഎസിന്റെ കൊക്കോ ഗോഫ്, കസഖ്സ്ഥാന്റെ എലേന റിബകീന, ചെക്ക് റിപ്പബ്ലിക്കിന്റെ ബാർബറ ക്രെജിക്കോവ എന്നിവർ കോർട്ടിലിറങ്ങും.

ജർമനിയുടെ അലക്സാണ്ടർ സ്വരേവാണ് ടോക്കിയോയിൽ പുരുഷ സിംഗിൾസിൽ സ്വർണം നേടിയത്. വനിതകളിൽ സ്വിറ്റ്സർലൻഡിന്റെ ബെലിൻഡ ബെൻജിക്കാണു നിലവിലെ ജേതാവ്. 

ഒളിംപിക് ടെന്നിസിൽ ഇന്ത്യയുടെ ഒരേയൊരു മെഡൽ ലിയാൻഡർ പെയ്സ് നേടിയതാണ്. 1996ൽ അറ്റ്‌ലാന്റ ഒളിംപിക്സിലായിരുന്നു 23–ാം വയസ്സിൽ പെയ്സിന്റെ ചരിത്രനേട്ടം.

ഒളിംപിക് ചരിത്രത്തിൽ 2 തവണ ഇന്ത്യൻ സഖ്യങ്ങൾ മെഡലിനരികെ വീണിട്ടുണ്ട്. 2016ൽ സാനിയ മിർസ – രോഹൻ ബൊപ്പണ്ണ സഖ്യം ‌വെങ്കലപ്പോരാട്ടത്തിൽ വീണു. 2004ൽ പെയ്സ് – മഹേഷ് ഭൂപതി സഖ്യം ഡബിൾസിൽ വെങ്കല മത്സരത്തിൽ പരാജയപ്പെട്ടു.

English Summary:

Superstars to compete in Paris Olympics tennis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com