പുരുഷ ഡബിൾസില്‍ ബൊപ്പണ്ണ– ബാലാജി സഖ്യത്തിനു തോൽവി, ടെന്നിസിൽ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു
Mail This Article
പാരിസ്∙ ഒളിംപിക്സ് ടെന്നിസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് അവസാനം. പുരുഷ ഡബിൾസില്‍ രോഹൻ ബൊപ്പണ്ണ– ശ്രീറാം ബാലാജി സഖ്യം രണ്ടാം റൗണ്ടിലെത്താതെ പുറത്തായി. ആദ്യ റൗണ്ടിൽ ഫ്രഞ്ച് സഖ്യമായ എഡ്വാർഡ് റോജർ– ഗെൽ മോൺഫിൽസ് എന്നിവരോടാണ് ഇന്ത്യൻ താരങ്ങൾ നേരിട്ടുള്ള സെറ്റുകൾക്കു തോറ്റത്. സ്കോർ: 5–7, 2–6. ഞായറാഴ്ച നടന്ന പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരം സുമിത് നാഗലും ആദ്യ റൗണ്ടിൽ തോറ്റിരുന്നു.
ഒരു മണിക്കൂർ 16 മിനിറ്റാണ് ഇന്ത്യൻ സഖ്യത്തെ കീഴടക്കാൻ ഫ്രഞ്ച് താരങ്ങൾക്കു വേണ്ടിവന്ന സമയം. 42 മിനിറ്റ് നീണ്ട ആദ്യ സെറ്റ് പോരാട്ടം തുടക്കം മുതൽ തന്നെ ഇന്ത്യന്‍ സഖ്യത്തിനു മികച്ചതായിരുന്നില്ല. 2–4 എന്ന നിലയിലേക്ക് ഇന്ത്യൻ താരങ്ങൾ പിന്തള്ളപ്പെട്ടിരുന്നു. എന്നാൽ പിന്നീട് 5–5 എന്ന സ്കോറിലേക്കെത്തി തിരിച്ചുവന്നെങ്കിലും സെറ്റ് കൈവിട്ടു. രണ്ടാം സെറ്റ് കൂടുതൽ ഏകപക്ഷീയമായിരുന്നു. ഇതോടെ ഇന്ത്യൻ സഖ്യത്തിന്റെ പ്രതീക്ഷകളും അവസാനിച്ചു.
പാരിസ് ഒളിംപിക്സിൽ ടെന്നിസിലെ രണ്ടാം ഒളിംപിക് മെഡൽ നേടാമെന്ന ഇന്ത്യൻ പ്രതീക്ഷകളും അസ്തമിച്ചു. ഫ്രഞ്ച് താരം കൊറെന്റിൻ മൗറ്റെറ്റിനോടാണ് പുരുഷ സിംഗിൾസിൽ സുമിത് നാഗൽ തോറ്റത്. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിലാണ് ഇന്ത്യൻ താരം തോൽവി സമ്മതിച്ചത്. സ്കോർ: 2-6, 6-2, 5-7.