വിമ്പിൾഡൻ തോൽവിക്ക് പ്രതികാരം; അൽകാരസിനെ വീഴ്ത്തി ജോക്കോവിച്ചിന് കന്നി ഒളിംപിക്സ് സ്വർണം
Mail This Article
പാരിസ് ∙ കരിയറിലെ അവസാന ഒളിംപിക്സിൽ ആ മോഹവും നൊവാക് ജോക്കോവിച്ച് സഫലീകരിച്ചു. ഒളിംപിക്സ് പുരുഷ സിംഗിൾസിൽ സ്പാനിഷ് താരം കാർലോസ് അൽകാരസിനെ വീഴ്ത്തി ജോക്കോവിച്ചിന് സ്വർണം. നേരിട്ടുള്ള സെറ്റുകൾക്കാണ് ജോക്കോവിച്ച് അൽകാരസിനെ വീഴ്ത്തിയത്. ഇരു സെറ്റുകളിലും ടൈബ്രേക്കറിലാണ് ജോക്കോവിച്ച് ജയിച്ചു കയറിയത്. സ്കോർ: 7 – 6, 7 – 6.
മുപ്പത്തേഴുകാരനായ ജോക്കോവിച്ചിന്റെ കന്നി ഒളിംപിക്സ് സ്വർണമാണിത്. 2008 ബെയ്ജിങ് ഒളിംപിക്സിൽ ജോക്കോവിച്ച് പുരുഷ സിംഗിൾസ് വെങ്കലം നേടിയിരുന്നു. ഇതോടെ, കഴിഞ്ഞ രണ്ടു തവണയും വിമ്പിൾഡൻ ഫൈനലുകളിൽ സ്പാനിഷ് താരത്തോടേറ്റ തോൽവിക്കും ജോക്കോവിച്ച് പ്രതികാരം ചെയ്തു.
മാത്രമല്ല, ടെന്നിസ് സിംഗിൾസിൽ കരിയർ ഗോൾഡൻ സ്‌ലാം സ്വന്തമാക്കുന്ന അഞ്ചാമത്തെ മാത്രം താരമെന്ന നേട്ടവും ജോക്കോവിച്ച് സ്വന്തമാക്കി. നാല് ഗ്രാൻസ്‌ലാം കിരീടങ്ങളും ഒളിംപിക്സ് സ്വർണവും ഉൾപ്പെടുന്നതാണ് കരിയർ ഗോൾഡൻ സ്‌ലാം. സ്റ്റെഫി ഗ്രാഫ്, ആന്ദ്രെ അഗാസി, റാഫേൽ നദാൽ, സെറീന വില്യംസ് എന്നിവരാണ് മുൻപ് ഈ ചരിത്ര നേട്ടം കൈവരിച്ചവർ.