സിൻസിനാറ്റി ഓപ്പൺ ടെന്നിസിൽ ‘വിന്നറാ’യി യാനിക് സിന്നർ; ഈ വർഷത്തെ 5–ാം കിരീടനേട്ടം
Mail This Article
ഒഹായോ ∙ സിൻസിനാറ്റി ഓപ്പൺ ടെന്നിസ് പുരുഷ വിഭാഗം കിരീടം ലോക ഒന്നാം നമ്പർ താരം ഇറ്റലിയുടെ യാനിക് സിന്നറിന്. ആവേശകരമായ കലാശപ്പോരിൽ യുഎസ് താരം ഫ്രാൻസിസ് ടിഫോയെ വീഴ്ത്തിയാണ് സിന്നറിന്റെ കിരീടനേട്ടം. സ്കോർ: 7-6(4), 6-2. ഈ വർഷം മാത്രം സിന്നറിന്റെ അഞ്ചാം കിരീടനേട്ടമാണിത്. ഇതോടെ, വരുന്ന യുഎസ് ഓപ്പണിൽ സിന്നർ കിരീടസാധ്യതയും വർധിപ്പിച്ചു.
നേരത്തെ, ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ 7-6, 5-7, 7-6 എന്ന സ്കോറിനു മറികടന്നാണ് ഇരുപത്തിമൂന്നുകാരനായ സിന്നർ ഫൈനലിലെത്തിയത്. ഡെൻമാർക്ക് താരം ഹോൾഗർ റൂണെയെ 4-6, 6-1, 7-6 എന്ന സ്കോറിന് മറികടന്നാണ് ഇരുപത്തിയാറുകാരൻ ടിഫോ ഫൈനൽ ബെർത്ത് ഉറപ്പിച്ചത്.
വനിതകളുടെ ഫൈനലിൽ ബെലാറൂസ് താരം അരീന സബലേങ്കയും യുഎസിന്റെ ജെസിക്ക പെഗുലയും നേർക്കുനേർ വരും. പോളണ്ട് താരം ഇഗ സ്യാംതെക്കിനെ (6–3, 6–3) തോൽപിച്ചാണ് സബലേങ്ക ഫൈനലിലെത്തിയത്. സ്പെയിനിന്റെ പൗള ബഡോസയെ 6–2, 3–6, 6–3 എന്ന സ്കോറിന് മറികടന്നാണ് മുപ്പതുകാരി പെഗുലയുടെ ഫൈനൽ പ്രവേശം.