ADVERTISEMENT

ന്യൂയോർക്ക് ∙ കരിയറിലെ ഏറ്റവും വലിയ വിജയമെന്നാണ് മൂന്നാഴ്ച മുൻപ് പാരിസ് ഒളിംപിക്സിലെ തന്റെ സ്വർണമെഡൽ നേട്ടത്തെ നൊവാക് ജോക്കോവിച്ച് വിശേഷിപ്പിച്ചത്. ഗ്രാൻസ്‍ലാം കിരീടങ്ങളിലെ റെക്കോർഡിനൊപ്പം ഒളിംപിക്സ് സ്വർണവും നേടി ചരിത്രത്തിന്റെ കോർട്ടിൽ അജയ്യനായി നിൽക്കുമ്പോഴും നേട്ടങ്ങളിലേക്കുള്ള തന്റെ യാത്ര അവസാനിച്ചിട്ടില്ലെന്നാണ് ജോക്കോവിച്ചിന്റെ പ്രഖ്യാപനം. 

നിലവിലെ ചാംപ്യന്റെ പകിട്ടോടെ എത്തുന്ന മുപ്പത്തേഴുകാരൻ ജോക്കോവിച്ചാണ് ഇന്നാരംഭിക്കുന്ന യുഎസ് ഓപ്പൺ ഗ്രാൻസ്‍ലാം ടെന്നിസിൽ ആരാധകരുടെ ആവേശവും എതിരാളികളുടെ പേടി സ്വപ്നവും. 25–ാം ഗ്രാൻസ്‍ലാം കിരീടം, കരിയറിലെ നൂറാം സിംഗിൾസ് കിരീടം എന്നീ 2 പ്രധാന ലക്ഷ്യങ്ങൾ ന്യൂയോർക്കിൽ  ജോക്കോവിച്ചിനു മുന്നിലുണ്ട്. ഇന്ത്യൻ സമയം ഇന്നു രാത്രി 8.30 മുതലാണ് മത്സരങ്ങൾ. സോണി ടെൻ ചാനലിൽ തൽസമയം.

വെല്ലുവിളിച്ച് യുവനിര

ഒന്നാം സീഡ് ഇറ്റലിയുടെ യാനിക് സിന്നർ, മൂന്നാം സീഡ് സ്പെയിനിന്റെ കാർലോസ് അൽകാരസ്, നാലാം സീഡ് അലക്സാണ്ടർ സ്വരേവ് എന്നിവരാണ് 25–ാം കിരീടത്തിലേക്കുള്ള ജോക്കോവിച്ചിന്റെ വഴിമുടക്കാൻ കാത്തിരിക്കുന്നവരിൽ പ്രധാനികൾ. 

ജനുവരിയിൽ ഓസ്ട്രേലിയൻ ഓപ്പൺ ചാംപ്യനായ സിന്നർ സെമിയിൽ ജോക്കോവിച്ചിനെ വീഴ്ത്തിയാണ് മുന്നേറിയത്. വിമ്പിൾഡൻ ഫൈനലിൽ തന്നെ തോൽപിച്ച അൽകാരസിനെ പാരിസ് ഒളിംപിക്സ് ഫൈനലിൽ വീഴ്ത്തി ജോക്കോവിച്ച് സ്വർണം നേടി. 

അൽകാരസ് സീസണിലെ രണ്ടാം കിരീടം നേടിയ ഫ്രഞ്ച് ഓപ്പണിൽ ടൂർണമെന്റിനിടെ പരുക്കേറ്റ് ജോക്കോവിച്ച് പിൻമാറിയിരുന്നു. ഇത്തവണ ആദ്യ മത്സരങ്ങളിൽ ജോക്കോവിച്ചിനു കാര്യമായ വെല്ലുവിളിയില്ല. എല്ലാ മത്സരങ്ങളും ജയിച്ചുവന്നാൽ ഫൈനലിനു മുൻപ് അൽകാരസിനെയോ സിന്നറിനെയോ നേരിടേണ്ടിവരില്ല. ‌

25 എന്ന ചരിത്ര നേട്ടം അരികെ

ഇരുപത്തഞ്ചാം ഗ്രാൻസ്‍ലാം കിരീടമെന്ന ചരിത്രത്തിന് അരികെ നൊവാക് ജോക്കോവിച്ച് കാത്തിരിപ്പ് തുടങ്ങിയിട്ട് ഒരുവർഷമായി. കൂടുതൽ ഗ്രാൻസ്‌ലാം സിംഗിൾസ് കിരീടങ്ങളുടെ റെക്കോർഡിൽ ജോക്കോ (24) മുൻ ഓസ്ട്രേലിയൻ വനിതാ താരം മാർഗരറ്റ് കോർട്ടിനൊപ്പമെത്തിയത് 2023 യുഎസ് ഓപ്പൺ വിജയത്തിലൂടെയാണ്. പക്ഷേ ഈ വർഷത്തെ 3 ഗ്രാൻസ്‍ലാമുകളിലും ജേതാവാകാൻ ജോക്കോവിച്ചിനായില്ല. കഴിഞ്ഞ 13 വർഷങ്ങളിൽ 12 തവണയും വർഷത്തിൽ ഒരു ഗ്രാൻസ്‍ലാം കിരീടമെങ്കിലും ഉറപ്പാക്കിയിട്ടുള്ള ജോക്കോവിച്ചിന് ആ പതിവ് നിലനിർത്താൻ ഈ വർഷത്തെ അവസാന ഗ്രാൻസ്‍ലാമായ യുഎസ് ഓപ്പൺ വിജയിക്കണം.

24 ഗ്രാൻസ്‍ലാം വിജയങ്ങൾ അടയാളപ്പെടുത്തിയ ജോക്കോവിച്ചിന്റെ ഷൂസ്.
24 ഗ്രാൻസ്‍ലാം വിജയങ്ങൾ അടയാളപ്പെടുത്തിയ ജോക്കോവിച്ചിന്റെ ഷൂസ്.

വനിതകളിൽ ആര് ?

പ്രവചനാതീതമാണ് വനിതാ സിംഗിൾസിലെ പോരാട്ടം. ഈ വർഷത്തെ 3 ഗ്രാൻസ്‍ലാം ടൂർണമെന്റുകളിലും 3 വ്യത്യസ്ത ജേതാക്കളായിരുന്നു. ഓസ്ട്രേലിയൻ ഓപ്പണിൽ അരീന സബലേങ്കയും വിമ്പിൾഡനിൽ ബാർബറ ക്രെജിക്കോവയും ഫ്രഞ്ച് ഓപ്പണിൽ ഇഗ സ്യാംതെക്കും ജേതാവായി. 2 ഫൈനലുകളിൽ പരാജയപ്പെട്ട ഇറ്റലിയുടെ ജാസ്മിൻ പവോലീനിയൊഴികെ മറ്റ് 5 ഫൈനലിസ്റ്റുകളും വ്യത്യസ്തർ. ഇവർക്കൊപ്പം നിലവിലെ ചാംപ്യൻ യുഎസിന്റെ കൊക്കോ ഗോഫും ആറാം സീഡ് ജെസീക്ക പെഗുലയുമെത്തുമ്പോൾ വനിതകളിലെ പോരാട്ടം കടുക്കും.

English Summary:

Novak Djokovic ready for US open

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com