യുഎസ് ഓപ്പണിൽ വീണ്ടും അട്ടിമറി; 18 വർഷത്തിനിടെ ആദ്യമായി ജോക്കോവിച്ച് 4–ാം റൗണ്ടിനു മുൻപേ പുറത്ത്
Mail This Article
ന്യൂയോർക്ക്∙ യുഎസ് ഓപ്പണിൽ വമ്പൻമാരുടെ അടിവേരിളക്കുന്ന അട്ടിമറിക്കഥകൾ തുടരുന്നു. മൂന്നാം സീഡായ സ്പാനിഷ് താരം കാർലോസ് അൽകാരസിനു പിന്നാലെ, നിലവിലെ ചാംപ്യനും സെർബിയൻഡ സൂപ്പർ താരവുമായ നൊവാക് ജോക്കോവിച്ചും മൂന്നാം റൗണ്ടിൽ പുറത്ത്. ഓസ്ട്രേലിയയുടെ 28–ാം സീഡായ അലെക്സി പോപിറിനാണ് ജോക്കോവിച്ചിനെ വീഴ്ത്തിയത്.
18 വർഷത്തിനിടെ ഇതാദ്യമായാണ് ജോക്കോവിച്ച് യുഎസ് ഓപ്പണിൽ നാലാം റൗണ്ടിനു മുൻപേ പുറത്താകുന്നത്. ഒന്നിനെതിരെ മൂന്നു സെറ്റുകൾക്കാണ് ഓസീസ് താരത്തിന്റെ വിജയം. സ്കോർ: 4-6, 4-6, 6-2, 4-6.
2017നു ശേഷം ഇതാദ്യമായി ജോക്കോവിച്ച് ഒരു ഗ്രാൻസ്‍ലാം കിരീടം പോലും നേടാത്ത വർഷമായി 2024 മാറി. 2022ൽ യുഎസ് ഓപ്പൺ കിരീടം ചൂടിയ കാർലോസ് അൽകാരസ് മൂന്നാം റൗണ്ടിൽ ഞെട്ടിക്കുന്ന തോൽവി വഴങ്ങിയതിന്റെ പിറ്റേന്നാണ് ജോക്കോവിച്ചിന്റെ പുറത്താകൽ.
മൂന്നു മണിക്കൂറും 19 മിനിറ്റും നീണ്ട പോരാട്ടത്തിലാണ് ജോക്കോവിച്ചിന്റെ തോൽവി. ഗ്രാൻസ്‌ലാം ടൂർണമെന്റുകളിൽ രണ്ടു സെറ്റിനു പിന്നിലായിപ്പോയ ശേഷം എട്ടു തവണ തിരിച്ചുവന്ന ചരിത്രം ജോക്കോവിച്ചിനുണ്ടെങ്കിലും, ഇത്തവണ ഓസ്ട്രേലിയൻ താരത്തിനു മുന്നിൽ ആ അടവുകളൊന്നും വിലപ്പോയില്ല.