കല്യാണത്തീയതിയിൽ യുഎസ് ഓപ്പൺ സെമി, വിവാഹം മാറ്റിവച്ച് കിരീടവിജയം; കിഷ്നോക്കിന്റെ വരൻ ഡബിൾസ് പങ്കാളിയുടെ കോച്ച്!
Mail This Article
ന്യൂയോർക്ക്∙ യുഎസ് ഓപ്പണിനായി വിവാഹം തന്നെ മാറ്റിവച്ച യുക്രെയ്ൻ താരം ല്യുഡ്മില കിഷ്നോക്കിന്റെ തീരുമാനം വെറുതെയായില്ല; വനിതാ വിഭാഗം ഡബിൾസിൽ ലാത്വിയൻ താരം യെലേന ഓസ്റ്റപെങ്കോയ്‌ക്കൊപ്പം കിഷ്നോക്കിന് ഗ്രാൻസ്‍ലാം കിരീടത്തിന്റെ തിളക്കം. വിവാഹം നീട്ടിവച്ച് രണ്ടാം ദിവസമാണ് കിഷ്നോക്, യെലേനയ്ക്കൊപ്പം കിരീടം ചൂടിയത്.
ഡബിൾസ് പങ്കാളിയായ യെലേന ഓസ്റ്റപെങ്കോയുടെ പരിശീലകൻ സ്റ്റാസ് മാർസ്കിയുമായി ഈ ആഴ്ചയാണ് കിഷ്നോക്കിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തീയതിയും യുഎസ് ഓപ്പൺ സെമിഫൈനലും ഒരു ദിവസം വന്നതോടെ വിവാഹം നീട്ടിവയ്ക്കാൻ കിഷ്നോക്കും മാർസ്കിയും തീരുമാനിക്കുകയായിരുന്നു.
വിവാഹം നീട്ടിവച്ചതിനു പിന്നാലെ കിഷ്നോക് – യെലേന സഖ്യം തകർപ്പൻ വിജയത്തോടെ യുഎസ് ഓപ്പൺ ഫൈനലിൽ കടന്നിരുന്നു. ഫൈനലിൽ ക്രിസ്റ്റിന ലാഡെനോവിച്ച് – ഷാങ് ഷുവായ് സഖ്യത്തെ 6–4, 6–3 എന്ന സ്കോറിൽ തോൽപ്പിച്ച് ഇരുവരും കിരീടത്തിൽ മുത്തമിട്ടു.
‘‘സത്യത്തിൽ എന്റെ ബോയ്ഫ്രണ്ട് ഇപ്പോൾ എന്റെ ഭർത്താവാകേണ്ടിയതായിരുന്നു. ഞങ്ങൾ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് വിവാഹിതരാകാൻ നിശ്ചയിച്ചിരുന്നത്. പക്ഷേ അന്ന് വിവാഹം നടന്നില്ല. ഞങ്ങൾ യുഎസ് ഓപ്പൺ സെമിയിൽ കടന്നതോടെയാണ് വിവാഹം നടക്കാതെ വന്നത്. യുഎസ് ഓപ്പണാണ് കുറച്ചുകൂടി പ്രധാനപ്പെട്ടതെന്ന് ഞങ്ങൾ കരുതി’ – കിരീടവിജയത്തിനു ശേഷം കിഷ്നോക് പറഞ്ഞു.