സെർവാദരം..: ഡേവിസ് കപ്പിലൂടെ ടെന്നിസിനോട് വിടപറയാൻ റാഫേൽ നദാൽ
Mail This Article
മഡ്രിഡ് ∙ കെട്ടിയൊതുക്കിയ തലമുടി, ചിട്ടയായ അനുഷ്ഠാനങ്ങൾക്കു ശേഷമുള്ള സെർവ്, ഓരോ ഷോട്ടിനും അകമ്പടിയായുള്ള മുരൾച്ച, കോർട്ടിനെ ഉഴുതു മറിച്ചുള്ള നീക്കങ്ങൾ... ലോക ടെന്നിസിലെ ഏറ്റവും ‘ലൈവ്’ ആയ ദൃശ്യങ്ങളിലൊന്നിന്റെ തൽസമയ സംപ്രേഷണം അവസാനിക്കുന്നു! രണ്ടു പതിറ്റാണ്ടിലേറെ നീണ്ട കരിയറിനു ശേഷം സ്പാനിഷ് ടെന്നിസ് താരം റാഫേൽ നദാൽ വിരമിക്കുമ്പോൾ അവസാനിക്കുന്നത് ടെന്നിസിലെ ഇതിഹാസകാലം കൂടിയാണ്.
അടുത്ത മാസം സ്പെയിനിലെ മലാഗയിൽ നടക്കുന്ന ഡേവിസ് കപ്പ് ഫൈനൽസോടെ വിരമിക്കുമെന്നാണ് മുപ്പത്തിയെട്ടുകാരനായ നദാലിന്റെ പ്രഖ്യാപനം. നവംബർ 19നു തുടങ്ങുന്ന ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്സാണ് സ്പെയിനിന്റെ എതിരാളികൾ. നിരന്തരമായ പരുക്കുകളെത്തുടർന്നാണ് വിരമിക്കാൻ തീരുമാനിച്ചതെന്നും ഇന്നലെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിഡിയോയിൽ നദാൽ പറഞ്ഞു.
‘‘പരിമിതികളില്ലാതെ ഇനി കളി തുടരാനാവുമെന്ന് ഞാൻ കരുതുന്നില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങൾ, പ്രത്യേകിച്ചും അവസാന രണ്ടു വർഷം പരുക്കുകൾ മൂലം പ്രയാസമേറിയതായിരുന്നു..’’– നദാൽ പറഞ്ഞു.ഈ വർഷം നടന്ന പാരിസ് ഒളിംപിക്സിലാണ് നദാൽ അവസാനമായി മത്സരിച്ചത്. സിംഗിൾസ് രണ്ടാം റൗണ്ടിൽ നൊവാക് ജോക്കോവിച്ചിനോടു പരാജയപ്പെട്ട നദാൽ ഡബിൾസിൽ കാർലോസ് അൽകാരസിനൊപ്പം ക്വാർട്ടർ ഫൈനൽ വരെയെത്തി പുറത്തായി. തുടർന്നു വന്ന യുഎസ് ഓപ്പണിൽ നിന്നും ലേവർ കപ്പിൽ നിന്നും പിൻമാറി.
∙ പവർ സ്റ്റാർ
റോജർ ഫെഡറർ, നൊവാക് ജോക്കോവിച് എന്നിവർക്കൊപ്പം ടെന്നിസിലെ ‘ബിഗ് ത്രീ’ താരങ്ങളിൽ ഒരാളായി വാഴ്ത്തപ്പെടുന്ന നദാൽ ടെന്നിസിലെ പവർ ഗെയിമിന്റെ വക്താക്കളിലൊരാളാണ്. ഗ്രാൻസ്‌ലാം സിംഗിൾസ് കിരീടനേട്ടത്തിൽ പുരുഷ താരങ്ങളിൽ ജോക്കോവിച്ചിന് (24 ട്രോഫികൾ) മാത്രം പിന്നിലാണ് നദാൽ (22). തന്റെ ശൈലിക്ക് ഏറ്റവും അനുയോജ്യമായ ഫ്രഞ്ച് ഓപ്പണിലെ കളിമൺ കോർട്ടിൽ ഒന്നര പതിറ്റാണ്ടോളം നദാൽ അക്ഷരാർഥത്തിൽ കിരീടം വയ്ക്കാത്ത രാജാവായി വാണു.
2005ൽ ആദ്യ വരവിൽ തന്നെ റൊളാങ് ഗാരോസിൽ കിരീടം ചൂടിയ നദാൽ 14 സിംഗിൾസ് കിരീടങ്ങളാണ് അവിടെ നിന്നു മാത്രം നേടിയത്. കളിച്ച 18 സീസണുകളിൽ നാലു തവണ മാത്രമാണ് നദാലിന് ഫ്രഞ്ച് ഓപ്പൺ നേടാനാവാതെ പോയത്. ആകെ 116 മത്സരങ്ങളിൽ 112 എണ്ണവും ജയിച്ച നദാൽ ഒരു ഫൈനലിൽ പോലും പരാജയപ്പെട്ടതുമില്ല. ഫ്രഞ്ച് ഓപ്പണിനു പുറമേ 4 യുഎസ് ഓപ്പൺ, 2 വീതം ഓസ്ട്രേലിയൻ ഓപ്പൺ, വിമ്പിൾഡൻ കിരീടങ്ങളാണ് നദാൽ നേടിയത്.
2008 ബെയ്ജിങ് ഒളിംപിക്സിൽ സിംഗിൾസ് സ്വർണവും 2016 റിയോ ഒളിംപിക്സിൽ ഡബിൾസ് സ്വർണവും നേടിയ നദാൽ സ്പെയിൻ ടീമിനൊപ്പം നാലു തവണ ഡേവിസ് കപ്പും നേടി. 2011, 2021 വർഷങ്ങളിൽ ലോക കായിക താരത്തിനുള്ള ലോറസ് പുരസ്കാരവും നേടി.
∙ ഫ്രണ്ട്, ഹസ്ബൻഡ്
കോർട്ടിൽ തന്റെ ഏറ്റവും വലിയ എതിരാളിയായിരുന്ന റോജർ ഫെഡററോട് വീറോടെ മത്സരിച്ച നദാൽ കോർട്ടിനു പുറത്ത് സ്വിസ് താരവുമായി ഉറ്റ സൗഹൃദം പുലർത്തി. 2022ൽ ഫെഡററുടെ വിരമിക്കൽ മത്സരത്തിൽ ഡബിൾസ് പങ്കാളിയായ നദാൽ മത്സരത്തിനു ശേഷം കണ്ണീരണിഞ്ഞത് കായികരംഗത്തെ അപൂർവ കാഴ്ചകളിലൊന്നായി.
സ്പെയിനിലെ മയോർക്കയിലെ മനസോറിൽ ജനിച്ച നദാലിനെ മാതാവിന്റെ സഹോദരനായ ടോണി നദാലാണ് ടെന്നിസിലേക്കു കൊണ്ടു വന്നത്. 2004ൽ ഡേവിസ് കപ്പ് നേടിയതാണ് നദാലിന്റെ പ്രഫഷനൽ കരിയറിലെ ആദ്യ പ്രധാന കിരീടം. 14 വർഷം നീണ്ട സൗഹൃദത്തിനു ശേഷം 2019ലാണ് നദാൽ കൂട്ടുകാരിയായ മരിയ ഫ്രാൻസിസ്കോ പെരെല്ലോയെ വിവാഹം ചെയ്തത്. ഇരുവരുടെയും മകൻ റാഫേൽ ജൂനിയറിന് ഇപ്പോൾ രണ്ടു വയസ്സുണ്ട്.
∙ നദാലിന്റെ കരിയർ
ജയം: 1080
തോൽവി: 227
വിജയശതമാനം: 82.6
കിരീടങ്ങൾ
എടിപി ട്രോഫികൾ: 92
ഗ്രാൻസ്‍ലാം കിരീടം: 22
മാസ്റ്റേഴ്സ് ട്രോഫി: 36
ഒളിംപിക്സ് സ്വർണം: 2
ഡേവിസ് കപ്പ് : 4
∙ ഗ്രാൻസ്‍ലാം നേട്ടങ്ങൾ
ഫ്രഞ്ച് ഓപ്പൺ: 14
യുഎസ് ഓപ്പൺ: 4
വിമ്പിൾഡൻ: 2
ഓസ്ട്രേലിയൻ ഓപ്പൺ: 2
∙ നദാൽ @ ഫ്രഞ്ച് ഓപ്പൺ
കിരീടനേട്ടം: 14
ഫൈനലുകൾ: 14
ആകെ വിജയം: 112
തോൽവി: 4
വിജയശതമാനം: 96.5
∙ കരിയർ ഗോൾഡൻ സ്‍ലാം കൈവരിച്ച പ്രായംകുറഞ്ഞ പുരുഷ ടെന്നിസ് താരമാണ് നദാൽ. 2010ൽ ഇരുപത്തി നാലാം വയസ്സിലായിരുന്നു നദാലിന്റെ നേട്ടം.
∙ കളിമൺ കോർട്ടിൽ തുടർ വിജയങ്ങളുടെ റെക്കോർഡ് നദാലിന് സ്വന്തം. 2005 ഏപ്രിൽ മുതൽ 2007 മേയ് വരെ തുടർച്ചയായി 81 മത്സരങ്ങൾ വിജയിച്ചു.
∙ ഒരു ഗ്രാൻസ്‌ലാം ടൂർണമെന്റിൽ കൂടുതൽ വിജയങ്ങളുടെ റെക്കോർഡും നദാലിന്. ഫ്രഞ്ച് ഓപ്പണിൽ 112 വിജയങ്ങൾ.
∙ 10 വർഷം തുടർച്ചയായി ഗ്രാൻസ്‍ലാം കിരീടം നേടിയ ഏക പുരുഷ താരം. 2005 മുതൽ 2014 വരെ എല്ലാ വർഷവും നദാൽ ഗ്രാൻസ്‍ലാം ജേതാവായിരുന്നു.