ADVERTISEMENT

‘സ്വപ്നങ്ങൾ പിന്തുടരുന്ന ഒരു കുട്ടിയിൽനിന്ന്, ആഗ്രഹിച്ചതിനേക്കാൾ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കിയ’ താരമെന്നു സ്വയം വിശേഷിപ്പിച്ച് ടെന്നിസ് കോർട്ടിലെ അവസാന പോരാട്ടവും പൂർത്തിയാക്കി കരിയർ അവസാനിപ്പിച്ച് ഇതിഹാസ താരം റാഫേൽ നദാൽ. ‘‘എന്റെ കിരീടങ്ങൾ, അവയുടെ എണ്ണം എല്ലാം ഇവിടെയുണ്ടാകും. പക്ഷേ മയോർക്കയെന്ന ഗ്രാമത്തിലെ ഒരു നല്ല മനുഷ്യനായി അറിയപ്പെടാനാണു ഞാന്‍ ആഗ്രഹിക്കുന്നത്. ഞാൻ സ്വപ്നം കണ്ടതിലും അധികം നേട്ടങ്ങൾ സ്വന്തമാക്കിക്കഴിഞ്ഞു. കുട്ടിയായിരിക്കുമ്പോൾ തന്നെ അമ്മാവനു കീഴില്‍ ടെന്നീസ് പരിശീലിക്കാൻ എനിക്കു സാധിച്ചു. ഓരോ നിമിഷത്തിലും എന്റെ കുടുംബം എനിക്കൊപ്പമുണ്ടായിരുന്നു.’’

കളിമൺ കോർട്ടിലെ രാജാവായ റാഫ 22 ഗ്രാൻഡ്സ്‍ലാം പുരുഷ സിംഗിൾസ് കിരീടമെന്ന നേട്ടവുമായാണ് കോർട്ട് വിടുന്നത്. ഗ്രാൻസ്‌‌ലാം സിംഗിൾസ് കിരീടനേട്ടത്തിൽ പുരുഷ താരങ്ങളിൽ നൊവാക് ജോക്കോവിച്ചിന് (24 ട്രോഫികൾ) മാത്രം പിന്നിലാണ് നദാൽ. ഫ്രഞ്ച് ഓപ്പണിൽ 14 പുരുഷ സിംഗിൾസ് കിരീടങ്ങളെന്ന റാഫയുടെ റെക്കോര്‍ഡിന് എതിരു നിൽക്കാൻ  ആളില്ല. യുഎസ് ഓപ്പണിൽ നാലും ഓസ്ട്രേലിയൻ ഓപ്പണിൽ രണ്ടും കിരീടങ്ങള്‍ താരം വിജയിച്ചു. 24–ാം വയസ്സിൽ കരിയർ ഗ്രാൻഡ് സ്‍ലാം വിജയിച്ച നദാൽ, ഓപ്പൺ എറയില്‍ ഈ നേട്ടം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ താരമായി. പിന്നീട് പുരുഷ സിംഗിൾസിൽ ഡബിൾ കരിയര്‍ ഗ്രാൻഡ് സ്‍ലാമിലും താരമെത്തി.

ആരാധകരെ അഭിവാദ്യം ചെയ്യുന്ന റാഫേൽ നദാൽ. Photo: X@DavisCup
ആരാധകരെ അഭിവാദ്യം ചെയ്യുന്ന റാഫേൽ നദാൽ. Photo: X@DavisCup

പവർ ഗെയിം

ടെന്നിസിലെ പവർ ഗെയിമിന്റെ വക്താവാണ് നദാൽ. റോജർ ഫെഡറർ, നൊവാക് ജോക്കോവിച് എന്നിവർക്കൊപ്പം ടെന്നിസിലെ ‘ബിഗ് ത്രീ’ താരങ്ങളിലൊരാളായി വാഴ്ത്തപ്പെട്ടവന്‍. ഫ്രഞ്ച് ഓപ്പണിലെ കളിമൺ കോർട്ടിൽ ഒന്നര പതിറ്റാണ്ടോളം നദാലിന്റെ ആധിപത്യമായിരുന്നു. 2005ൽ ആദ്യ വരവിൽ തന്നെ റൊളാങ് ഗാരോസിൽ കിരീടം ചൂടിയ നദാൽ 14 സിംഗിൾസ് കിരീടങ്ങളാണ് അവിടെ നിന്നു മാത്രം നേടിയത്. കളിച്ച 18 സീസണുകളിൽ നാലു തവണ മാത്രമാണ് നദാലിന് ഫ്രഞ്ച് ഓപ്പൺ നേടാനാവാതെ പോയത്. ആകെ 116 മത്സരങ്ങളിൽ 112 എണ്ണവും ജയിച്ച നദാൽ ഒരു ഫൈനലിൽ പോലും പരാജയപ്പെട്ടിട്ടില്ല. 2008 ബെയ്ജിങ് ഒളിംപിക്സിൽ സിംഗിൾസ് സ്വർണവും 2016 റിയോ ഒളിംപിക്സിൽ ഡബിൾസ് സ്വർണവും നേടിയ നദാൽ സ്പെയിൻ ടീമിനൊപ്പം നാലു തവണ ഡേവിസ് കപ്പും വിജയിച്ചു.

നദാൽ മത്സരത്തിനിടെ. Photo: FB@DavisCup
നദാൽ മത്സരത്തിനിടെ. Photo: FB@DavisCup

തുടക്കം, കുടുംബം

സ്പെയിനിലെ മയോർക്കയിലെ മനസോറിൽ ജനിച്ച നദാലിനെ മാതാവിന്റെ സഹോദരനായ ടോണി നദാലാണ് ടെന്നിസിലേക്കു കൊണ്ടു വന്നത്. 2004ൽ ഡേവിസ് കപ്പ് നേടിയതാണ് നദാലിന്റെ പ്രഫഷനൽ കരിയറിലെ ആദ്യ പ്രധാന കിരീടം. 14 വർഷം നീണ്ട സൗഹൃദത്തിനു ശേഷം 2019ലാണ് നദാൽ കൂട്ടുകാരിയായ മരിയ ഫ്രാൻസിസ്കോ പെരെല്ലോയെ വിവാഹം ചെയ്തത്. രണ്ടു വയസ്സുകാരനായ റാഫേൽ ജൂനിയർ മകനാണ്.

English Summary:

Rafael Nadal retired from professional tennis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com