ചുരുട്ടു വലിച്ച് കാപ്പിരി മുത്തപ്പന്റെ കാവൽ; ഫോർട്ട്കൊച്ചിയിലുണ്ടോ നിധി?
Mail This Article
നാട്ടുവെട്ടം മാത്രം കൂട്ടുണ്ടായിരുന്ന രാത്രികളിൽ മുതുക്കൻ മാവിന്റെ കൊമ്പിൽ പുകയിലച്ചുരുട്ടെരിയുന്നതിന്റെ മണം. മരത്തിൽ മാത്രമല്ല, മതിലിലും കാപ്പിരി മുത്തപ്പനെ കണ്ടവരുണ്ട്. ചുവന്ന കണ്ണും ചടച്ച ഉടലും. കള്ളു കുടിച്ച്, ചുരുട്ടു പുകച്ചു കാവലിരിക്കുന്ന കാപ്പിരികൾ. കരുണ കാട്ടാതെ പോയ യജമാനന്റെ നിധി കാത്ത്, അവനോ, അവന്റെ പിൻഗാമികളോ വരുംവരേക്കും ഉറങ്ങാതെ കാത്തിരിക്കുന്നവർ. പ്രീതിപ്പെടുത്തുന്നവർക്കു ചിലപ്പോൾ നിധിയുടെ പങ്കു പകരും, വഴിതെറ്റിയവരെ നേർവഴി നടത്തും.
യാഥാർഥ്യവും സങ്കൽപവും കലർന്ന കാപ്പിരി മിത്ത് കൊച്ചിക്കാർ താലോലിക്കാൻ തുടങ്ങിയിട്ടു മൂന്നര നൂറ്റാണ്ടെങ്കിലുമായിട്ടുണ്ടാവും. ഇന്നും കനൽ കെടാതെ ഒരു ചുരുട്ടെരിയുന്ന ഗന്ധം പഴയ കൊച്ചിക്കാരുടെ മനസ്സിലുണ്ട്. മുത്തപ്പൻ തറയിൽ ഇന്നും വിളക്കുകൾ തെളിയുന്നു. പൂക്കൾ അർപ്പിക്കുന്നു. നിധി മോഹിച്ചല്ല, നൂറ്റാണ്ടുകൾ പിന്തുടർന്ന വിശ്വാസം ആചാരം പോലെ നിവർത്തിക്കുന്നുവെന്നു മാത്രം.
എന്നാലും, ഫോർട്ട്കൊച്ചിയിൽ പഴയ കെട്ടിടം പൊളിക്കുമ്പോൾ, ആഴത്തിലൊരു കുഴിയെടുക്കുമ്പോൾ കൊച്ചിക്കാർ ഒന്നൊളിഞ്ഞു നോക്കും. ചെമ്പുകുടത്തിന്റെ കിലുക്കം കേൾക്കുന്നുണ്ടോ? ഭിത്തിയിൽ തലയറുത്ത കാപ്പിരിയുടെ അസ്ഥികൾ പൊള്ളിച്ചു ചോരയൊലിക്കുന്നുണ്ടോ?
മുത്തപ്പൻതറയിൽ കള്ളും ചുരുട്ടും കോഴിക്കറിയും നേദിച്ചു പ്രീതിപ്പെടുത്തി നിധി മോഹിച്ചവരെത്ര. പഴകി ദ്രവിച്ച മാപ്പുമായി ഫോർട്ട്കൊച്ചിയുടെ ചില പ്രദേശങ്ങളിൽ കുഴിച്ചുനോക്കാനൊരുങ്ങിയ വിദേശികളുമുണ്ടത്രെ. ഇതൊന്നും ആധികാരികമായി ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല. കൊച്ചിക്കാരിൽ ചിലർ നിമിഷ നേരം കൊണ്ടു സമ്പന്നരായി. അവരെ മുത്തപ്പൻ കാത്തതാണോ? അവർതന്നെ പറഞ്ഞാലേ സത്യം അറിയൂ. മുത്തപ്പൻതറയിൽ കോഴിയും മദ്യവും ചുരുട്ടും ഇന്നാരും കരുതിവയ്ക്കാറില്ല. എന്നിരുന്നാലും രാത്രികളിൽ അവിടെ വിളക്കു കെടാറില്ല.
∙ നിധി മോഹിച്ച തലമുറകൾ
നിധി മോഹിച്ച തലമുറകൾ കൊണ്ടുവന്നതാണു കാപ്പിരിയുടെ ഐതിഹ്യം. പോർച്ചുഗീസുകാർ കൊച്ചി വാണ കാലത്തു കൊച്ചിയിൽ അടിമ വ്യാപാരം ഉണ്ടായിരുന്നു. പോർച്ചുഗലിൽ നിന്ന് ആഫ്രിക്കയുടെ തീരം പറ്റി യമൻ വരെ കപ്പലുകൾ വരും. അവിടെനിന്നു കടൽ കുറുകെ കടന്നാൽ മലബാർ തീരമായി. ഇൗ യാത്രയിൽ കപ്പലിന്റെ തണ്ടു വലിക്കാനും പണിയെടുക്കാനും ആഫ്രിക്കയിൽ നിന്നു പിടിച്ചുകൊണ്ടു വന്നവരാവണം കാപ്പിരികൾ. അവിശ്വാസി എന്ന അർഥത്തിൽ കാഫിർ എന്ന പേരു മലയാളികൾ കാപ്പിരി ആക്കിയതാവണം. ഫോർട്ട്കൊച്ചിക്കു സമീപം തുരുത്തിയിൽ ഇവരെ കൂട്ടമായി പാർപ്പിച്ചു. അന്നതു കാപ്പിരിത്തുരുത്തെന്നാണ് അറിയപ്പെട്ടത്. ആ തുരുത്ത് തുരുത്തിയായി.
മലബാർ തീരത്തു വ്യാപാരം നടത്തി സമ്പാദിച്ച സമ്പത്തെല്ലാം ഒരു സുപ്രഭാതത്തിൽ പോർച്ചുഗീസുകാർ ഉപേക്ഷിച്ചു മടങ്ങി. മാനുവൽ കോട്ടയുടെ സുരക്ഷിതത്വത്തിലേക്കു ഡച്ചുകാർ പീരങ്കിയുണ്ടകൾ പായിച്ചപ്പോഴായിരുന്നു അത്. ഒന്നും കയ്യിലെടുക്കരുത്, ജീവൻ തിരിച്ചുതരാമെന്നു ഡച്ചുകാരുടെ കൽപ്പന.
അളവറ്റ സമ്പത്ത് ഉപേക്ഷിച്ചു പോകാൻ മനസ്സു വന്നില്ല. മരങ്ങൾക്കു ചുവട്ടിലും കെട്ടിടങ്ങളുടെ ഭിത്തികളിലും അവർ സമ്പത്ത് ഒളിപ്പിച്ചു ആ സമ്പത്തു കാക്കാൻ. വിശ്വസ്തരായ അടിമകളെ കഴുത്തറുത്ത് ഒപ്പം കുഴിച്ചിട്ടു. കാലങ്ങൾ കഴിഞ്ഞാലും യജമാനനോടുള്ള കൂറു വിടാതെ അവൻ നിധി കാക്കുമെന്നു കരുതി. തോൽക്കുന്ന ഒരു പോരാളിയും തിരിച്ചുവരില്ലെന്ന് ഉറപ്പിച്ചു പിൻമാറാറില്ല. പോർച്ചുഗീസുകാരനും അങ്ങനെതന്നെ. കൊച്ചി വിടേണ്ടിവന്ന പോർച്ചുഗീസുകാർ ചിലർ നാട്ടിലേക്കു പോയി. മിഷനറിമാരും ബിഷപ്പും ഉൾപ്പെടെ ബഹുഭൂരിഭാഗം പേരും വൈപ്പിനിലേക്കു രക്ഷപ്പെട്ടു. ഇന്നല്ലെങ്കിൽ നാളെ നിധി തിരിച്ചെടുക്കാമെന്ന മോഹത്തിൽ. നിധി കുഴിച്ചിട്ട സ്ഥലങ്ങൾ അവർ മാപ്പുകളിൽ രേഖപ്പെടുത്തിയിരുന്നു.
∙ കാപ്പിരിയുടെ പ്രേതം
കാപ്പിരി മുത്തപ്പനെ കണ്ടിട്ടുണ്ടെന്ന് ആണയിട്ട പലരും ഉണ്ട്. ചിലർ മരത്തിൽ, മറ്റു ചിലർ മതിലിൽ. രാത്രി സഞ്ചാരം വിലക്കാൻ മുത്തപ്പനെ ഒരു കഥയാക്കി വ്യാപകമായി പ്രചരിപ്പിച്ചിട്ടുണ്ട്. ചില വഴികളിലൂടെ പകൽപോലും നടക്കാൻ ആളുകൾ ഭയപ്പെട്ടിരുന്നു. എന്നിരുന്നാലും കാപ്പിരി പേടിപ്പിച്ചോടിച്ച കഥകൾ കുറവാണ്. റോസ് സ്ട്രീറ്റിലെ ഒരു പഴയ വീടിന്റെ ഭിത്തി പൊളിച്ചപ്പോൾ ചങ്ങല ബന്ധിച്ച നിലയിൽ അസ്ഥികൂടം കണ്ടിട്ടുണ്ടെന്നു മുൻ കൊച്ചി മേയറും ചരിത്രാന്വേഷിയുമായ കെ.ജെ. സോഹൻ പറയുന്നു. അതു കാപ്പിരിയുടേതാണോ, അതോ മറ്റുവല്ലവരുടേതുമാണോ എന്നു ശാസ്ത്രീയമായി ഉറപ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കാപ്പിരികളുടെ പ്രേതം കണ്ട പല മരച്ചോട്ടിലും മതിലിനരികിലും മുത്തപ്പൻ മാടങ്ങളുണ്ടായിരുന്നു. ഇന്ന് ഒന്നോ രണ്ടോ മാത്രം. നിധി കുഴിച്ചിട്ട സ്ഥലങ്ങളുടെ ചാർട്ട് പോർച്ചുഗീസുകാർ സൂക്ഷിച്ചിരുന്നുവെന്നും അതുമായി അവരുടെ അനന്തരാവകാശികൾ തിരികെ വന്നു നിധി കുഴിച്ചുകൊണ്ടുപോയെന്നും കഥകൾക്കു പഞ്ഞമില്ല. പോർച്ചുഗലിലെ ലിസ്ബൻ മ്യൂസിയത്തിൽ ഇത്തരം മാപ്പുകൾ ഇന്നും സൂക്ഷിച്ചിട്ടുണ്ടെന്നതാണു മറ്റൊരു കഥ. അതിന്റെ പകർപ്പുമായി ഇന്നും വിദേശികൾ നിധി തേടി എത്തുന്നുവത്രേ. ഇതൊക്കെ കഥകൾ മാത്രമാണ്, ചരിത്രത്തിന്റെ പിൻബലമില്ല.
∙ മരക്കൊമ്പുകളിൽ അവരുണ്ടോ?
നിധി കാത്താലും ഇല്ലെങ്കിലും കാപ്പിരികൾക്ക് എന്തു സംഭവിച്ചിട്ടുണ്ടാവും? പോർച്ചുഗീസുകാരെ കീഴടക്കി കൊച്ചിയിൽ ആധിപത്യം ഉറപ്പിച്ച ഡച്ചുകാർക്ക് അധികകാലം ഭരിക്കാനായില്ല. ബ്രിട്ടിഷുകാർക്കു മുൻപിൽ അവർ കീഴടങ്ങി. കീഴടങ്ങൽ ഉടമ്പടിയിൽ ഡച്ചുകാർ ചില വ്യവസ്ഥകൾ വച്ചു. അനാഥാലയങ്ങൾ, ആശുപത്രികൾ സംരക്ഷിക്കണം. അടിമകളെ സംരക്ഷിക്കണം. മുന്നൂറോളം അടിമകൾ അക്കാലത്തു കൊച്ചിയിൽ ഉണ്ടായിരുന്നുവെന്നാണു കരുതുന്നത്.
പക്ഷേ, അടിമ സംരക്ഷണം ബ്രിട്ടിഷുകാർക്കു സ്വീകാര്യമായില്ല. അവർ അടിമത്തത്തിന് എതിരായിരുന്നു. കൊച്ചിയിലെ കാപ്പിരികൾ അങ്ങനെ സ്വതന്ത്രരായി. ചിലർ ഇവിടെത്തന്നെ താമസിച്ചു നാട്ടുകാരായിത്തീർന്നിരിക്കാം. ചിലർ സ്വന്തം വേരുകളുടെ തണൽേതടി തിരിച്ചുപോയിരിക്കാം. ചിലപ്പോൾ ചിലർ, യജമാനൻമാരെ തേടി വൈപ്പിനിലേക്കും പോയിട്ടുണ്ടാവാം. തിരിച്ചുപോകാൻ കഴിയാഞ്ഞ ചിലരുണ്ട്, യജമാനൻമാരുടെ നിധികുംഭത്തിനു കാവലിനു നിയോഗിക്കപ്പെട്ടവർ, നിധികാക്കാൻ ബലികഴിക്കപ്പെട്ടവർ, ആത്മാക്കളായവർ...
ഇന്നും മരക്കൊമ്പുകളിൽ അവർ ഉണ്ടായിരിക്കാം, ചുരുട്ടിന്റെ മണം നമ്മൾ അറിയാത്തതാവും. കടൽക്കാറ്റിൽ, ഉപ്പു പൊതിഞ്ഞ അവരുടെ വിയർപ്പും കലർന്നിട്ടുണ്ടാവാം. നടന്നുപോകുന്ന വഴിയരികിൽ, കാലൊന്ന് അമർത്തിച്ചവിട്ടുമ്പോൾ എന്തെങ്കിലും ഒരു കിലുക്കമുണ്ടോ? ബലികഴിക്കപ്പെട്ട കാപ്പിരിയുടെ കരച്ചിലുണ്ടോ?