ADVERTISEMENT

ഇന്ത്യൻ വാസ്തുശാസ്ത്രത്തിന്റെ ക്ലാസിക് മാതൃകകളിലൊന്നാണ് ‘ജറോഖകൾ’. തെരുവിലേക്കു തള്ളി നിൽക്കുന്ന, തടികൊണ്ടോ ഇരുമ്പ് കൊണ്ടോ ലാറ്റിസ് രൂപകല്പനയിൽ നിർമിച്ച ചെറിയ ജനാലവാതിലാണ് ജറോഖ എന്നറിയപ്പെടുന്നത്. ജയ്‌പുരിലെ ഹവാമഹലിൽ ഇത്തരം 953 ജറോഖകളുണ്ടെന്നാണ് കണക്ക്. ഹവാ മഹലിന്റെ മുഖ്യ ആകർഷണവും ഇതു തന്നെ. വായു സഞ്ചാരത്തെ പരമാവധി കെട്ടിടത്തിനുള്ളിലേക്ക് എത്തിക്കുക എന്നതാണ് ജറോഖകളുടെ പ്രാഥമിക ധർമമെങ്കിലും, തെരുവുകളിൽ നടക്കുന്ന ആഘോഷങ്ങളിൽ നേരിട്ട് പങ്കെടുക്കാൻ ‘അവകാശമില്ലാത്ത സ്ത്രീകൾക്ക് അവ കാണാൻ അവസരമൊരുക്കുക എന്ന ലക്ഷ്യവും ഇവയ്ക്കുണ്ട്.

camera-2
മിനുട് ക്യാമറയ്ക്ക് പോസ് ചെയ്യുന്ന ടീക്കാം ചന്ദ് പഹാഡിയ

1942 മുതൽ ആ 953 ജോറാഖകൾ ഫ്രെയിം ചെയ്തത്, ആഘോഷങ്ങൾക്കിടയിലൂടെ 24 കിലോയോളം ഭാരമുള്ള മിനുട് ക്യാമറയുമേന്തി നടന്നു പോകുന്ന ഒരു ചെറുപ്പക്കാരനെയാണ്. ജയ്പുർ രാജാവിന്റെ ഒഫീഷ്യൽ ഫൊട്ടോഗ്രഫർ പഹാഡി മാസ്റ്ററുടെ മകൻ മോഹൻലാൽ മാസ്റ്ററായിരുന്നു അയാൾ. ജയ്പുർ തെരുവുകളുടെ മുഖങ്ങൾക്കിടയിൽ, 1860 ൽ നിർമിച്ച ആ ജർമൻ മാജിക് ബോക്സുമായി 35 വർഷക്കാലം അദ്ദേഹം ജീവിച്ചു.

camera-3
ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നവർക്ക് നിര്‍ദേശം നൽകുന്ന ടീക്കാം ചന്ദ് പഹാഡിയ

തലമുറകൾ പഹാഡി മാസ്റ്ററിൽനിന്നു മോഹൻലാൽ മാസ്റ്ററിലേക്കും അവിടുന്ന് ടീക്കാം ചന്ദിലേക്കും എത്തി നിൽക്കുമ്പോഴേക്ക് നൂറ് വർഷങ്ങൾ കടന്നു പോയിരിക്കുന്നു, ഒപ്പം സാങ്കേതികതയും. ബോക്സ് ക്യാമറയിൽനിന്ന്‌ ഫിലിം ക്യാമറയിലേക്കും പിന്നീട് ഡിജിറ്റൽ ക്യാമറയിലേക്കും മാറിയെങ്കിലും, മുത്തച്ഛന്റെയും അച്ഛന്റെയും ഓർമകളെ പ്രോസസ് ചെയ്യാൻ ടിക്കാം ചന്ദിന് ഉദ്ദേശ്യമില്ല.

camera-4

ക്യാമറ വെളിച്ചം സ്വപ്നമായി നിന്നിരുന്ന സാധാരണക്കാരുടെ ജീവിതത്തിൽ, സർക്കാർ അപേക്ഷകൾ, പാസ്പോർട്ട് എന്നിവയിലേക്കുള്ള ഫോട്ടോ പകർത്തലിലേക്കും അവിടുന്ന് ആഘോഷങ്ങളിലേക്കും വന്ന ക്യാമറകളും ഫോട്ടോകളും പിന്നീട് നിത്യജീവിതത്തിന്റെ ഭാഗമായത് 100 വയസ്സിനു മുകളിൽ പ്രായമുള്ള ആ ബോക്സ് ക്യാമറ ആശ്ചര്യത്തോടെ കണ്ടു നിന്നു. 

camera-5
ടീക്കാം ചന്ദ് പഹാഡിയ താൻ എടുത്ത ഫോട്ടോകൾക്ക് മുമ്പിൽ

ഫ്രാൻ‌സിൽനിന്നു വരേണ്ട അസംസ്‌കൃത വസ്തുക്കളും ഡിജിറ്റൽ ഫൊട്ടോഗ്രഫിക്കുള്ള സ്വീകാര്യതയും പഹാഡിയുടെ ജീവിതത്തിൽ വെല്ലുവിളികളുടെ ഫംഗസ് തീർക്കുന്നുണ്ടെങ്കിലും, ലോകത്തിലേ ശേഷിക്കുന്ന ഏക പ്രഫഷനൽ മിനുട് ക്യാമറ ഫൊട്ടോഗ്രഫർ അഭിമാനത്താൽ സമ്പന്നനാണ്!

camera-6
മിനുട് ക്യാമറ

മുത്തച്ഛനും അച്ഛനും തനിക്കുമുള്ള ക്യാമറ സൗഹൃദം, ടീക്കാം ചന്ദ് പഹാഡിയയെ നല്ലൊരു ക്യാമറ ഡോക്ടർ ആക്കി മാറ്റിയിട്ടുണ്ടെന്നതും തെല്ലൊരാശ്വാസമാണ്.

camera-7
മിനുട് ക്യാമറയിലെടുത്ത ഫോട്ടോകളുമായി ടീക്കാം ചന്ദ് പഹാഡിയ

സ്വത്വം നഷ്ടപ്പെട്ട ഫൊട്ടോഗ്രഫി  സമ്മാനിക്കുന്നത് ജീവനില്ലാത്ത ചിത്രങ്ങളാണെന്ന് ടിക്കാം ചന്ദ് പറയുമ്പോൾ അദ്ദേഹത്തിന് ശേഷമുള്ള തലമുറ ഇത്‌ അംഗീകരിക്കുന്നില്ല. രാജാവും രാജ്‍ഞിയുമില്ലാത്തൊരു നാട്ടിൽ ഈ ക്യാമറയിൽ ആരെ പകർത്തുമെന്നും അവർ സംശയിക്കുന്നു.

camera-8
ടീക്കാം ചന്ദ് പഹാഡിയ ഫോട്ടോ കാണിച്ചു കൊടുക്കുന്നു

ഇടയ്ക്ക് പീരീഡ്‌ സിനിമകളിലും സെലിബ്രറ്റികൾക്കു വേണ്ടിയും ക്യാമറ മുഖം കാണിച്ചതൊഴിച്ചാൽ പഹാഡിയുടെ ജീവിതം അണ്ടർ എക്സ്പോസ്ഡ് ആണ്.

camera-9
ടീക്കാം ചന്ദ് പഹാഡിയ ഫോട്ടോ എടുക്കാൻ തയാറാകുന്നു

എങ്കിലും ഹവാ മഹൽ പരിസരത്ത് മൊബൈൽ ക്യാമറകൾക്കിടയിൽ ടീക്കാം ചന്ദിനെ കാണുമ്പോൾ ജീവിതത്തെക്കുറിച്ച് ചോദിക്കുന്നവരോട് അദ്ദേഹം പറയും, 'മേം ടീക്ക് ഹും, മേരാ ക്യാമറ ഭീ ടീക്ക് ഹും!'

camera-10
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com