ജീവൻലാലിന്റെ ചിത്രപ്രദർശനം ‘അവതാർ’ കോട്ടയം ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ
Mail This Article
പ്രശസ്ത ചിത്രകാരനും ശിൽപിയുമായ ജീവൻലാലിന്റെ ചിത്രശിൽപങ്ങളുടെ പ്രദർശനം കോട്ടയത്തെ കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിച്ചു. ജീവൻലാലിന്റെ ‘അവതാര്‍’ സീരീസിലുള്ള അൻപതിലേറെ രചനകളാണ് പ്രദർശനത്തിനുള്ളത്. കൃഷ്ണനും ബുദ്ധനും ക്രിസ്തുവും പുരാണേതിഹാസങ്ങളിലെ ദേവീദേവന്മാരും നിറയുന്ന മനോഹര ചിത്രങ്ങളാണ് സീരിസിന്റെ പ്രത്യേകത.
10 വർഷങ്ങളായി ഇതിന്റെ പണിപ്പുരയിലായിരുന്നു ജീവൻലാൽ. ആകാശസീമയിൽ നിന്നും ഭൂമിയിലേക്കിറങ്ങി വരുന്ന അവതാരരൂപങ്ങളുടെ ശിരസ്സിന് വിശദാംശം കൊടുത്തുള്ള സവിശേഷ രചനാ രീതിയാണ് അവതാർ സീരീസിൽ സ്വീകരിച്ചിട്ടുള്ളത്. പ്രദർശനം സെപ്റ്റംബര്‍ 27 ന് സമാപിക്കും.
50 വർഷങ്ങളായി ചിത്രകലാരംഗത്ത് സജീവമാണ് ജീവൻലാൽ. ഭാരതീയ ചിത്രകലാ പാരമ്പര്യത്തിൽ നിന്നും ഊർജം ഉൾകൊണ്ടുള്ള ചിത്രങ്ങളാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ശ്രീനാരായണഗുരുവിന്റെ നിർദ്ദേശപ്രകാരം കൊൽക്കത്ത സ്കൂൾ ഓഫ് ആർട്ട്സിൽ നിന്നും ചിത്രകല പഠിച്ച ശ്രീ. രാമന്‍മാസ്റ്റർ സ്ഥാപിച്ച കൊച്ചിൻ സ്കൂൾ ഓഫ് ആർട്ടിലായിരുന്നു ജീവൻലാലിന്റെ ചിത്രകലാപഠനം. രാമൻമാസ്റ്ററുടെ മക്കളും പ്രസിദ്ധ ചിത്രകാരുമായ എം.ആർ.ഡി.ദത്തനും ബാബുറാമും ആയിരുന്നു ജീവന്‍ലാലിന്റെ ഗുരുക്കന്മാർ. ഡിപ്ലോമ നേടിയശേഷം ശേഷം ദീർഘകാലം ഡൽഹിയിലെ പവിലിയൻസ് ആന്റ് ഇന്റീരിയേഴ്സിൽ പ്രധാന ശിൽപ–ചിത്രകാരനായി പ്രവർത്തിച്ചു. പ്രഗതി മൈതാനിൽ നടക്കുന്ന രാജ്യാന്തര വ്യാപാരമേളയിലെ വിവിധ പവിലിയനുകൾക്കുവേണ്ടി ജീവൻലാൽ ചെയ്ത ചിത്ര–ശിൽപങ്ങൾ വളരെ ആകർഷകങ്ങളായിരുന്നു. ഇന്ത്യയിലെ വിവിധ ഇടങ്ങളിലും പൊതുസ്ഥാപനങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലും വ്യക്തികളുടെ കലാശേഖരങ്ങളിലുമെല്ലാം ജീവൻലാലിന്റെ നിരവധി രചനകൾ സ്ഥാനം നേടിയിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ ഫ്രാൻസിലാണ് ജീവന്‍ലാലിന്റെ കൂടുതൽ രചനകളും ഇടം പിടിച്ചത്.