75 രൂപ സംഭാവന; പ്രതിരോധിക്കാൻ സേന; ‘കമ്യൂണിസ്റ്റ് പാർട്ടി സിന്ദാബാദ്’; നടുക്കിയ ആ നാടകം
Mail This Article
ചവറ തട്ടാശ്ശേരിയിലെ സുദർശനാ ടാക്കീസിന്റെ 24 അടിവരുന്ന സ്റ്റേജിൽ നിന്ന് 1952 ഡിസംബർ ആറിന് രാത്രി ഒമ്പതിനാണ് മണ്ണിന്റെ മണവും വിയർപ്പിന്റെ ഗന്ധവും കണ്ണീരിന്റെ ഉപ്പും വിപ്ലവത്തിന്റെ വീര്യവും ചേർന്ന ഒരുകൂട്ടം കഥാപാത്രങ്ങൾ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകത്തിൽ നിന്നിറങ്ങി ജനമനസ്സുകൾക്കൊപ്പം നടന്നത്. നേർക്കു നേരെ നിന്നു തങ്ങൾ പലതവണ പലരോടും പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ ഗോപാലനും മാത്യുവും മാലയും ഒടുവിലാണെങ്കിലും പരമുപിള്ളയും നെഞ്ചുവിരിച്ചു നിന്ന് പറയുന്നത് കണ്ടും കേട്ടും ഇരുപ്പുറയ്ക്കാതിരുന്ന കാണികൾ നാടകം നൽകിയ ആത്മവിശ്വാസത്തിൽ മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ച് നാട്ടിലേക്കിറങ്ങുകയായിരുന്നു. കേരളത്തിൽ മാറ്റത്തിന്റെ വലിയൊരു കൊടുങ്കാറ്റ് ആ നാടകത്തിനൊപ്പം വീശി. മനുഷ്യമനസ്സുകളെ ഉഴുതുമറിച്ച് നാടിന്റെ സാമൂഹിക സങ്കൽപ്പങ്ങളെ മാറ്റിയെഴുതാൻ നിലമൊരുക്കിയ നിങ്ങളെന്നെ കമ്യുണിസ്റ്റാക്കി ഇന്ന് എഴുപതിലെത്തി നിൽക്കുന്നു. ജനമനസ്സിൽ കർട്ടൻ ഉയർത്തി വലിയ കാര്യങ്ങൾ അന്നു മുതൽ പറഞ്ഞു തുടങ്ങിയ നാടകം ഇനിയും ഓടിത്തീർന്നിട്ടില്ല. ചരിത്രത്തിലൂടെ നിർത്താതെയുള്ള ആ നാടക വണ്ടിയുടെ ഓട്ടം തുടങ്ങുന്നത് ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്തെ തോപ്പിൽ തറവാട്ടിൽ നിന്നാണ്... തോപ്പിൽ ഭാസിയുടെ ഒളിവു ജീവിതത്തിൽ നിന്നാണ്.