എവിടെനിന്നാണ് സാന്താ ക്ലോസ് വരുന്നത്? ഗവേഷകർ പറയുന്നു: ‘ഞങ്ങൾ കണ്ടെത്തി യാഥാർഥ്യം’
Mail This Article
മാനുകൾ വലിക്കുന്ന മഞ്ഞുവണ്ടിയിൽ, മഞ്ഞോളം വെളുത്ത താടിയുമായി, ചുവന്ന കോട്ടും തൊപ്പിയും ധരിച്ച്, കുട്ടികൾക്കുള്ള സമ്മാനങ്ങളുടെ ഭാണ്ഡവുമായി വരുന്ന സാന്താക്ലോസ് ക്രിസ്മസിന്റെ മുഖചിത്രമാണ്. ക്രിസ്മസ് അപ്പൂപ്പന്റെ വരവും കാത്ത് കുട്ടികൾ ഇരുളിലേക്കു കണ്ണെറിയാറുണ്ട്. വീടിനു വെളിയില്‍ കൊച്ചുമണിനാദം കേൾക്കുന്നുണ്ടോയെന്നു ചെവി കൂർപ്പിക്കാറുണ്ട്. സാന്താക്ലോസ് ഒരു കെട്ടുകഥ മാത്രമാണെന്നും അതല്ല ജീവിച്ചിരുന്ന വ്യക്തിയാണെന്നും കാലങ്ങളായുള്ള തർക്കമാണ്. കുഞ്ഞുങ്ങൾക്കു പക്ഷേ, അദ്ദേഹം മരണമില്ലാത്തവനാണ്. അവർക്കിടയിൽ ഒരു സർവേ നടത്തിയാൽപ്പോലും ഭൂരിപക്ഷവും പറയും–സാന്താക്ലോസ് യഥാർഥത്തിൽ ഉണ്ടെന്ന്. എന്നാൽ അടുത്തകാലത്ത് കേള്‍ക്കുന്ന ചില വാർത്തകൾ വെളിച്ചംവീശുന്നത് ഈ നാടോടിക്കഥള്‍ക്കു പിന്നിൽ ജീവിച്ചിരുന്ന ഒരു വ്യക്തിയുണ്ടെന്നാണ്. 16,000 വർഷങ്ങൾക്കു മുൻപു സാന്താക്ലോസ് മരിച്ചുപോയെന്നും അദ്ദേഹത്തിന്റെ യഥാർഥ ശവകുടീരം കണ്ടെത്തിയിരിക്കുന്നു എന്നും അവകാശപ്പെടുന്നത് തുർക്കിയിലെ ഒരു കൂട്ടം പുരാവസ്തു ഗവേഷകരാണ്. എന്നാൽ കുട്ടികളോട് ഈ കഥ പറയരുത്, കാരണം അവരുടെ സ്വപ്നങ്ങളിൽ സാന്താക്ലോസ് മരണമില്ലാത്തവനാണ്. അതുകൊണ്ടുതന്നെ ശാസ്ത്രത്തിന്റ ഈ വെളിപ്പെടുൽ അവർ വിശ്വസിക്കില്ല. അഥവാ പറഞ്ഞാൽ തന്നെ അവരുടെ മറുപടി, കണ്ടെത്തിയിരിക്കുന്നത് വിശുദ്ധ നിക്കൊളാസിന്റെ ഭൗതിക അവശിഷ്ടമാണ്, അതൊരിക്കലും ഞങ്ങളുടെ സാന്താക്ലോസിന്റേതല്ല എന്നായിരിക്കും.