ADVERTISEMENT

സാധാരണ അച്ചൻമാരെ പള്ളിമേടകളിലാണു കാണുന്നതെങ്കിൽ ഈ അച്ചനെ നമ്മൾ കൂടുതലും കണ്ടിരിക്കുന്നതു യുട്യൂബിലാണ്. സാധാരണ ക്രിസ്ത്യാനികൾ വർഷത്തിൽ ഒന്നോ രണ്ടോ തവണ ധ്യാനം കൂടുമെങ്കിൽ ഈ അച്ചന്റെ ധ്യാനപ്രസംഗം ദിവസവും എടുത്തു കാണുന്നവരുണ്ട്. ഡിപ്രഷനും ടെൻഷനുമൊക്കെ അടിച്ചിരിക്കുന്നവർ പോലും അച്ചന്റെ രണ്ടു തമാശ കേട്ടാൽ മതി, ആകെമൊത്തമൊന്നു കൂളാകും. കാപ്പിപ്പൊടിയച്ചൻ എന്നും ചിരിയച്ചൻ എന്നുമൊക്കെ നമ്മൾ പേരിട്ടു വിളിക്കുന്ന ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ ന്യൂജെൻ കുട്ടികൾക്കു വരെ ആവേശമാണ്. ‘‘അച്ചാ രണ്ട് തമാശ പറയ്’’ എന്ന് ആർക്കും സ്വാതന്ത്ര്യത്തോടെ പറയാവുന്നത്ര അടുപ്പമുള്ള ഒരാൾ. ഇടുക്കിയിലെ വലിയ തോവാള എന്ന കൊച്ചു ഗ്രാമത്തിൽ ജനനം. സാധാരണ ആൺകുട്ടികൾ പത്താം ക്ലാസിനു ശേഷം സെമിനാരി പഠനത്തിനു ചേരുമ്പോൾ ഇദ്ദേഹം സെമിനാരിയിൽ ചേർന്നതു കോളജ് പഠനത്തിനു ശേഷം. അഞ്ച് മക്കളിൽ ഏറ്റവും ഇളയവൻ ആയതുകൊണ്ടും മൂത്ത രണ്ട് സഹോദരങ്ങൾ ചെറുപ്പത്തിലേ മരിച്ചതുകൊണ്ടും മകന്റെ സെമിനാരി പഠനത്തെ മാതാപിതാക്കൾ അത്ര പ്രോത്സാഹിപ്പിച്ചില്ല. കോളജ് പഠനം കഴിഞ്ഞും തീരുമാനത്തിൽ മാറ്റമില്ലെങ്കിൽ സെമിനാരിയിൽ ചേർന്നോളൂ എന്ന് അനുമതിയും കൊടുത്തു. കഥാപ്രസംഗം ആയിരുന്നു അന്നു ഹരം. കൂട്ടിനു രാഷ്ട്രീയവും. കിലോമീറ്ററുകൾ നടന്നാണ് അന്ന് കുട്ടികൾ കോളജിൽ എത്തിയിരുന്നത്. കട്ടപ്പയിലെ കുന്നിൻമുകളിലിരിക്കുന്ന കോളജ് താഴെ എത്തിക്കാൻ അന്നു നടന്ന സമരത്തിൽ സ്ഥിരം സാന്നിധ്യമായിരുന്നു. കഥപറഞ്ഞും രാഷ്ട്രീയം കളിച്ചും സമരം നയിച്ചുമൊക്ക പയ്യൻ മിന്നും താരമായി. അന്നത്തെ വിളച്ചിലുകളൊക്കെ ഇന്ന് യൂട്യൂബിൽ താരമാകാൻ സഹായകമായെന്ന് അച്ചൻ പറയുന്നു. വൈദികനായില്ലായിരുന്നെങ്കിൽ രാഷ്ട്രീയക്കാരനാകുമായിരുന്നു എന്ന് ഉറപ്പിച്ചു പറയുന്ന ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ ‘മനോരമ ഓൺലൈൻ പ്രീമിയത്തിൽ’ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു, ഒരു ചെറുപുഞ്ചിരിയോടെ. കാണാം ക്രിസ്മസ് സ്പെഷൽ അഭിമുഖം...

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com