‘‘നിങ്ങളും വരൂ, നമുക്കൊരു നാടകം കളിക്കാം’’; രംഗചേതനയിൽ ഇന്നും കെടാതെ ആ തീപ്പന്തം
Mail This Article
നിങ്ങളെ ഞങ്ങൾ നാടകം കളിക്കുന്നവരാക്കിമാറ്റാം എന്ന് ആശംസിച്ച് കൈ കൊടുക്കുന്നത് തൃശൂർ രംഗചേതനയാണ്. ആ കൈകളിൽ പിടിച്ച് അരങ്ങിൽ കയറിയവരിൽ കുട്ടികളുണ്ട്, തൊഴിലാളികളുണ്ട്, എൻജിനീയർമാരുണ്ട്, സർക്കാർ ജീവനക്കാരുണ്ട്, മാനസിക വെല്ലുവിളി നേരിടുന്നവരുണ്ട്, ആദിവാസികളുണ്ട്... ജീവിതത്തിന്റെ സമസ്തമേഖലകളിലും പെട്ടവരുണ്ട്. വമ്പൻ തിയറ്റർ ഗ്രൂപ്പുകളുടെ പ്രകടനങ്ങൾകണ്ട് വേദിക്കുമുന്നിൽ അമ്പരന്നിരിക്കുന്ന നാടകപ്രേമിയോട്, വരൂ.. നിങ്ങൾക്കും നാടകത്തിൽ ഇടമുണ്ടെന്നു പറഞ്ഞ് അരങ്ങിന്റെ അകം കാണിക്കുകയാണ് രംഗചേതനയെന്ന നാടകസംഘം. ആർക്കും ഇവരോടൊപ്പം ചേരാം. അംഗത്വ ഫീസില്ല, വലുപ്പചെറുപ്പമില്ല - ഒരു നിബന്ധന മാത്രം - നാടകത്തോടു പ്രണയമുണ്ടാകണം. നാടകം എല്ലാ ജനവിഭാഗങ്ങൾക്കുമുള്ളതാണെന്ന ബോധ്യത്തോടെ 43 വർഷം പിന്നിടുമ്പോൾ മാർച്ച് 27ന്, ഈ ലോകനാടകദിനത്തിൽ, രംഗചേതന ഓർമിപ്പിക്കുന്നത് നാടകത്തിലെ സോഷ്യലിസത്തെക്കുറിച്ചാണ്. അരങ്ങിൽ എല്ലാവർക്കും ഇടംവേണമെന്നതിനെക്കുറിച്ചാണ്. വർഷങ്ങൾ നീണ്ട സജീവ പ്രവർത്തനം രംഗചേതനയെ പഠിപ്പിച്ചത് ഈ നിലപാടാണ് - അരങ്ങിടം എല്ലാവർക്കും അവകാശപ്പെട്ടതാണ്...!