ADVERTISEMENT

വൃത്തിയും ആരോഗ്യവും സൗന്ദര്യവുമുള്ള ചർമം പലരുടെയും സ്വപ്നമാണ്. പക്ഷേ തിരക്കുപിടിച്ച ജീവിത സാഹചര്യങ്ങൾ, അന്തരീക്ഷ മലിനീകരണം, സൂര്യതാപം എന്നിങ്ങനെയുള്ള പല കാരണങ്ങൾ കൊണ്ട് ചർമം എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ കഴിയണമെന്നില്ല. മുഖക്കുരു, കറുത്ത പാടുകൾ, കരുവാളിപ്പ് മുതലായ ചർമപ്രശ്നങ്ങൾ ഒരുപാടുപേരെ അലട്ടാറുണ്ട്. ഈ പ്രശ്നങ്ങളെ ഇല്ലാതാക്കി തിളക്കമുള്ള ചർമം സ്വന്തമാക്കാൻ സഹായിക്കുന്ന ചില ഹോംമെയ്ഡ് ഫെയ്സ്പാക്കുകളിതാ.

ആര്യവേപ്പ്–കടലമാവ്– തൈര് ഫെയ്സ്പാക്ക്

കുറച്ച് ആര്യവേപ്പില, ഒരു ടേബിൾ സ്പൂൺ കടലമാവ്, ഒരു ടേബിൾ സ്പൂൺ തൈര് എന്നിവയാണ് ഈ ഫെയ്സ്പാക്ക് തയാറാക്കാൻ ആവശ്യമുള്ള വസ്തുക്കൾ. ഒരു ബൗളിൽ അൽപം തൈരെടുത്ത് ഒരു ടേബിൾ സ്പൂൺ കടലമാവ് ചേർത്ത് നന്നായി ഇളക്കണം. ആ മിശ്രിതത്തിലേക്ക് നന്നായി അരച്ചെടുത്ത ആര്യവേപ്പില ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം ആ മിശ്രിതം മുഖത്തു പുരട്ടി പത്തോ പതിനഞ്ചോ മിനിറ്റു കഴിഞ്ഞ് തണുത്ത വെള്ളമുപയോഗിച്ച് കഴുകാം. തൈര് ചർമത്തെ മൃദുലമാക്കുകയും ചർമത്തിന് ആവശ്യമായ മോയ്സചറൈസിങ് പ്രദാനം ചെയ്യുകയും ചെയ്യുമ്പോൾ ആര്യവേപ്പില ചർമത്തിന് തിളക്കം സമ്മാനിക്കുന്നതോടൊപ്പം അതിലടങ്ങിയിരിക്കുന്ന ആന്റിസെപ്റ്റിക് ഘടകങ്ങൾ ചർമത്തിന് സംരക്ഷണമേകുകയും ചെയ്യുന്നു.

കുങ്കുമപ്പൂ– ബദാം– തേൻ ഫെയ്സ്പാക്ക്

നാലഞ്ചു ബദാം തലേദിവസം രാത്രിയിൽ വെള്ളത്തിലോ പാലിലോ കുതിർത്തു വച്ചത്, ഒരു ടീസ്പൂൺ തേൻ, ചൂടുപാലിൽ കുതിർത്ത കുങ്കുമപ്പൂ, ഒരു ടീ സ്പൂൺ നാരങ്ങാ നീര് ഇത്രയും ചേരുവകളാണ് ഈ ഫെയ്സ്പാക്ക് തയാറാക്കാൻ വേണ്ടത്. കുതിർത്തുവച്ച ബദാം നന്നായി അരച്ചെടുക്കുക. കുങ്കുമപ്പൂ കുതിർത്തു വച്ച പാലും തേനും നാരങ്ങാനീരും ഈ മിശ്രിതത്തിലേക്ക് ചേർക്കുക. ഇവ നന്നായി യോജിപ്പിച്ച ശേഷം മുഖം മുഴുവൻ നന്നായി പുരട്ടുക. പത്തു പതിനഞ്ചു മിനിറ്റ് അതുതുടരുക. മിശ്രിതം മുഖത്തിരുന്ന് നന്നായി ഉണങ്ങുമ്പോൾ തണുത്ത വെള്ളത്തിലോ തണുത്ത പാലിലോ മുക്കിയ കോട്ടൺ പാഡ് ഉപയോഗിച്ച് മുഖം തുടയ്ക്കുക. ഇത് ചർമത്തിന് തിളക്കം സമ്മാനിക്കും. കുങ്കുമപ്പൂ ചർമകാന്തി വർധിപ്പിക്കുകയും കറുത്ത പാടുകളെ അകറ്റുകയും ചെയ്യുമ്പോൾ തേൻ ചർമത്തിന് മുറുക്കം സമ്മാനിക്കുന്നു. ബദാമും നാരങ്ങാനീരും മൃതകോശങ്ങളെ അകറ്റുന്നു. ഇതിലൂടെ ചർമം കൂടുതൽ തെളിമയുള്ളതും സുന്ദരവുമാകുന്നു.

ഏത്തപ്പഴം– തൈര് ഫെയ്സ്പാക്ക്

ഒരു ഏത്തപ്പഴം തൊലികളഞ്ഞ് നന്നായി ഉടച്ചെടുത്തത്, ഒരു ടേബിൾ സ്പൂൺ തൈര്, ഒരു ടേബിൾ സ്പൂൺ തേൻ, ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് ഇത്രയുമാണ് ഈ ഫെയ്സ്പാക്ക് തയാറാക്കാൻ വേണ്ട ചേരുവകൾ.

ഒരു ബൗളിൽ ഉടച്ചെടുത്ത ഏത്തപ്പഴവും തൈരും ചേർത്ത് നന്നായി യോജിപ്പിക്കുക. അതിലേക്ക് തേനും നാരങ്ങാനീരും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തിലും കഴുത്തിലും പുരട്ടി ഉണങ്ങുമ്പോൾ കഴുകിക്കളയുക. നാരങ്ങ പ്രകൃതിദത്തമായ ഒരു ബ്ലീച്ചിങ് ഏജന്റായതുകൊണ്ട് അത് ചർമത്തിന് തിളക്കം സമ്മാനിക്കും. ഏത്തപ്പഴവും ചർമത്തിന് തിളക്കം വർധിക്കാൻ സഹായിക്കുന്നു. ഏത്തപ്പഴത്തിന്റെ തൊലി പല്ലുവെളുക്കാനും നല്ലതാണ്. തൈര് നല്ലൊരു മോയ്സചറൈസറായതിനാൽ അത് ചർമത്തിന്റെ മൃദുത്വം നിലനിർത്താൻ സഹായിക്കുന്നു.

English Summary : Home made facepacks for healthy skin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com