ആരോഗ്യം മാത്രമല്ല തിളക്കമുള്ള ചർമവും ; മാതളനാരങ്ങ ഉപയോഗിക്കേണ്ടത് ഇങ്ങനെ
Mail This Article
ആരോഗ്യമുള്ള ശരീരം സ്വന്തമാക്കാൻ മാത്രമല്ല ചർമ സംരക്ഷണത്തിനും ഉത്തമമാണ് മാതളനാരങ്ങ. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിക്കാൻ മാതളനാരങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ഡോക്ടർമാർ നിർദേശിക്കാറുണ്ട്. സൗന്ദര്യസംരക്ഷണത്തിന് മാതളനാരങ്ങ എങ്ങനെ ഉപകാരപ്പെടുമെന്ന് നോക്കാം.
ഒരു മാതളനാരങ്ങയെടുത്ത് അല്ലികളടർത്തി മാറ്റിവയ്ക്കുക. ഒരു സ്പൂൺ ചെറുനാരങ്ങാനീര് ചേർത്ത് അത് നന്നായി അരച്ചെടുക്കുക. പേസ്റ്റ് രൂപത്തിലാകുമ്പോൾ മുഖം മുഴുവൻ പുരട്ടി അരമണിക്കൂർ കാത്തിരിക്കുക. മിശ്രിതം മുഖത്ത് നന്നായി പിടിച്ചു കഴിയുമ്പോൾ തണുത്ത വെള്ളമുപയോഗിച്ച് കഴുകുക. മുഖകാന്തി വർധിക്കാനുള്ള നല്ലൊരു മാർഗമാണിത്.
മുഖത്തിന് നല്ല തെളിച്ചം നൽകാൻ മാത്രമല്ല മൃദുത്വം നൽകാനുള്ള ശേഷിയും മാതളനാരങ്ങയ്ക്കുണ്ട്. ഒരു മാതളനാരങ്ങയെടുത്ത് അല്ലികളടർത്തി അതിൽ തൈര് ചേർത്തരച്ച് മുഖത്തു പുരട്ടാം. അല്ലെങ്കിൽ മാതളനാരങ്ങ നന്നായി അരച്ച് അതിൽ ഓട്സ്, മോര് എന്നിവ ചേർത്ത് നന്നായിളക്കി മുഖത്തു പുരട്ടാം. ചർമത്തിന് മൃദുത്വവും സൗന്ദര്യവും വർധിക്കാൻ ഇതു സഹായിക്കും.
മാതളനാരങ്ങ അല്ലികളടർത്തി അതിൽ തേൻ ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ മിശ്രിതം മുഖത്തു പുരട്ടി നന്നായി ഉണങ്ങിക്കഴിയുമ്പോൾ തണുത്ത വെള്ളമുപയോഗിച്ച് കഴുകുക. മുഖത്തിന് നല്ല തിളക്കം കിട്ടാൻ ഈ മിശ്രിതം സഹായിക്കും.
English Summary : How to Use Pomegranate For Skin Care