നാല് കൂട്ടുകളുള്ള ഹെയർ മാസ്ക് ; ഇഷ ഗുപ്തയുടെ ഇടതൂർന്ന മുടിയുടെ രഹസ്യം
Mail This Article
ഇടതൂർന്നതും കരുത്തും തിളക്കവുമുള്ള മുടിയിഴകൾ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകളുടെയും സ്വകാര്യ ഇഷ്ടങ്ങളിലൊന്നാണ്. കേശസംരക്ഷണത്തിനായി ഒരല്പം സമയം മാറ്റിവെക്കാൻ തയാറാണെങ്കിൽ ആർക്കും പനംകുല തോൽക്കുന്ന, തിളങ്ങുന്ന മുടിയിഴകൾ സ്വന്തമാക്കാമെന്നു പറയുകയാണ് ബോളിവുഡ് നടിയും മോഡലുമായ ഇഷ ഗുപ്ത.
കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ത്വക്കിനെ മാത്രമല്ല, മുടിയെയും സാരമായി ബാധിക്കാറുണ്ട്. മഞ്ഞുകാലം ത്വക്കിനെ വരണ്ടതാക്കുന്നതിനൊപ്പം തന്നെ മുടി കൊഴിച്ചിലിനും കാരണമാകുന്നു. ഇങ്ങനെയുള്ള സമയങ്ങളിൽ ഹെയർ മാസ്കുകൾ ഉപയോഗിക്കുന്നത് മുടിയെ സംരക്ഷിക്കുന്നതിനൊപ്പം തിളക്കമുള്ള കേശം പ്രദാനം ചെയ്യും.
ഒലിവ് എണ്ണ, ലാവെൻഡർ എണ്ണ, വെളിച്ചെണ്ണ, മുട്ട എന്നിവയാണ് ഇഷ ഗുപ്തയുടെ ഹെയർ മാസ്കിലെ ചേരുവകൾ.
മുട്ട : തലമുടിയുടെ സംരക്ഷണത്തിനു സഹായകമാകുന്ന ധാരാളം ജീവകങ്ങൾ മുട്ടയിലടങ്ങിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞക്കരു മുടിയുടെ മാർദ്ദവം വർധിപ്പിക്കാൻ സഹായിക്കും. കൂടാതെ, മുട്ടയിലടങ്ങിയിട്ടുള്ള വിറ്റാമിൻ എ, വിറ്റാമിൻ ഇ, ബിയോട്ടിൻ എന്നിവ മുടിയുടെ വളർച്ച ത്വരിതപ്പെടുത്തും.
വെളിച്ചെണ്ണ : വെളിച്ചെണ്ണയ്ക്കും മുടിയുടെ മാർദ്ദവം വർധിപ്പിക്കാനുള്ള ശേഷിയുണ്ട്. കൂടാതെ വെളിച്ചെണ്ണ, പ്രോട്ടീനിന്റെ കുറവ് മൂലമുണ്ടാകുന്ന മുടി കൊഴിച്ചിലിനെ തടയുകയും മുടിയുടെ വളർച്ച വർധിപ്പിച്ചു, കരുത്തു കൂട്ടുകയും ചെയ്യുന്നു.
ഒലിവ് എണ്ണ : മുടിയുടെ തിളക്കം കൂട്ടാനും മൃദുത്വം വർധിപ്പിക്കാനും ഒലിവെണ്ണയ്ക്കു കഴിയും. വരണ്ട തലമുടിയുള്ളവർക്കു കണ്ടീഷനറായി ഉപയോഗിക്കാവുന്ന ഒന്നാണ് ഒലിവ് എണ്ണ.
ലാവെൻഡർ എണ്ണ : തലമുടിയുമായി ബന്ധപ്പെട്ട ഒട്ടനവധി പ്രശ്നങ്ങൾക്കുള്ള പരിഹാര മാർഗമെന്ന നിലയ്ക്ക് ഉപയോഗിക്കാവുന്ന ഒന്നാണിത്. മുടി പെട്ടെന്ന് വളരാനും ലാവെൻഡർ ഓയിൽ ഉത്തമമാണ്.
English Summary : Esha Gupta revealed secret behind long hair