സുന്ദരമായ ചർമം സ്വന്തമാക്കാൻ ഒറ്റക്കാര്യം
Mail This Article
വിറ്റാമിനുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ പനിനീരിന് (റോസ് വാട്ടര്‍) ചർമത്തിൽ അദ്ഭുതങ്ങള്‍ കാണിക്കാനുള്ള കഴിവുണ്ട്. സൗന്ദര്യ പ്രശ്നങ്ങൾക്കു റോസ് വാട്ടർ എങ്ങനെ ഉപയോഗിക്കാമെന്നു നോക്കാം.
∙ ചർമത്തിലെ ജലാംശം നിലനിർത്തും
പുറമേ പുരട്ടാൻ മാത്രമല്ല ഉള്ളിൽ സേവിക്കാനും ഉത്തമമാണ് പ്രകൃതിദത്തമായി വീട്ടിൽത്തന്നെ തയാറാക്കുന്ന പനീനീര്. വീട്ടിൽ തയാറാക്കുകയാണെങ്കിൽ ശരീരത്തിന് ഹാനികരമായ യാതൊരു വസ്തുക്കളും ഇല്ലെന്ന് ഉറപ്പാക്കാനാവും. ജലാംശം നിലനിർത്തി ചർമത്തെ ഫ്രഷ് ആക്കാൻ പനിനീരിന് സാധിക്കും. ചർമത്തിൽ അധികമുള്ള എണ്ണമയം വലിച്ചെടുക്കാനുള്ള കഴിവും പനിനീരിനുണ്ട്.
∙ ശരീരതാപം നിയന്ത്രിക്കും
ശരീരതാപത്തെ നിയന്ത്രിച്ചു നിർത്താനും ചർമത്തിന്റെ മൃദുത്വം കാത്തു സൂക്ഷിക്കാനും പനിനീര് സഹായിക്കുന്നു. വീട്ടിൽ തയാറാക്കുന്ന പനീനീര് കുടിക്കാനും നല്ലതാണ്. പനിനീരടങ്ങിയ ക്രീമുകളും ലോഷനുകളും പുരട്ടുന്നതിനു പകരമായി പനിനീര് നേരിട്ട് ശരീരത്തിൽ പുരട്ടുന്നതും സേവിക്കുന്നതുമാണ് കൂടുതൽ ഗുണം ചെയ്യുക.
∙ പിഎച്ച് സന്തുലനം നിലനിർത്താം
ചർമത്തിലെ പിച്ച് മൂല്യത്തിന്റെ സന്തുലനാവസ്ഥ നിലനിർത്താൻ പനിനീര് സഹായിക്കുന്നു. മനുഷ്യ ശരീരത്തിന്റെ ശരാശരി പിഎച്ച് മൂല്യം 4.7 ആണ്. സാധാരണ വെള്ളത്തിലെ പിഎച്ച് മൂല്യം 6.7 മുതൽ 8.8 വരെയാണ്. പനിനീരിന്റെ ശരാശരി പിഎച്ച് മൂല്യം 5.0 ആണ്. അതുകൊണ്ടു തന്നെ ഇടയ്ക്കിടയ്ക്ക് റോസ് വാട്ടർ ശരീരത്തിൽ സ്പ്രേ ചെയ്തുകൊടുത്താൽ ശരീരത്തിലെ പിഎച്ച് മൂല്യത്തിന്റെ സന്തുലനം നിലനിർത്തുകയും ചർമത്തിന് കൂടുതൽ ചെറുപ്പം തോന്നാൻ സഹായിക്കുകയും ചെയ്യും. ചർമം ആരോഗ്യത്തോടെയും തിളക്കത്തോടെയുമിരിക്കാൻ ഇടയ്ക്കിടയ്ക്ക് മുഖത്ത് പനിനീര് സ്പ്രേ ചെയ്തു കൊടുത്താൽ മതിയാകും.
English Summary: Benefits of using rose water