ഇടതൂർന്ന, കരുത്തുറ്റ മുടി നിങ്ങളുടെ സ്വപ്നമാണോ?
Mail This Article
കേശസംരക്ഷണത്തിൽ ഹെയർ മാസ്ക്കുകളുടെ പ്രാധാന്യം എല്ലാവർക്കും അറിവുള്ള കാര്യമാണ്. വീട്ടിൽ തയാറാക്കാവുന്ന നിരവധി നാച്യുറൽ ഹെയർ മാസ്ക്കുകളുമുണ്ട്. ചേരുവകളുടെ എണ്ണവും ലഭ്യതയും ചിലപ്പോഴൊക്കെ ഹെയർ മാസ്ക് ഉണ്ടാക്കുന്നതിൽ സങ്കീർണത സൃഷ്ടിക്കുന്നു. അതുകൊണ്ട് ഹെയർമാസ്ക് ഉണ്ടാക്കാൻ വിമൂഖത കാണിക്കുന്നവരും നിരവധിയാണ്. അങ്ങനെയുള്ളവർക്ക് പരീക്ഷിക്കാവുന്ന ഫലപ്രദമായ ഒരു ഹെയർ മാസ്ക് പരിചയപ്പെടാം.
ഒലിവ് ഓയിൽ, ലാവൻഡർ ഓയിൽ, വെളിച്ചെണ്ണ, മുട്ട എന്നിവയാണ് ഹെയർ മാസ്ക് ഉണ്ടാക്കാൻ ആവശ്യമുള്ളത്.
മുട്ട : തലമുടിയുടെ സംരക്ഷണത്തിനു സഹായകമാകുന്ന ധാരാളം ജീവകങ്ങൾ മുട്ടയിലടങ്ങിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞക്കരു മുടിക്ക് മിനുസം നൽകുന്നു. കൂടാതെ, മുട്ടയിലുള്ള വിറ്റാമിൻ എ, വിറ്റാമിൻ ഇ, ബയോട്ടിൻ എന്നിവ മുടിയുടെ വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
വെളിച്ചെണ്ണ : വെളിച്ചെണ്ണയ്ക്കും മുടിയുടെ മൃദുത്വം വർധിപ്പിക്കാനുള്ള ശേഷിയുണ്ട്. കൂടാതെ വെളിച്ചെണ്ണ, പ്രോട്ടീനിന്റെ കുറവ് മൂലമുണ്ടാകുന്ന മുടി കൊഴിച്ചിലിനെ തടയുന്നു. മുടിയുടെ വളർച്ച വർധിപ്പിക്കാനും കരുത്തേകാനും വെളിച്ചെണ്ണയ്ക്ക് കഴിവുണ്ട്.
ഒലിവ് ഓയിൽ : മുടിയുടെ തിളക്കമേകാൻ ഇതിന് കഴിവുണ്ട്. വരണ്ട തലമുടിയിൽ ഒരു കണ്ടീഷനറായി പ്രവർത്തിക്കാനും ഒലിവെണ്ണയ്ക്ക് സാധിക്കുന്നു.
ലാവൻഡർ ഓയിൽ : തലമുടിയുമായി ബന്ധപ്പെട്ട ഒട്ടനവധി പ്രശ്നങ്ങൾക്കുള്ള പരിഹാര മാർഗമെന്ന നിലയ്ക്ക് ഉപയോഗിക്കാവുന്ന ഒന്നാണിത്. മുടി പെട്ടെന്ന് വളരാന്‍ ലാവൻഡർ ഓയിൽ ഉത്തമമാണ്. കൂടാതെ മുടിയിഴകൾക്ക് സുഗന്ധമേകുകയും ചെയ്യുന്നു.
തയാറാക്കുന്ന വിധം
ഒരു മുട്ട പൊട്ടിച്ച് ബൗളിൽ എടുക്കുക. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ, രണ്ട് ടേബിൾ സ്പൂൺ ഒലിവ് ഓയിൽ, ഒരു സ്പൂൺ ലാവണ്ടർ ഓയിൽ എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ഇതു തലയിൽ പുരട്ടി 20 മിനിറ്റിനുശേഷം കഴുകി കളയാം.