ADVERTISEMENT

ഓൾ കേരള ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ (AKBA) എറണാകുളം ജില്ലയുടെ ആഭിമുഖ്യത്തിൽ ബ്യൂട്ടീഷന്മാർക്കായി ബ്രൈഡൽ മേക്കപ്പ്, മെഹന്ദി മത്സരം നടത്തി. പണ്ഡിറ്റ് കറുപ്പൻ സ്മാരക ഹാളായിരുന്നു വേദി. അസോസിയേഷന്റെ നേതൃത്വത്തില്‍ ആദ്യമായി സംഘടിപ്പിച്ച മത്സരത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 21 മേക്കപ് ആർട്ടിസ്റ്റുകൾ പങ്കെടുത്തു. ബ്രൈഡൽ മേക്കപ് മത്സരത്തിൽ അഭിരാമി ശബരീനാഥ് ഒന്നാം സ്ഥാനം നേടി. വിനീത് ഗൃഷിനാഥ്, അജൂബ റഹ്മത്ത് എന്നിവർ രണ്ടും മൂന്നും സ്ഥാനത്തെത്തി. മെഹന്ദിയില്‍ മലപ്പുറം സ്വദേശി ഫാത്തിമ ജേതാവായി. ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. 

അവസാനം വരെ ആവേശം നിറഞ്ഞുനിന്നതായിരുന്നു മത്സരം. മോഡലുകൾ ആദ്യം മേക്കപ്പിലാതെ റാംപ്‌ വാക്ക് നടത്തി. തുടർന്ന് ബ്യൂട്ടീഷന്മാർ ഇഷ്ടമുള്ള തീമിൽ അവരെ അണിയിച്ചൊരുക്കി. ഒന്നര മണിക്കൂറായിരുന്നു സമയം. ബ്യൂട്ടീഷന്മാരുടെ കലാവൈഭവം പ്രകടമാകുന്നതായിരുന്നു ഓരോ മേയ്ക്കോവറുകളും. വധുവായി ഒരുങ്ങിയ 21 സുന്ദരികൾ മനോഹര കാഴ്ചയായി. മേക്കപ് ആർട്ടിസ്റ്റുമാരായ റുഷിദ റൂഷീസ്, ഡോ. കമറുന്നീസ റൗഫ്, ഹെയർ സ്റ്റൈലിസ്റ്റ് അജയ് സുകുമാരൻ എന്നിവരാണ് വിധിനിർണയം നടത്തിയത്. 

bridal-make-up-contest-1
പരിപാടി ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്യുന്നു.

ബ്യൂട്ടീഷ്യന്മാർ കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സാഹചര്യത്തിൽ കൂടുതൽ ആത്മവിശ്വാസവും പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെയാണ് അസോസിയേഷൻ ഇത്തരമൊരു മത്സരം ഒരുക്കിയത്. കോവിഡ് കാലഘട്ടം നിരവധി ബ്യൂട്ടീഷന്മാരുടെ ജോലി ഇല്ലാതാക്കി. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ബ്യൂട്ടി പാർലറുകൾ അടച്ചു പൂട്ടേണ്ടി വന്നു. ഫ്രീലാൻ‍സ് ആയി മേക്കപ് ചെയ്യുന്നവരും ഇപ്പോൾ സജീവമാണ്. ഇതോടെ മത്സരം കടുത്തു. ഇത്തരം സാഹചര്യത്തിൽ ബ്യൂട്ടീഷന്മാർ നിരാശരാകുന്നു. ഇതു മറികടക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ തുടക്കമായാണു ബ്രൈഡൽ മേക്കപ് മത്സരം. 

all-kerala-beautician-association-bridal-makeup-contest-video-story

വലിയ സാമ്പത്തികശേഷിയില്ലാത്ത സംഘടന എന്നതും ആദ്യമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത് എന്നതും വെല്ലുവിളി ഉയർത്തി. എങ്കിലും സ്പോൺസർമാരുടെ പിന്തുണയും സംഘാടകരുടെ കഠിനാധ്വാനവും ഫലം കാണുകയായിരുന്നു. സ്വന്തം കഴിവുകൾ വിലയിരുത്താനും മെച്ചപ്പെടുത്താനും ബ്യൂട്ടിഷന്മാരെ ഇതു സഹായിക്കും. സെമിനാറുകൾ ഉൾപ്പെടെയുള്ള കൂടുതൽ പ്രവർത്തനങ്ങൾക്കുള്ള തയാറെടുപ്പിലെന്നും സംഘടനയുടെ സെക്രട്ടറി ഫസീല അൻസാർ പറഞ്ഞു. മഞ്ജു നാഗേന്ദ്രനാണ് പ്രസിഡന്റ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com