ചർമം തിളങ്ങും, ചുണ്ടുകൾക്കു സംരക്ഷണം, തേനിനുമുണ്ട് ചില ‘മാജിക് പവർ’
Mail This Article
നമുക്ക് സുലഭമായി കിട്ടുന്ന ഏറ്റവും പരിശുദ്ധമായൊരു ഔഷധ മൂല്യമുള്ള വസ്തുവാണ് തേൻ. ആരോഗ്യത്തിന് ഏറ്റവും ഗുണപ്രദമാണ് തേൻ എന്ന് നമുക്കറിയാം. എന്നാൽ തേനിന് നമ്മുടെ സൗന്ദര്യം നിലനിർത്താനും കഴിയുമെന്ന് ചിന്തിച്ചിട്ടുണ്ടോ? മൃദുലവും സുന്ദരവുമായ ചർമം നില നിര്‍ത്താനും ചര്‍മത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും തേനിനാകും. തേനിന് സ്വാഭാവികമായി നിറം നല്‍കാന്‍ കഴിവുണ്ട്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ചര്‍മത്തിന് ഏറെ ഗുണകരമാണ്.
വരണ്ട ചർമത്തിന് പരിഹാരം
പലരുടെയും പ്രധാന ചർമ പ്രശ്നമാണ് ഡ്രൈ സ്കിൻ. അതിന് ഏറ്റവും നല്ല പ്രതിവിധിയാണ് തേൻ. ചർമത്തിൽ ആഴത്തിൽ ഈർപ്പം പകരുന്ന ഒരു സ്വാഭാവിക മോയിസ്ചറൈസറാണ് തേൻ. തേനിലെ എൻസൈമുകൾ ചർമത്തിൽ മണിക്കൂറുകളോളം ജലാംശം നിലനിർത്തും. ഇത് ചർമത്തെ മൃദുവാക്കാനും പോഷിപ്പിക്കുവാനും സഹായിക്കും. ഒരു ടീസ്പൂൺ തേൻ എല്ലാദിവസവും ചർമത്തിൽ പുരട്ടുന്നത് നല്ലതാണ്. 15 മിനിറ്റ് തേൻ മുഖത്ത് പിടിപ്പിച്ച ശേഷം കഴുകി കളയാം.
മുഖക്കുരു ഇല്ലാതാക്കാം
തേനിന്റെ ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചർമത്തിലെ ബാക്ടീരിയകളുടെ വളർച്ചയെ തടസ്സപ്പെടുത്തുകയും ചുവന്ന മുഖക്കുരുവിനെ പോലും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. മുഖക്കുരു ഉള്ള ഭാഗങ്ങളിൽ തേൻ പുരട്ടുന്നത് നല്ലതാണ്. 15-20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽകഴുകി കളയാം. പതിവായി ഇത് ചെയ്‌താൽ മുഖക്കുരു പ്രശ്നം ഇല്ലാതാകും.
Read More: മുഖം പോലെ കൈകളും തിളങ്ങണ്ടേ ? വീട്ടിൽ തന്നെ പരീക്ഷിക്കാം ഈ പൊടിക്കൈകൾ
മുഖത്തെ മാലിന്യം നീക്കം ചെയ്യാൻ
തേന്‍, കടലമാവ്, പാല്‍പ്പാട, ചന്ദനം എന്നിവ ചേർത്ത് റോസ് വാട്ടർ ചേർത്ത് മുഖത്ത് പുരട്ടാം. കൂടാതെ, പപ്പായയും തേനും ചേര്‍ത്ത് പേസ്റ്റാക്കി മുഖത്ത് തേച്ചു പിടിപ്പിക്കുന്നതും നല്ലതാണ്. തേനും ചന്ദനപ്പൊടിയും മിക്സ് ചെയ്ത് അതിലേക്ക് പാൽ ഒഴിച്ചതിന് ശേഷം പുരട്ടുന്നതും മുഖത്തെ മാലിന്യം നീക്കം ചെയ്യാൻ സഹായിക്കും. ആഴ്ചയിൽ ഒരിക്കൽ ഇവയിലേതെങ്കിലും ഒന്ന് ചെയ്യുന്നത് നല്ലതാണ്.
ചുണ്ടിനും തേൻ അത്യുത്തമം
ചെറുതേന്‍ പതിവായി ചുണ്ടുകളില്‍ പുരട്ടുന്നത് നല്ലതാണ്. രാത്രി കിടക്കുന്നതിന് മുമ്പ് കുറച്ചു നേരം തേൻ ചുണ്ടിൽ തേച്ചുപിടിപ്പിക്കാം. 10 മിനിറ്റിന് ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം. ഇത്തരത്തിൽ ആഴ്ചയിലൊരിക്കൽ ചെയ്യുന്നത് ചുണ്ടുകളുടെ ഡ്രൈനെസും കറുപ്പ് നിറവുമെല്ലാം മാറാൻ സഹായിക്കും.