മഴക്കാലത്ത് എണ്ണമയമുള്ള ചർമത്തിന് വേണം പ്രത്യേക സംരക്ഷണം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
Mail This Article
'എന്തൊരു എണ്ണമയമാടോ നിന്റെ മുഖത്ത്', എല്ലാ ഓയിലി സ്കിന്നുള്ളവരും കേൾക്കുന്ന സ്ഥിരം ചോദ്യമാണ്. പണി പതിനെട്ടും നോക്കിയിട്ടും ഈ പ്രശ്നത്തിന് മാത്രം ശാശ്വത പരിഹാരം കാണാനാകാത്തവർ നമുക്കിടയിൽ ഉണ്ട്. പ്രത്യേകിച്ച് മഴക്കാലത്ത് ചർമത്തിന് പ്രത്യേക സംരക്ഷണം വേണം. ഇല്ലെങ്കിൽ മുഖക്കുരു കൂടാനും, ചർമം ഇരുണ്ടതാകാനും ഇത് കാരണമാകും. മണ്‍സൂണ്‍ കാലത്ത് എണ്ണമയമുള്ള ചര്‍മമുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പാലിക്കാം ഇവയെല്ലാം.
ക്ലെൻസിംഗ്
മഴക്കാലത്ത് ചർമം നന്നായി വൃത്തിയാക്കേണ്ടത് അനിവാര്യമാണ്. രണ്ട് നേരം മുഖം വൃത്തിയായി കഴുകണം. ഇതിനായി വീര്യം കുറഞ്ഞ ക്ലെന്‍സര്‍ ഉപയോഗിക്കാം. സാലിസിലിക് ആസിഡ് അല്ലെങ്കില്‍ ടീ ട്രീ ഓയില്‍ എന്നിവ അടങ്ങിയ ക്ലെന്‍സറുകള്‍ ഉപയോഗിക്കുന്നത് എണ്ണമയമുള്ള ചർമമുള്ളവർക്ക് മികച്ചതാണ്.
ടോണർ
മുഖത്തിന് ടോണർ ഉപയോഗിക്കുന്നത് വളരെ മികച്ചതാണ്. എണ്ണമയം നിയന്ത്രിക്കാനും ചര്‍മ സുഷിരങ്ങള്‍ തുറക്കാനും സഹായിക്കുന്ന ചേരുവകള്‍ അടങ്ങിയ ടോണറുകള്‍ പരമാവധി ഉപയോഗിക്കാന്‍ ശ്രദ്ധിക്കാം. റോസ് വാട്ടർ അടങ്ങിയ ടോണറുകൾ എണ്ണമയമുള്ള ചർമത്തിന് നല്ലതാണ്.
Read More: മുഖം ചുളുങ്ങിയോ? ഇനി വിഷമിക്കേണ്ട, പ്രായത്തെ പിടിച്ചുകെട്ടാൻ ‘വെണ്ണ മാജിക്’
മേക്കപ്പ്
മേക്കപ്പ് ഉപയോഗിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. ഓയിലി ലുക്ക് നൽകുന്ന ഫൗണ്ടേഷനുകൾ ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കാം. കൂടാതെ മേയ്ക്കപ്പ് ഇടുന്നതിന് മുമ്പ് മാറ്റ് പ്രൈമര്‍ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഒപ്പം ഓയില്‍ ഫ്രീ അല്ലെങ്കില്‍ വാട്ടര്‍-ബേസ്ഡ് കോസ്മെറ്റിക്സ് തിരഞ്ഞെടുക്കുന്നതാകും നല്ലത്. ഉറങ്ങുന്നതിന് മുൻപ് മേക്കപ്പ് മുഴുവനായും കഴുകി കളഞ്ഞെന്ന് ഉറപ്പു വരുത്തണം. മുഖത്തെ ഓയിൽ അകറ്റാൻ സഹായിക്കുന്ന ഫേസ് വാഷ് ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഭക്ഷണം
എണ്ണമയമുള്ള ഭക്ഷണം മാത്രമല്ല കാര്‍ബോ ഹൈഡ്രേറ്റ് ഒരുപാട് അടങ്ങിയ ആഹാരങ്ങളും ശരീരത്തിലെ കൊഴുപ്പു കൂട്ടാനും അതുവഴി മുഖക്കുരു ഉണ്ടാവാനും കാരണമാകുന്നു. അതുകൊണ്ട് തന്നെ വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ കുറയ്ക്കാവുന്നതാണ്. എണ്ണമയമുള്ള ആഹാരങ്ങൾ കുറയ്ക്കുന്നതും നല്ലത് തന്നെ. ഒപ്പം നന്നായി വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
സണ്‍സ്ക്രീൻ
ദൈനംദിന ചർമ സംരക്ഷണത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ് സൺസ്‌ക്രീൻ. അതുകൊണ്ട് തന്നെ എണ്ണമയമുള്ളവർ എസ്പിഎഫ് 30 എങ്കിലും ഉള്ള സണ്‍സ്ക്രീനുകള്‍ മാത്രം ഉപയോഗിക്കുക. വാട്ടര്‍ ബേസ്ഡോ ഓയില്‍ ഫ്രീയോ ആയിട്ടുള്ള സണ്‍സ്ക്രീനുകള്‍ ആണെങ്കില്‍ ചര്‍മ സുഷിരങ്ങള്‍ അടഞ്ഞുപോകാതെ സംരക്ഷിക്കും.