താരനും മുടികൊഴിച്ചിലും കൊണ്ട് പൊറുതി മുട്ടിയോ; പേടിക്കേണ്ട പ്രതിവിധി വീട്ടിൽ തന്നെയുണ്ട്
Mail This Article
താരനും മുടികൊഴിച്ചിലുമെല്ലാം സ്ത്രീപുരുഷ വ്യത്യാസമില്ലാതെ എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. മുടികൊഴിച്ചിൽ പേടിച്ച് മുടിയിൽ തൊടാൻ പോലും പേടിയുള്ളവരുണ്ട്. പലതും പരീക്ഷിച്ചിട്ടും പരിഹാരമാകാത്തവർ ഇനി ടെൻഷനടിക്കേണ്ട. നമ്മുടെ അടുക്കളയിൽ നിന്ന് കിട്ടുന്ന ഒരൊറ്റ ഉള്ളി മതി മുടിയുടെ എല്ലാ പ്രശ്നങ്ങൾക്കും. താരനെ തോൽപ്പിച്ച് മുടി തഴച്ച് വളരാൻ പരീക്ഷിക്കാം ഉള്ളി മാജിക്.
∙ ഉള്ളിയുടെ നീരെടുക്കാം
സൾഫറിന്റെ കലവറയാണ് ചെറിയുള്ളി. മുടിയുടെ വളർച്ചയ്ക്ക് സൾഫർ ഘടകം അനിവാര്യമാണ്. അഞ്ചോ ആറോ ഉള്ളിയൂടെ നീര്, പിന്നെ കുറച്ച് സമയം – ഇത്രയും മതി മുടിക്ക് കരുത്തേകാൻ. ഉള്ളി തൊലികളഞ്ഞ ശേഷം ബ്ലെൻഡ് ചെയ്തെടുക്കാം. ഈ മിശ്രിതം ഒരു തുണിയോ അല്ലെങ്കിൽ അരിപ്പയോ ഉപയോഗിച്ച് നീരുമാത്രമായി േവർതിരിക്കാം. ഇതു തലയോട്ടിൽ പുരട്ടി മസാജ് ചെയ്യുക. 15 മിനിറ്റിനു ശേഷം കഴുകിക്കളയാം.
∙ ഉള്ളിയും വെളിച്ചെണ്ണയും
ഹെയർ ഫോളിക്കുകളിലേക്കുളള രക്തചംക്രമണം വർധിപ്പിക്കാനും അതുവഴി മുടിയുടെ വളർച്ച ത്വരിതപ്പെടുത്താനും ഉള്ളിക്ക് കഴിയും. ഉള്ളി നീര് ആവശ്യത്തിന് വെളിച്ചെണ്ണയിൽ യോജിപ്പിച്ച് തലയോട്ടിയിലും മുടിയുടെ അറ്റത്തും പുരട്ടുക. ഇതിനുശേഷം മുടി ചെറിയ ടവ്വലിലോ ഷവർ ക്യാപിലോ പൊതിയുക. ഒരുരാത്രി ഇതു മുടിയിൽ സൂക്ഷിച്ചശേഷം പിറ്റേന്നു കഴുകിക്കളയാം. ഉള്ളിയുടെ മണം ഒഴിവാക്കാൻ ഒരു സ്പൂൺ തേൻ ചേർത്താൽ മതി.
∙ഉള്ളിയും ചെമ്പരത്തിയും
നാടൻ ചെമ്പരത്തിയിലുണ്ട് വിറ്റമിനുകളും ആന്റി ഓക്സിഡന്റുകളും. മൂന്നോ നാലോ ഉള്ളിയും 3 ചെമ്പരത്തിയും ചേർത്ത് മിക്സിയിൽ ബ്ലെൻഡ് ചെയ്യാം. ഈ മിശ്രിതം തലയോട്ടിൽ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞാൽ കഴുകാം. ഉള്ളിയുടെയും ചെമ്പരത്തിയുടെയും നീരെടുത്ത് കാച്ചിയ വെളിച്ചെണ്ണയിൽ ചേർത്തും തലയിൽ പുരട്ടാം.
∙ഉള്ളിയും കറ്റാർവാഴയും
തുല്യ അളവിൽ കറ്റാർവാഴയുടെ നീരും ഉള്ളിനീരും എടുക്കുക. കറ്റാർവാഴ നീരില്ലെങ്കിൽ ജെൽ ഉപയോഗിക്കാം. ഇത് തലയോട്ടിയിലും മുടിയിലും പുരട്ടി 15 മിനിറ്റിനുശേഷം കഴുകിക്കളയാം.