കുറഞ്ഞ ചെലവില്‍ മുഖം തിളങ്ങണോ? വിഷമിക്കേണ്ട അരിപ്പൊടി ഉണ്ടല്ലോ, ഇതാ ഈസി ടിപ്സ്!
Mail This Article
മുഖം തിളങ്ങണം, പാടുകൾ മാറണം, നിറം വർധിക്കണം. പക്ഷേ അധികം പണച്ചെലവ് വരാൻ പാടില്ല. ഇങ്ങനെ ചിന്തിക്കുന്നവാരായിരിക്കും ഭൂരിഭാഗവും. അങ്ങനെയുള്ളവർക്ക് ഏറ്റവും എളുപ്പവും ഉപകാരപ്രദവുമായ ഇടം അടുക്കള തന്നെയാണ്. അടുക്കളയിലെ നിത്യോപയോഗ സാധനങ്ങൾ മാത്രമുപയോഗിച്ച് ചർമ പ്രശ്നങ്ങളെ ഒരുപരിധി വരെ തടയാനാകും. അതിൽ പ്രധാനപ്പെട്ടതാണ് പച്ചരിപ്പൊടി. നന്നായി കഴുകിയ ശേഷം ഉണക്കി പൊടിച്ചെടുത്ത അരിപ്പൊടി ഉപയോഗിച്ച് മുഖകാന്തി വർധിപ്പിക്കാം, എളുപ്പത്തിൽ. അരി തരിതരിയായോ വളരെ മിനുസമായോ പൊടിച്ചെടുക്കാവുന്നതാണ്. അൽപം തരിയുള്ളതാണ് നല്ലത്. അത് ചർമത്തിനു നല്ല സ്ക്രബ് കൂടിയാണ്. മൃതകോശങ്ങളെ ഇല്ലാതാക്കാനും അരിപ്പൊടി വളരെയധികം സഹായിക്കും. അരിപ്പൊടി കൊണ്ട് ചർമസൗന്ദര്യം കൂട്ടാനുള്ള ചില പൊടിക്കൈകൾ ഇതാ,
∙ ഒരു സ്പൂൺ അരിപ്പൊടിയും അതിനൊപ്പം അൽപം തിളപ്പിക്കാത്ത പാലും ചേർക്കുക. രണ്ടും തമ്മിൽ നല്ലതുപോലെ യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. ആവശ്യമെങ്കിൽ തക്കാളി നീരും ചേർത്തിളക്കാം. ശേഷം മുഖത്തും കഴുത്തിലും നന്നായി തേച്ചു പിടിപ്പിക്കുക. പത്തോ പതിനഞ്ചോ മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയാം. ഇത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചെയ്യാവുന്നതാണ്.
∙ ഒരു സ്പൂൺ അരിപ്പൊടിയും കറ്റാർവാഴ ജെല്ലും (ഒറിജിനൽ കറ്റാർവാഴയാണ് ഉത്തമം) സമം ചേർത്തിളക്കി അതിലേക്ക് അൽപം റോസ് വാട്ടർ കൂടി ചേർത്തുകൊടുക്കുക. പേസ്റ്റ് രൂപത്തിലാക്കിയ ശേഷം ബ്രഷ് ഉപയോഗിച്ച് മുഖത്തും ശരീരഭാഗങ്ങളിലും തേച്ചു പിടിപ്പിക്കാം. ഉണങ്ങിയതിനു ശേഷം അൽപം റോസ് വാട്ടർ കയ്യിലെടുത്ത് മുഖത്ത് പുരട്ടി മസാജ് ചെയ്ത് പിന്നീട് തണുത്ത വെള്ളത്തിലോ ഇളം ചൂടുവെള്ളത്തിലോ കഴുകി കളയാവുന്നതാണ്.
∙ ഒരു സ്പൂൺ അരിപ്പൊടിക്കൊപ്പം അതേ അളവിൽ തൈര് ചേർത്തിളക്കുക. ശേഷം മുഖത്തും കഴുത്തിലും നന്നായി തേച്ചു പിടിപ്പിക്കാം. മൃദുവായി മസാജ് ചെയ്യണം. അരിപ്പൊടിയിൽ തരികൾ ഉള്ളതിനാൽ അത് വളരെ നല്ല സ്ക്രബ് കൂടിയാണ്.
∙ ഒരു സ്പൂൺ അരിമാവിലേക്ക് അൽപം നെല്ലിക്കാപ്പൊടിയും ഒരുസ്പൂൺ തേനും ചേർത്തിളക്കുക. തേനിനു പകരം തക്കാളി നീരോ ഉരളക്കിഴങ്ങിന്റെ നീരോ ചേർത്തു കൊടുക്കാം. പേസ്റ്റ് രൂപത്തിലാക്കിയ ശേഷം മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കാം. മൃദുവായി മസാജ് ചെയ്തതിനു ശേഷം 20 മിനിറ്റോളം വെയിറ്റ് ചെയ്യുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാവുന്നതാണ്.
∙ ഒരു സ്പൂൺ അരിപ്പൊടിക്കൊപ്പം അതേ അളവിൽ ഗോതമ്പ് പൊടിയും ഉഴുന്ന് പൊടിയും ചേർത്തിളക്കുക. അതിലേക്ക് അൽപം തൈരും പാലും ചേർക്കാം. ശേഷം നന്നായി ഇളക്കി പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേച്ചു പിടിപ്പിക്കാം. പതിനഞ്ചോ ഇരുപതോ മിനിറ്റിനു ശേഷം പച്ചവെള്ളത്തിൽ കഴുകിക്കളയാം.
∙ അരിപ്പൊടിയും മുൾട്ടാണി മിട്ടിയും ഓരോ സ്പൂൺ വീതമെടുക്കുക. ഇതിലേക്ക് അൽപം തേനും കഞ്ഞിവെള്ളവും ചേർത്ത് നന്നായി ഇളക്കാം. ശേഷം മുഖത്തും കഴുത്തിലും തേച്ചു പിടിപ്പിക്കുക. മൃദുവായി മസാജ് ചെയ്യുകയും വേണം. പതിനഞ്ചു മിനിറ്റിനു ശേഷം കഞ്ഞിവെള്ളത്തിൽ മുഖം കഴുകാം. പിന്നീട് തണുത്ത വെള്ളത്തില്‍ കഴുകി വൃത്തിയാക്കാവുന്നതാണ്.
Content Highlight - Rice powder for glowing skin | Cheap beauty tips using rice flour | Kitchen remedies for skin problems | Homemade face masks with rice powder | Natural skincare with rice flour