താരനും മുടി കൊഴിച്ചിലും ആത്മവിശ്വാസം കെടുത്തുന്നുണ്ടോ? ശീലങ്ങളില്‍ മാറ്റം വരുത്താം
Mail This Article
ഭൂരിഭാഗമാളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് താരന്‍. താരന്‍ അധികമാകുന്നതോടെ മുടി കൊഴിച്ചിലും തുടങ്ങും. പല മാര്‍ഗങ്ങളും പരീക്ഷിച്ചു നോക്കിയാലും ഒന്നിനും കൃത്യമായ ഫലമുണ്ടാകാറില്ല. ഒരു തവണ പൂര്‍ണമായി മാറിയാലും തലയും മുടിയും കൃത്യമായി സംരക്ഷിച്ചില്ലെങ്കില്‍ താരന്‍ വീണ്ടും വരികയും ചെയ്യും. താരന് മുടി കൊഴിച്ചിലുമായി നേരിട്ട് ബന്ധമൊന്നുമില്ല. തലയോട്ടിയില്‍ അസ്വസ്ഥതയുണ്ടാകുമ്പോള്‍ അമിതമായി തല ചൊറിയുന്നത് വഴിയാണ് മുടി കൊഴിച്ചിലുണ്ടാകുന്നത്.
Read More: മുടിയുടെ ഭംഗിയെല്ലാം നഷ്ടപ്പെട്ടെന്ന നിരാശയിലാണോ? ടെൻഷനടിക്കേണ്ട, പോംവഴിയുണ്ട്
താരന്‍ നിയന്ത്രിക്കാന്‍ ചില പോംവഴികള്‍ പരീക്ഷിച്ചു നോക്കാം
∙തലമുടി പതിവായി ഷാംപൂ ചെയ്യാം
എണ്ണമയമുള്ള തലയിലാണ് താരന്‍ കൂടുതലായും കണ്ടു വരുന്നത്. തലയില്‍ എണ്ണയും വിയര്‍പ്പും അഴുക്കുമെല്ലാം അടിഞ്ഞുകൂടുമ്പോള്‍ താരന്റെ ശല്യം രൂക്ഷമാകുകയും ചെയ്യും. പതിവായി ഷാംപൂ ഉപയോഗിക്കുകയാണ് ഇതിനൊരു പരിഹാരം. ആന്റി ഡാന്‍ഡ്രഫ് ഷാംപൂ തന്നെ തിരഞ്ഞെടുക്കുക. ഷാംപൂ ബോട്ടിലിന് പുറത്ത് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാനും ശ്രദ്ധിക്കണം. കുറഞ്ഞത് മൂന്നോ നാലോ മിനുട്ടെങ്കിലും തലയില്‍ വച്ച ശേഷം കഴുകിക്കളയണമെന്ന് ചില ഷാംപൂബോട്ടിലുകളില്‍ എഴുതിയിട്ടുണ്ട്. മികച്ച ഫലം കിട്ടാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് പോലെതന്നെ ചെയ്യുക. ഷാംപൂ ഉപയോഗിച്ച് മുടി കഴുകിയ ശേഷം എപ്പോഴും കണ്ടീഷണര്‍ പുരട്ടുക.
∙ആരോഗ്യകരമായ ഭക്ഷണം ശീലമാക്കാം
ആരോഗ്യമുള്ള മുടിക്ക് ആരോഗ്യമുള്ള ഭക്ഷണം ശീലമാക്കാം. ആവശ്യത്തിന് വൈറ്റമിനും പ്രോട്ടീനുമെല്ലാം അടങ്ങിയ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താം. അതേസമയം കൂടുതല്‍ മധുരമുള്ള ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുകയും വേണം. കൂടുതല്‍ മധുരമുള്ള ഭക്ഷണം ശരീരത്തിലെ വിറ്റാമിന്‍ ബിയുടെ അളവ് കുറയ്ക്കും. ഇത് താരനെതിരെയുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തും. അതിനാല്‍, താരന്‍, മുടികൊഴിച്ചില്‍ എന്നിവയില്‍ നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, പഞ്ചസാരയുടെ അളവ് കുറയ്ക്കുക.
Read More: ചർമത്തിന് മാറ്റു കൂട്ടാൻ മറക്കാതെ പാലിക്കാം ഈ 5 രഹസ്യങ്ങൾ
∙ഹെയര്‍സ്റ്റൈലിംഗ് പ്രൊഡക്ട്‌സ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക
മുടിക്ക് ഭംഗിയും മിനുസവുമൊക്കെയുണ്ടാകുന്നതിനായി പലതരം ഓയിലുകളും മറ്റു ഉത്പന്നങ്ങളും ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക. ഇത്തരം ഹെയര്‍സ്‌റ്റൈലിംഗ് ഉല്‍പ്പന്നങ്ങള്‍ മുടിയിലും ശിരോചർമത്തിലും നിലനില്‍ക്കുകയും അതുവഴി മുടിയും ശിരോചര്‍മവും കൂടുതല്‍ എണ്ണമയമുള്ളതാവുകയും ചെയ്‌തേക്കാം. ഇത് താരന്‍ വര്‍ധിക്കാന്‍ കാരണമാകാം.
∙സൂര്യപ്രകാശമേല്‍ക്കാം, തല ചൊറിയാതിരിക്കാം
മുടിയിലും തലയോട്ടിയിലും സൂര്യപ്രകാശമേല്‍ക്കുന്നത് നല്ലതാണ്. എന്നാല്‍ വെയിലത്തിറങ്ങുമ്പോള്‍ ചർമം കരുവാളിക്കാതിരിക്കാന്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. അതുപോലെ തന്നെ തലയില്‍ അമര്‍ത്തി ചൊറിയുന്നത് മുടിയുടെ ആരോഗ്യം നശിപ്പിക്കുകയും മുടി കൊഴിച്ചിലിന് കാരണമാകുകയും ചെയ്യും.
Content Highlights: Dandruff | Hair | Hair Care | Lifestyle | Beauty | Lifestyle