ചർമകാന്തി വീണ്ടെടുക്കാൻ സിംപിൾ ടിപ്സ്!
Mail This Article
മിനുസമുള്ളതും യുവത്വം തുളുമ്പുന്നതുമായ ചർമം, കറുത്ത ഇടതൂർന്ന മുടി എന്നിവ സൗന്ദര്യ സങ്കൽപത്തിലെ പ്രധാന ഘടകങ്ങളാണ്. ഇതെല്ലാം സ്വന്തമാക്കാൻ ഏതു ഉത്പന്നവും പരീക്ഷിക്കാൻ തയാറായി നിൽക്കുന്ന നിരവധിപ്പേരുണ്ട്. ഫലപ്രാപ്തിയെക്കുറിച്ചോ, പാർശ്വഫലങ്ങളെ കുറിച്ചോ ചിന്തിക്കാന്‍ പലരും തയാറാകില്ല. സൗന്ദര്യപരിചരണത്തിന് പ്രകൃതിദത്തമായ മാർഗങ്ങളുണ്ട്. പ്രകൃതിയുടെ വരദാനമായ ഇത്തരം വസ്തുക്കളുടെ ഉപയോഗ സാധ്യത പലപ്പോഴും വേണ്ട വിധം പ്രയോജനപ്പെടുത്താറില്ല.
സൗന്ദര്യപരിചണത്തിന് ഉപയോഗിക്കാവുന്ന പ്രകൃതിദത്ത വസ്തുക്കളിൽ മുൻനിരയിലാണ് വെളിച്ചെണ്ണയുടെ സ്ഥാനം. ചർമത്തിന്റെ പോഷണം, മുടിയുടെ വളർച്ച എന്നിങ്ങനെ സൗന്ദര്യം പരിചരണത്തിന് വെളിച്ചെണ്ണ വളരെയധികം സഹായകമാണ്. ഒരുപാട് ഗുണങ്ങളടങ്ങിയിട്ടുള്ള വെളിച്ചെണ്ണ കാച്ചിയും മറ്റു വസ്തുക്കൾ ചേർത്തുമൊക്കെ ഉപയോഗിക്കാം. അവയിൽ ചില രീതികൾ ഇവയാണ്.
ആദ്യം മുഖം തുണി ഉപയോഗിച്ച് വൃത്തിയാക്കുക. അല്‍പം വെളിച്ചെണ്ണയെടുത്ത് മുഖത്തും കഴുത്തിലുമായി തേച്ചു പിടിപ്പിക്കാം. ശേഷം വട്ടത്തില്‍ മസാജ് ചെയ്യുക. ഒരു രാത്രി മുഴുവന്‍ ഇതു മുഖത്തും കഴുത്തിലും സൂക്ഷിച്ച് രാവിലെ കഴുകി കളയാം. ദിവസവും ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് ഇങ്ങനെ ചെയ്യുക. ഇത് മുഖത്തെയും കഴുത്തിലെയും ചുളിവുകളെ ഇല്ലാതാക്കും. ചർമത്തിന് മിനുസം ലഭിക്കും.
∙ ആവണക്കെണ്ണയും വെളിച്ചെണ്ണയും
മൂന്നു തുള്ളി വീതം ആവണക്കെണ്ണയും മൂന്നു വെളിച്ചെണ്ണയും എടുത്ത് നന്നായി മിക്സ് ചെയ്യുക. ഇത് മുഖത്ത് നന്നായി തേച്ചു പിടിപ്പിക്കുക. ചർമത്തിലെ ചുളിവുകൾ പ്രതിരോധിക്കുകയും ആരോഗ്യം നല്‍കുകയും ചെയ്യാൻ ഇതു സഹായിക്കും.
∙ തേനും വെളിച്ചെണ്ണയും
തേനും വെളിച്ചെണ്ണയുമാണ് മറ്റൊരു പ്രധാനപ്പെട്ട കൂട്ട്. ഇവ മിക്സ് ചെയ്ത് ചുളിവുകളുള്ള ഭാഗത്തു തേച്ചു പിടിപ്പിക്കുക. ഇത് ഒരു മണിക്കൂറിനു ശേഷം സാധാരണ വെള്ളത്തില്‍ കഴുകിക്കളയാം. ഒരാഴ്ച കൃത്യമായി ചെയ്താല്‍ വ്യത്യാസം കാണാം.
∙ മഞ്ഞളും വെളിച്ചെണ്ണയും
മഞ്ഞളും വെളിച്ചെണ്ണയും മിക്സ് ചെയ്തു തേക്കുന്നത് മുഖത്തിനു തിളക്കം നല്‍കും. ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍ അല്‍പം വെളിച്ചെണ്ണയില്‍ കുഴച്ചു മുഖത്തു നന്നായി തേച്ചു പിടിപ്പിക്കുക. ഇത് ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാവുന്നതാണ്. മുഖത്തിനു തിളക്കം നൽകുന്നതിനൊപ്പം ചര്‍മത്തിനു ആരോഗ്യം ഇതിലൂടെ ലഭിക്കും.
∙ വെളിച്ചെണ്ണയും റോസ് വാട്ടറും|
വെളിച്ചെണ്ണയില്‍ റോസ് വാട്ടര്‍ മിക്സ് ചെയ്ത് മുഖത്തു തേയ്ക്കാം. ഇത് അകാല വാര്‍ധക്യം തടയാൻ സഹായിക്കുന്നു. ഒപ്പം ചര്‍മത്തിന്റെ വരള്‍ച്ച നിയന്ത്രിക്കുകയും തിളക്കം നൽകുകയും ചെയ്യും.
∙ ഒലിവ് ഓയിലും വെളിച്ചെണ്ണയും
ഒലിവ് ഓയിലും വെളിച്ചെണ്ണയും മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം ഇതു കഴുകാം. ആഴ്ചയില്‍ കൃത്യമായി ഇങ്ങനെ ചെയ്താല്‍ എല്ലാ പാടുകളും മാറി ചർമം സുന്ദരമാകും.
English Summary : Use Coconut Oil For Skin Lightening