ADVERTISEMENT

തിളക്കമുള്ള മുഖം എല്ലാവരുടെയും ആഗ്രഹമാണ്. അത് പ്രകൃതിദത്തമായ ചേരുവകൾ കൊണ്ടാണെങ്കിൽ ഏറെ നല്ലത്. കഴിക്കാനായി വാങ്ങുന്ന പല പഴങ്ങൾക്കും നമ്മുടെ ചർമത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയും. അത്തരത്തിലൊരു പഴമാണ് മാതളനാരങ്ങ അഥവാ അനാർ (Pomegranate). ഇതിന്റെ കുരു ഉണക്കി പൊടിച്ച് ഫെയ്സ് മാസ്കുകൾ തയാറാക്കിയാൽ പിന്നെ തിളങ്ങുന്ന ചർമത്തിനായി വേറെ ഒന്നും വേണ്ട.

ഗ്രീൻ ടീ, കോഫി, മാതളനാരങ്ങ 
മുഖത്തെ ചുളിവുകളെ പ്രതിരോധിക്കാനും ചർമത്തിന്റെ മൃദുത്വം കാത്തുസൂക്ഷിക്കാനും ഗ്രീൻ ടീ ഏറെ ഉപകാരപ്രദമാണ്. ചെറുപ്പം നിലനിർത്താനുള്ള ശേഷി കാപ്പിയ്ക്കുണ്ട്. കൂടാതെ ഹൈപ്പർപിഗ്മെന്റേഷനിൽ നിന്നും സംരക്ഷണം നൽകുകയും ചെയ്യുന്നു. മുഖക്കുരു, വെയിലേറ്റുള്ള നിറം മങ്ങൽ എന്നിവയ്‌ക്കെല്ലാം പ്രതിവിധിയാണ് പാലിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ. ഫേസ്മാസ്ക്ക് തയാറാക്കാനായി ഒരു ടേബിൾ സ്പൂൺ മാതളനാരങ്ങയുടെ പൊടി, രണ്ടു മുതൽ മൂന്ന് വരെ ടീസ്പൂൺ ഗ്രീൻ ടീ, രണ്ടു ടീസ്പൂൺ കോഫി, ഒന്നോ രണ്ടോ സ്പൂൺ പാൽ അല്ലെങ്കിൽ മിൽക്ക് ക്രീം എന്നിവയാണ് ആവശ്യമുള്ളത്. ഇവയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്തതിന് ശേഷം മുഖത്ത് തേക്കാം. 25–30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. 

ഓട്സ്, തൈര്, മാതളനാരങ്ങ 
മുഖക്കുരു, ചർമത്തിന് പുറത്തുണ്ടാകുന്ന ചെറു അണുബാധകൾ എന്നിവയിൽ നിന്നെല്ലാം സംരക്ഷിക്കാൻ  ഓട്സിനു കഴിയും. തൈര് മികച്ചൊരു മോയിസ്ചറൈസർ ആണ്. മഞ്ഞൾ പൊടി മുഖക്കുരുവിനെ പ്രതിരോധിക്കുമെന്ന് മാത്രമല്ല, യുവത്വം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. മാതള നാരങ്ങയുടെ പൊടിയും ഓട്സും മഞ്ഞൾ പൊടിയും നന്നായി മിക്സ് ചെയ്തതിന് ശേഷം ഇതിലേക്ക് തൈര് ചേർക്കാം. കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കിയതിന് ശേഷം മുഖത്ത് തേച്ച് 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. ശേഷം മോയ്സചറൈസറും സൺസ്‌ക്രീനും ഉപയോഗിക്കാം.

പുതിനയില, ചെറുനാരങ്ങ, മാതളനാരങ്ങ 
മുഖത്തെ പേശികൾക്ക് അയവു നൽകാൻ പുതിനയിലകൾക്ക് കഴിയും. ചെറുനാരങ്ങയിൽ അടങ്ങിയിരിക്കുന്ന ബയോ ആക്റ്റീവ് പദാർഥങ്ങൾ അകാലവാർധക്യത്തെ ചെറുക്കാൻ സഹായിക്കും. വെയിലേറ്റുള്ള  നിറം മങ്ങലിൽ നിന്നും രക്ഷനേടാൻ കുക്കുമ്പർ ഒരു മികച്ച പ്രതിവിധിയാണ്. രണ്ടു ടേബിൾ സ്പൂൺ മാതളനാരങ്ങയുടെ കുരു പൊടിച്ചത്, ചതച്ചെടുത്ത അര കപ്പ് പുതിനയില, അര ടീസ്പൂൺ ചെറുനാരങ്ങയുടെ നീര്, ഒരു ടീസ്പൂൺ കുക്കുമ്പർ നീര് എന്നിവയാണ് ഈ ഫേസ് മാസ്ക്ക് തയാറാക്കാനായി ആവശ്യമുള്ളത്. പുതിനയിലയും മാതളനാരങ്ങയുടെ കുരു പൊടിച്ചതും ഒരു പാത്രത്തിലെടുത്ത് ചെറുനാരങ്ങയുടെയും കുക്കുമ്പറിന്റെയും നീര് ചേർത്ത് മിക്സ് ചെയ്യാം. 25 - 30 മിനിട്ടു വരെ മുഖത്ത് വച്ചതിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. 

തേൻ, കോഫി, മാതളനാരങ്ങ 
തേൻ പല പ്രശ്നങ്ങൾക്കും പരിഹാരമായി ഉപയോഗിക്കുന്ന ഒരു ഔഷധക്കൂട്ടാണ്‌. മുഖത്തുണ്ടാകുന്ന പാടുകൾ ഫലപ്രദമായി പ്രതിരോധിക്കാൻ തേൻ സഹായിക്കുമ്പോൾ ഹൈപ്പർ പിഗ്മെന്റേഷനിൽ നിന്നും സംരക്ഷിക്കാൻ കാപ്പിയ്ക്കു കഴിയും. മികച്ചൊരു മോയിസ്ചറൈസറാണ് കറ്റാർവാഴ. രണ്ടു ടേബിൾ സ്പൂൺ മാതളനാരങ്ങയുടെ കുരു പൊടിച്ചതിലേയ്ക്ക് ഒരു ടീസ്പൂൺ തേൻ, രണ്ടു ടീസ്പൂൺ കാപ്പി, ഒരു ടീസ്പൂൺ കറ്റാർവാഴയുടെ ജെൽ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഈ  പേസ്റ്റ് 25 - 30 മിനിറ്റ് നേരം മുഖത്ത് പുരട്ടിയതിനുശേഷം തണുത്ത വെള്ളത്തിൽ കഴുകാവുന്നതാണ്. മോയ്സ്ചറൈസിങ് ക്രീമും സൺസ്‌ക്രീനും പുരട്ടാൻ മറക്കരുത്.

പഴം, റോസ് വാട്ടർ, മാതളനാരങ്ങ 
പഴത്തിന്റെ തൊലി ഉണക്കി പൊടിച്ചത് ചർമത്തെ ബാധിക്കുന്ന ഏതു തരത്തിലുള്ള കേടുപാടുകളും പരിഹരിക്കാൻ അത്യുത്തമമാണ്. റോസ് വാട്ടറിലെ ആന്റി ഓക്സിഡന്റുകൾ ചർമത്തെ സംരക്ഷിക്കും. മുഖക്കുരു, മറ്റു ചർമസംബന്ധമായ പ്രശ്‍നങ്ങൾ എന്നിവയ്‌ക്കെല്ലാം പ്രതിവിധിയാണ് പാലിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ. രണ്ടു ടേബിൾ സ്പൂൺ മാതളനാരങ്ങയുടെ കുരു പൊടിച്ചത്, ഒരു ടേബിൾ സ്പൂൺ പഴം നന്നായി ഉടച്ചത് അല്ലെങ്കിൽ പഴത്തൊലി പൊടിച്ചത് അര ടേബിൾ സ്പൂൺ റോസ് വാട്ടർ, ഒരു ടീസ്പൂൺ മിൽക്ക് ക്രീം. ഇത്രയുമാണ് ഈ ഫെയ്സ് മാസ്കിനു വേണ്ടത്. ഒരു ബൗളിൽ മേല്പറഞ്ഞവയെല്ലാം ഒരുമിച്ച് ചേർത്ത് യോജിപ്പിച്ച് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. മുഖത്ത് പുരട്ടി 25 - 30 വച്ചതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകാം.

English Summary:

How Pomegranate Face Masks Can Revitalize Your Skin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com