കഴുത്തിന് ചുറ്റുമുള്ള കറുപ്പാണോ പ്രശ്നം? പരീക്ഷിക്കാം ഇവയെല്ലാം
Mail This Article
കഴുത്തിന് ചുറ്റുമുള്ള കറുപ്പു നിറം നിങ്ങളുടെ മൊത്തത്തിലുള്ള ലുക്കിന്റെ പകിട്ടു കുറയ്ക്കും. കഴുത്തിന് ചുറ്റുമുള്ള ഈ കറുപ്പ് പലരെയും അലട്ടുന്ന പ്രദാന പ്രശ്നമാണ്. എന്താണ് ഇതിന്റെ കാരണമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ശുചിത്വക്കുറവു മുതൽ ഏതെങ്കിലും രാസവസ്തുക്കളുടെയോ മരുന്നുകളുടെയോ അലർജി വരെ അതിനു കാരണമാകാം. രക്തത്തിൽ പ്രമേഹത്തിന്റെ അളവു കൂടുന്നതുപോലും കഴുത്തിലെ കറുപ്പുനിറത്തിനു കാരണമാകാം. കഴുത്തിൽ കറുപ്പു നിറം വന്നാൽ ഒട്ടും വിഷമിക്കേണ്ട അടുക്കളയിൽനിന്നുതന്നെ അതിനു പരിഹാരം കാണാം.
Read More: ‘ലെനയ്ക്ക് മാനസികപ്രശ്നം’, അനിതയ്ക്ക് കാൻസർ; രണ്ടുപേരും പറയുന്നു: ഈ ലോകം സത്യമല്ല
തൈര്
ചർമത്തിലെ കറുത്തപാടുകളെയകറ്റി തെളിമയുള്ള ചർമം സ്വന്തമാക്കാൻ തൈര് സഹായിക്കും. രണ്ട് ടേബിൾ സ്പൂൺ ശുദ്ധമായ തൈരെടുത്ത് കഴുത്തിൽ പുരട്ടുക. പതിനഞ്ചു മിനിറ്റിനു ശേഷം പച്ചവെള്ളമുപയോഗിച്ച് കഴുകിക്കളയാം.
ബദാം എണ്ണ
ബദാം എണ്ണയിൽ വിറ്റാമിൻ ഇയും ബ്ലീച്ചിങ് ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ബദാം എണ്ണ ചർമകാന്തി വർധിപ്പിക്കാൻ സഹായിക്കുന്നു. ഒന്നു രണ്ടു തുള്ളി ബദാം എണ്ണയെടുത്ത് കഴുത്തിൽ നന്നായി മസാജ് ചെയ്യുക. ചർമത്തിന് ആ എണ്ണമയം ആഗിരണം ചെയ്യാനുള്ള സമയം കൊടുക്കുക. ശേഷം ശുദ്ധജലമുപയോഗിച്ച് കഴുത്ത് വൃത്തിയാക്കാം.
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങിൽ നിറയെ ബ്ലീച്ചിങ് ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങളായി മുറിച്ച് മിക്സിയിൽ അരച്ചോ ചതച്ചോ നീരെടുത്ത് കഴുത്തിൽ പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് നല്ല തണുത്തവെള്ളമുപയോഗിച്ച് കഴുകിക്കളയുക.
കറ്റാർവാഴ ജെൽ
കഴുത്തിലെ കറുപ്പു നിറമകറ്റാൻ ഉത്തമമാണ് കറ്റാർവാഴ ജെൽ. അതിലടങ്ങിയിരിക്കുന്ന വിറ്റമിനുകളും ധാതുക്കളും ചർമത്തിലെ മെലാനിൻ ഉൽപാദനത്തെ നിയന്ത്രിച്ച് കഴുത്തിലെ കറുത്ത നിറത്തെ അകറ്റാൻ സഹായിക്കുന്നു. കറ്റാർവാഴയുടെ ഇല പറിച്ച് അതിലെ ജെൽ വേർതിരിച്ചെടുക്കുക. ആ ജെൽ കഴുത്തിൽ നന്നായി തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം ശുദ്ധമായ വെള്ളമുപയോഗിച്ച് കഴുകിക്കളയാം.
ആപ്പിൾ സിഡർ വിനഗർ
ചർമത്തിലെ പിഎച്ച് ലെവൽ നിയന്ത്രിക്കാനുള്ള കഴിവ് ആപ്പിൾ സിഡർ വിനഗറിനുണ്ട്. ചർമത്തിലെ മൃതകോശങ്ങളെ അകറ്റാനും ഇത് സഹായിക്കുന്നു. രണ്ട് ടേബിൾ സ്പൂൺ ആപ്പിൾ സിഡർ വിനഗറെടുത്ത് അതിൽ പഞ്ഞിയോ കോട്ടൺ തുണിയോ മുക്കി കഴുത്തിൽ കറുത്ത നിറം പടർന്ന ഭാഗത്തു പുരട്ടുക. കുറച്ചുകഴിഞ്ഞ് പച്ചവെള്ളമുപയോഗിച്ച് കഴുത്ത് വൃത്തിയാക്കാം.