സൗന്ദര്യ സംരക്ഷണം എളുപ്പത്തിൽ, പരീക്ഷിക്കാം കറ്റാർവാഴ മാജിക്
Mail This Article
സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കുന്ന പ്രകൃതിദത്ത വസ്തുക്കളെടുത്താൽ ആദ്യ സ്ഥാനങ്ങളിൽ തീര്‍ച്ചയായും കറ്റാർവാഴയുണ്ടാകും. ക്രീമുകളുൾപ്പെടെ നിരവധി സൗന്ദര്യ സംരക്ഷണ വസ്തുക്കളിലെ മുഖ്യ ഘടകമാണിത്. അത്രയേറെ ഔഷധ ഗുണങ്ങളുണ്ട് കറ്റാർവാഴയ്ക്ക്. നമ്മുടെ വീട്ടിൽ കറ്റാർ വാഴ വളര്‍ത്താനാവും. അത് എളുപ്പത്തിൽ ഉപയോഗിച്ച് സൗന്ദര്യ സംരക്ഷണം സാധ്യമാക്കുകയും ചെയ്യാം. പല രീതിയിൽ കറ്റാർ വാഴ ഉപയോഗിക്കാം. വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രീതി നോക്കിയാലോ?
ആദ്യം കറ്റാര്‍ വാഴയുടെ ഇലകള്‍ നന്നായി കഴുകുക. ഈ ഇലകള്‍ പതിയെ അമര്‍ത്തി അതിനെ മൃദുവാക്കുക. തുടര്‍ന്ന് ഇല രണ്ടായോ അതില്‍ കൂടുതല്‍ കഷ്ണങ്ങളായോ മുറിക്കുക.
കൈ ഉപയോഗിച്ച് ഇല രണ്ടായി പിളര്‍ക്കുക. ഇത് എളുപ്പത്തില്‍ ചെയ്യാന്‍ ഒരു കത്തിയുപയോഗിച്ച് ഇലയുടെ നടുവിലായി കീറിയാലും മതി. ഒരു സ്പൂണ്‍ ഉപയോഗിച്ച് ഇലയില്‍ നിന്നും നീര് എടുക്കാം.
ആവശ്യത്തിനുമാത്രമെടുത്ത് ബാക്കി ഫ്രിജില്‍ സൂക്ഷിക്കാവുന്നതാണ്. ഇലയില്‍ നിന്നും ശേഖരിച്ച നീര് ഒരു പാത്രത്തില്‍ എടുക്കുക. ഈ നീര് മുഴുവന്‍ മുഖത്ത് പുരട്ടുക. തുടര്‍ന്ന് ആ ഇലകൊണ്ടു മുഖം നന്നായി മസാജ് ചെയ്യുക. 20 മിനിറ്റ് ഇത് മുഖത്തിട്ടതിനുശേഷം കഴുകിക്കളയാം.
മുഖ ചർമത്തിന്റെ തിളക്കവും ഫ്രഷ്നസും ഇത്തരത്തിൽ എളുപ്പം വീണ്ടെടുക്കാം. ഒരുപാട് സമയമോ പണമോ ആവശ്യവുമില്ല.