തിളങ്ങുന്ന ചർമം ഇനി തലവേദനയാകില്ല, പരീക്ഷിക്കാം റാഗി ഫെയ്സ് മാസ്ക്
Mail This Article
റാഗി ആരോഗ്യത്തിനു അത്യുത്തമമായ ഒരു ചെറുധാന്യമാണെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാൽ പോഷകങ്ങൾ ധാരാളമടങ്ങിയ റാഗി ചർമ സംരക്ഷണത്തിനും ഏറെ ഉപകാരിയാണ്. ആന്റി ഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങി നിരവധി ഘടകങ്ങൾ ഈ ചെറു ധാന്യത്തിലുണ്ട്. തിളക്കമുള്ള ചർമം സ്വന്തമാക്കാനായി റാഗി കൊണ്ടുള്ള ഫെയ്സ് മാസ്ക് തയാറാക്കുന്നതെങ്ങനെ എന്നുനോക്കാം.
ആവശ്യമുള്ളവ
റാഗി പൊടി - രണ്ടു ടേബിൾ സ്പൂൺ
തൈര് - ഒരു ടേബിൾ സ്പൂൺ
തേൻ - ഒരു ടീസ്പൂൺ
ചെറുനാരങ്ങാ നീര് - ഒരു ടീസ്പൂൺ
വൃത്തിയുള്ള ഒരു ബൗളിലേയ്ക്ക് റാഗി പൊടിയും തൈരും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ കൂട്ടിലേക്ക് തേനും ചെറുനാരങ്ങാനീരും കൂടി ചേർക്കാവുന്നതാണ്. ഇവയെല്ലാം ഒരുമിച്ച് ചേർത്ത് പേസ്റ്റ് പോലെയാക്കിയെടുക്കുക.
ഉപയോഗിക്കുന്ന വിധം
മുഖം നന്നായി കഴുകി വൃത്തിയാക്കി തുടച്ചതിനു ശേഷം ഈ ഫെയ്സ് മാസ്ക് ബ്രഷ് ഉപയോഗിച്ചോ അല്ലെങ്കിൽ വിരലുകൾ കൊണ്ടോ മുഖത്തും കഴുത്തിലും പുരട്ടാവുന്നതാണ്. കണ്ണുകളുടെ ഭാഗം മാത്രം ഒഴിവാക്കാം. പതിനഞ്ചു മുതൽ ഇരുപത് മിനിട്ടു വരെ മുഖത്ത് പുരട്ടി ഉണങ്ങിയതിനു ശേഷം വെള്ളമുപയോഗിച്ച് വൃത്താകൃതിയിൽ മസാജ് ചെയ്യാവുന്നതാണ്. ശേഷം ചെറുചൂടു വെള്ളത്തിൽ മുഖം കഴുകാം. മുഖം വരണ്ടതായി തോന്നുന്നുണ്ടെങ്കിൽ മോയിസ്ചറൈസർ ഉപയോഗിക്കാൻ മറക്കരുത്.
ഈ കാര്യങ്ങൾ മറക്കരുതേ
ഈ ഫെയ്സ് മാസ്ക് ഉപയോഗിക്കുന്നതിനു മുൻപ് ചർമത്തിന് ഇത് ചേരുമോ എന്നുള്ള കാര്യം പരീക്ഷിച്ചു നോക്കേണ്ടതാണ്. മേൽപറഞ്ഞ ചേരുവകളിൽ ചർമത്തിന് ദോഷകരമായി ബാധിക്കുന്നവയുണ്ടെങ്കിൽ അവ ഒഴിവാക്കുകയോ അളവ് കുറച്ചോ ഉപയോഗിക്കുകയോ ചെയ്യാം. മികച്ച ഫലം ലഭിക്കണമെങ്കിൽ ആഴ്ചയിൽ രണ്ടുതവണ വീതം ഫെയ്സ് മാസ്ക് മുഖത്തിടാം.
റാഗി ഫെയ്സ് മാസ്കിന്റെ ഗുണങ്ങൾ
റാഗി മികച്ചൊരു എക്സ്ഫോലിയന്റ് ആണ്. മൃത കോശങ്ങളെ നീക്കം ചെയ്യുന്നു. കൂടാതെ, മുഖത്തെ സുഷിരങ്ങളിൽ അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്കിനെ അകറ്റാൻ സഹായിക്കും. തൈരും തേനും ചർമത്തെ ഹൈഡ്രേറ്റ് ചെയ്യുന്നു. മാത്രമല്ല, മുഖചർമം മാർദ്ദവമുള്ളതാക്കുന്നു. ചെറുനാരങ്ങാ നീര് മുഖത്തിന് തിളക്കം സമ്മാനിക്കുകയും കറുത്ത പാടുകൾ അകറ്റുകയും ചെയ്യുന്നു.