അകാലനരയാണോ നിങ്ങളുടെ പ്രശ്നം? ഇനി ടെൻഷനടിക്കേണ്ട, പരിഹാരം വീട്ടിൽ തന്നെയുണ്ട്
Mail This Article
അകാലനര എന്നത് ഇന്നത്തെ കാലത്ത് പലരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ്. ജീവിതശൈലിയിലെ മാറ്റങ്ങൾ, പാരമ്പര്യം എന്നിവയൊക്കെ അകാലനരയുടെ കാരണങ്ങളാണ്. എത്രയൊക്കെ പോംവഴി നോക്കിയിട്ടും ഫലം കാണാതെ വരുന്നതോടെ മുടി ഡൈ ചെയ്യുന്നതിലേക്കും മറ്റു കളറുകൾ മുടിയ്ക്ക് നൽകുന്നതിലേക്കുമെല്ലാമാണ് പലരും നീങ്ങാറുള്ളത്. എന്നാൽ ഇത്തരത്തിൽ കെമിക്കലുകൾ യൂസ് ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് വലിയ പ്രശ്നമുണ്ടാക്കും.എന്നാൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില സിംപിൾ ടിപ്സ് കൊണ്ട് അകാലനര മാറ്റിയാലോ? എങ്ങനെയെന്നല്ലേ, പരീക്ഷിക്കാം.
നെല്ലിക്ക
മുടിയുടെ ആരോഗ്യത്തിനും മുടിക്ക് നല്ല കറുപ്പ് നിറം നൽകാനുമെല്ലാം ഏറ്റവും മികച്ച പോംവഴിയാണ് നെല്ലിക്ക. പച്ച നെല്ലിക്ക വെള്ളത്തിലിട്ട് ആദ്യം വെള്ളത്തിലിട്ട് തിളപ്പിച്ചെടുക്കണം. അതിനുശേഷം നെല്ലിക്ക കുരു കളഞ്ഞതിന് ശേഷം മിക്സിയിലിട്ട് നന്നായി അരച്ചെടുത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് മുടിയിൽ തേച്ചു പിടിപ്പിക്കാം. മുടിയിൽ മുഴുവനായി തേച്ചു പിടിപ്പിക്കാൻ ശ്രദ്ധിക്കണം. 1 മണിക്കൂറിന് ശേഷം നേരത്തെ നെല്ലിക്ക തിളപ്പിക്കാനെടുത്ത വെള്ളം ഉപയോഗിച്ച് മുടി കഴുകാം.
ഉരുളക്കിഴങ്ങ് തൊലി
ഉരുളക്കിഴങ്ങിലുള്ള അന്നജം മുടിയുടെ നര കുറയ്ക്കാൻ സഹായിക്കും. ഉരുളക്കിഴങ്ങിന്റെ തൊലി നന്നായി കഴുകി വെള്ളത്തിലിട്ട് തിളപ്പിച്ചെടുക്കാം. ശേഷം ഇത് അരച്ചെടുത്ത് പേസ്റ്റ് രൂപത്തിലാക്കുക. മുടി ആദ്യം ഷാംപൂ ഉപയോഗിച്ച് കഴുകിയതിന് ശേഷം ഈ മിശ്രിതം തലയിൽ തേച്ചു പിടിപ്പിക്കാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം.
ബീറ്റ്റൂട്ടും കാരറ്റും
ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങളാണ് ബീറ്റ്റൂട്ടും ക്യാരറ്റും കഴിച്ചാൽ ലഭിക്കുന്നത്. ഇതിന് മുടിയിലും അത്ഭുതങ്ങൾ കാണിക്കാൻ കഴിയും. ബീറ്റ്റൂട്ടും കാരറ്റും വെള്ളത്തിലിട്ട് മൃദുവാകുന്നത് വരെ നന്നായി തിളപ്പിച്ച് എടുക്കുക. അതിന് ശേഷം തീയിൽ നിന്ന് മാറ്റി നന്നായി ഉടച്ച് എടുക്കുക. ഈ പേസ്റ്റ് മുടിയിൽ പുരട്ടി അൽപസമയത്തിനു ശേഷം കഴുകി കളയാം.
മൈലാഞ്ചി
മുടിയ്ക്ക് നിറം നൽകാൻ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതാണ് മൈലാഞ്ചി. ചൂടുവെള്ളത്തിൽ മൈലാഞ്ചി പൊടി ചേർത്ത് ക്രീം രൂപത്തിലാക്കിയെടുക്കാം. മുടി വരണ്ടതാണെങ്കിൽ ഈ മിശ്രിതത്തിൽ അൽപം തൈര് കൂടി ചേർക്കാം. ഇത് നന്നായി മുടിയിൽ തേച്ചുപിടിപ്പിക്കണം. തേയ്ക്കുമ്പോൾ ഗ്ലൗസ് ധരിക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ കൈ മുഴുവൻ ചുവന്ന കളറാകും. 2–3 മണിക്കൂർ വരെ ഇത് തലയില്‍ സൂക്ഷിക്കാം. ശേഷം കഴുകിക്കളയാം.
ചെമ്പരത്തി
മുടിയുടെ വളർച്ചയ്ക്കുള്ള ഏറ്റവും മികച്ചതും പ്രകൃതിദത്തവുമായ ചേരുവയാണ് ചെമ്പരത്തി. ചെമ്പരത്തിയുടെ ഇല, പൂവ് തുടങ്ങി എല്ലാ ഘടകങ്ങളും മുടിയ്ക്ക് നല്ല നിറവും ഭംഗിയും കൂട്ടാൻ സഹായിക്കും. ചെമ്പരത്തി പൂവിന്റെ ഇതളുകൾ ചൂടു വെള്ളത്തിൽ തിളപ്പിച്ച് ഒരു ലായനി ഉണ്ടാക്കുക. കൂടുതൽ ഫലം ലഭിക്കാൻ ഇതിലേക്ക് അൽപ്പം കൊക്കോ പൗഡറും കറിവേപ്പിലയും ചേർക്കുന്നതും കൂടുതൽ ഗുണം നൽകും. ഇത് പേസ്റ്റായി മുടിയിൽ പുരട്ടാവുന്നതാണ്. 1 മണിക്കൂറിന് ശേഷം കഴുകി കളയാം.