ക്ഷീണിച്ച കണ്ണുകള്‍ക്ക് സംരക്ഷണം വേണോ? പാലും പനിനീരും കുക്കുമ്പറും മാത്രം മതി
Mail This Article
ജോലിസംബന്ധമായിട്ടായാലും അല്ലെങ്കിലും മണിക്കൂറുകളോളം കമ്പ്യൂട്ടറും ഫോണുമെല്ലാം ഉപയോഗിക്കുന്നവരാണ് നമ്മള്‍. ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട് എന്നതില്‍ സംശയമില്ല. ഏറ്റവുമധികം പണി കിട്ടുന്നത് കണ്ണുകള്‍ക്ക് തന്നെയായിരിക്കും. കണ്ണുകള്‍ക്ക് ക്ഷീണം തോന്നുകയും കണ്‍തടത്തില്‍ കറുപ്പ് വീഴുകയും കണ്ണിന്റെ ആരോഗ്യം തന്നെ നഷ്ടപ്പെടുകയും ചെയ്യും. പ്രസരിപ്പില്ലാത്ത കണ്ണുകളാണെങ്കില്‍ പിന്നെ എന്ത് മേക്കപ്പ് ചെയ്തിട്ടും കാര്യമില്ലല്ലോ. അതിനാല്‍ കണ്ണുകളെ സംരക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
പാല്‍
പാല്‍ കണ്ണുകളുടെ പ്രസരിപ്പിനു നല്ലതാണെന്നറിയാമോ? കണ്ണുകളുടെ ക്ഷീണമകറ്റാനും കണ്‍തടത്തിലെ കറുപ്പകറ്റാനുമൊക്കെ പാലുപയോഗിച്ച് സാധിക്കും. പാലില്‍ കോട്ടണ്‍ മുക്കിയ ശേഷം ഇത് കണ്ണുകള്‍ക്ക് മുകളില്‍ അല്‍പ്പ നേരം വെക്കുക. ചർമത്തിന് ഈര്‍പ്പം നല്‍കി കണ്ണുകള്‍ക്ക് തിളക്കം നല്‍കാനും ക്ഷീണമകറ്റാനും ഇത് സഹായിക്കും.
പനിനീര്
പാല് കഴിഞ്ഞാല്‍ പനിനീരാകാം. കണ്ണുകള്‍ക്ക് തണുപ്പും സുഖവും ലഭിക്കാനായി കണ്ണുകള്‍ക്ക് മീതെ വെക്കുന്ന പ്രകൃതിദത്ത പായ്ക്കുകളില്‍ അല്‍പ്പം പനിനീര് കൂടി കലര്‍ത്തി നോക്കിയാല്‍ ഫലം ഇരട്ടിയാകും. പനിനീരില്‍ മുക്കി തണുപ്പിച്ച കോട്ടണ്‍ കണ്ണുകള്‍ക്ക് മുകളില്‍ വെക്കുന്നതും കണ്ണുകളുടെ ക്ഷീണമകറ്റാനും കൂടുതല്‍ പ്രസരിപ്പ് തോന്നാനും സഹായിക്കും.
കുക്കുമ്പര്‍
കുക്കുമ്പര്‍ വെറുതെ മുറിച്ച് കണ്ണുകള്‍ക്ക് മുകളില്‍ വെക്കുന്നത് വളരെ നല്ലതാണ്. കണ്‍തടത്തിലെ കറുപ്പകറ്റാനും ക്ഷീണമകറ്റാനും ഇത് സഹായിക്കും. ദിവസവും ചെയ്യാവുന്ന ഒരു മാർഗമാണിത്. ആരോഗ്യത്തിന് ഗുണം ചെയ്യുന്ന നിരവധി വിറ്റാമിനുകളും ധാതുക്കളും കുക്കുമ്പറില്‍ അടങ്ങിയിട്ടുണ്ട്. ഇത് കനം കുറഞ്ഞ ചെറിയ കഷ്ണങ്ങളാക്കി പത്തു മിനുട്ട് കണ്ണുകള്‍ക്ക് മുകളില്‍ വെക്കുന്നത് കണ്ണുകള്‍ക്ക് ചുറ്റുമുള്ള നീര്‍വീക്കം കുറയ്ക്കാനും ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കുന്നു.