ചർമത്തിലെ കറുത്ത പാടുകൾ മാറ്റി തിളക്കം നേടാം; പ്രതിവിധി വീട്ടിൽ തന്നെയുണ്ട്
Mail This Article
ചർമത്തിൽ കറുത്തപാടുകൾ വരുന്നത് ചിലരെ അലട്ടുന്ന വലിയൊരു പ്രശ്നമാണ്. ചർമത്തിന്റെ നിറം ഇരുണ്ടതാകുന്ന ഈ അവസ്ഥയെ ഹൈപ്പർ പിഗ്മെന്റേഷൻ എന്നാണ് പറയുന്നത്. ശരീരം മുഴുവനുമോ അല്ലെങ്കിൽ ചില ഭാഗങ്ങളിലോ ഇതിന്റെ പ്രതിഫലനം കാണുവാൻ സാധിക്കും. ഇതൊരു ഗുരുതരമായ പ്രശ്നമല്ലെങ്കിലും ചിലപ്പോൾ വൈദ്യോപദേശം തേടേണ്ടതായി വരും. വീട്ടിൽ തന്നെ ഹൈപ്പർ പിഗ്മെന്റേഷന് പ്രതിവിധികളുണ്ട്. എന്തൊക്കെയെന്ന് നോക്കാം.
ആപ്പിൾ സിഡെർ വിനഗർ
ആപ്പിൾ സിഡെർ വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന അസെറ്റിക് ആസിഡ് പിഗ്മെന്റേഷനെ ചെറുക്കുകയും ചർമത്തിലെ ഇരുണ്ട പാടുകളെ അകറ്റാൻ സഹായിക്കുകയും ചെയ്യുന്നു. ഒരു കണ്ടെയ്നറിൽ തുല്യ അളവിൽ ആപ്പിൾ സിഡെർ വിനഗറും വെള്ളവുമെടുക്കുക. ഇരുണ്ട നിറമുള്ള ഭാഗങ്ങളിൽ പുരട്ടിയതിനു ശേഷം രണ്ടോ മൂന്നോ നിമിഷം മിനിറ്റിന് ശേഷം ചെറു ചൂടു വെള്ളത്തിൽ കഴുകാം. ദിവസവും രണ്ടു തവണ ഇത്തരത്തിൽ ചെയ്യുന്നത് മികച്ച ഫലം നൽകും.
കറ്റാർ വാഴ
കറ്റാർ വാഴയിൽ അടങ്ങിയിരിക്കുന്ന അലോയ്‌ൻ എന്ന പദാർഥമാണ് ചർമത്തെ സ്വാഭാവിക നിറത്തിലേക്കു തിരികെ എത്താൻ സഹായിക്കുന്നത്. രാത്രി കിടക്കുന്നതിനു മുൻപായി ചർമത്തിലെ കറുത്ത പാടുകളിൽ കറ്റാർവാഴയുടെ ജെല്ലെടുത്ത് പുരട്ടാവുന്നതാണ്. രാവിലെ ചൂട് വെള്ളത്തിൽ മുഖം കഴുകാം. ദിവസവും ചെയ്‌താൽ കറുത്ത പാടുകളിൽ നിന്നു ആശ്വാസം ലഭിക്കും.
ഗ്രീൻ ടീ
ഗ്രീൻ ടീയ്ക്കു ഹൈപ്പർ പിഗ്മെന്റേഷനെ ചെറുക്കാൻ കഴിയും. തിളച്ച വെള്ളത്തിൽ ഒരു ഗ്രീൻ ടീ ബാഗ് മൂന്നു മുതൽ അഞ്ചു മിനിട്ടു വരെ ഇട്ടു വെക്കാം. ചൂടാറി കഴിയുമ്പോൾ കറുത്ത പാടുകളിൽ ഈ ടീ ബാഗ് ഉപയോഗിച്ച് സാവധാനത്തിൽ ഉരയ്ക്കാവുന്നതാണ്. ദിവസവും രണ്ടു തവണ ഇതാവർത്തിക്കാം. കറുത്ത പാടുകൾ കുറഞ്ഞു വരുന്നത് കാണുവാൻ കഴിയും.
കട്ടൻ ചായ
ഒരു ടീസ്പൂൺ തേയില ഒരു കപ്പ് തിളയ്ക്കുന്ന വെള്ളത്തിലേക്ക് ചേർക്കാം. രണ്ടു മണിക്കൂറിനു ശേഷം തേയില വെള്ളത്തിൽ നിന്നും മാറ്റിയതിനു ശേഷം ഒരു കോട്ടൺ ബോൾ വെള്ളത്തിൽ മുക്കി കറുത്ത പാടുകൾ ഉള്ള ഭാഗത്ത് പുരട്ടാവുന്നതാണ്. ദിവസവും രണ്ടു തവണ വീതം ഇതാവർത്തിക്കാം.
പാൽ
ഒരു കോട്ടൺ ബോൾ പാലിൽമുക്കി കറുത്ത പാടുകൾ ഉള്ള ഭാഗങ്ങളിൽ നന്നായി സ്ക്രബ് ചെയ്യണം. ദിവസവും രണ്ടു തവണ ഇങ്ങനെ ചെയ്താൽ കറുത്ത പാടുകൾ അകറ്റാൻ കഴിയും. ചർമത്തിലെ കറുത്ത പാടുകൾ നീക്കുന്നതിനു പാൽ ഒരുത്തമ പ്രതിവിധിയാണ്.
മസൂർ ദാൽ
50 ഗ്രാം മസൂർ ദാൽ കുറച്ച് വെള്ളത്തിൽ രാത്രി മുഴുവൻ കുതിർത്തു വെക്കുക. ഒരു ബ്ലെൻഡറിലിട്ടു പേസ്റ്റ് പോലെ അരച്ചെടുക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി ഇരുപതു മിനിട്ടിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി, ഈർപ്പം തുടച്ചുമാറ്റാം. ഹൈപ്പർ പിഗ്മെന്റേഷന് പരിഹാരമായി ഉപയോഗിക്കാവുന്ന ഒന്നാണ് ഈ മാസ്ക്. ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ മസൂർ ദാൽ കൊണ്ടുള്ള ഈ പായ്ക്ക് ചർമത്തിന് ഏറെ ഉപകാരപ്രദമാണ്.