ദിവസങ്ങൾക്കുള്ളിൽ തലയിലെ പേനും ഈരും ഇല്ലാതാവും, പരീക്ഷിക്കാം ഈ ടിപ്സ്
Mail This Article
കുട്ടികൾ മുതൽ മുതിർന്നവർ വരെ നേരിടുന്ന പ്രശ്നമാണ് പേൻ ശല്യം. സാധാരണയായി കുട്ടികളിലാണ് പേൻ കൂടുതലായി കാണുന്നത്. എത്ര കളയാൻ ശ്രമിച്ചാലും കൂടി കൂടി വരും എന്നല്ലാതെ കുറവുണ്ടാവാറില്ല. ശുചിത്വമില്ലായ്മയുടെയും വൃത്തിയില്ലാത്ത മുടിയുടെയും ലക്ഷണം കൂടിയാണ് തലയിലെ പേൻ ശല്യം. മനുഷ്യരുടെ തലയോട്ടിയിൽ നിന്ന് വലിച്ചെടുക്കുന്ന രക്തമാണ് ഇതിന്റെ പ്രധാന ആഹാരം.
തലയിൽ പേൻ കയറുമ്പോഴുണ്ടാകുന്ന ഏറ്റവും വലിയ പ്രശ്നം ചൊറിച്ചിലാണ്. തല ശക്തിയായി ചൊറിയുമ്പോൾ തലയിലെ ചർമത്തിൽ പോറലുകൾ വീഴാൻ കാരണമാവുകയും ചെയ്തേക്കാം. കൊച്ചുകുട്ടികളിൽ ഇത്തരം പോറലുകൾ അണുബാധയ്ക്ക് കാരണമാവാം. ചിലർക്ക് പേൻ തൊട്ട കൈ കൊണ്ട് കണ്ണിൽ തൊട്ടാൽ കണ്ണ് ചുവക്കുന്ന അവസ്ഥകളും ഉണ്ടാകാറുണ്ട്. എന്നാൽ യാതൊരു കെമിക്കലും ഉപയോഗിക്കാതെ തന്നെ പേൻ കളയാനുള്ള എളുപ്പവഴി നമ്മുടെ വീട്ടിൽ തന്നെയുണ്ട്. അതെന്താണെന്ന് നോക്കാം.
ബേക്കിങ് സോഡ
പേൻ ശല്യം, തലയിലെ ചൊറിച്ചിൽ തുടങ്ങിയവ അകറ്റാനുള്ള മികച്ച മാർഗമാണ് ബേക്കിങ് സോഡ. കുറച്ച് ബേക്കിങ് സോഡ നിങ്ങളുടെ കണ്ടീഷണറുമായി ചേർത്ത് മിക്സ് ചെയ്ത് തലയിൽ പുരട്ടുക. മുപ്പതു മിനിറ്റിന് ശേഷം മുടി നന്നായി ചീകി പേനുകളെ നീക്കാം. അതിന് ശേഷം മുടി ഷാംപൂ ഇട്ട് കഴുകി, കണ്ടീഷണർ ഉപയോഗിച്ച് വൃത്തിയാക്കാം.
വെളുത്തുള്ളി
പേൻ ശല്യം മാറ്റാൻ ഏറ്റവും നല്ലൊരു പോംവഴിയാണ് വെളുത്തുള്ളി. വെളുത്തുള്ളിയുടെ അല്ലി ചതച്ച് നാരങ്ങാ നീരുമായി കലർത്തി തലയോട്ടിയിൽ പുരട്ടുക. വെളുത്തുള്ളിയുടെ ശക്തമായ ഗന്ധം പേനുകളെ ഇല്ലാതാക്കുന്നു, മുപ്പത് മിനിറ്റിന് ശേഷം തല മസ്സാജ് ചെയ്ത്, ഒരു ചീപ്പ് കൊണ്ട് ചീകാം. അതിന് ശേഷം ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് മുടി കഴുകി വൃത്തിയാക്കാം.
ബേബി ഓയിൽ
ബേബി ഓയിൽ തലയിൽ പുരട്ടി ഒരു രാത്രി മുഴുവൻ വെക്കുക. രാവിലെ മുടി നന്നായി ചീകുക. പേനുകൾ താനെ താഴേക്ക് വീഴുന്നത് കാണാം. ഷാംപൂ ഉപയോഗിച്ച് തല കഴുകുക. ഇതും തുടർച്ചയായി ചെയ്യുന്നത് പേൻ ശല്യം അകറ്റാൻ സഹായിക്കും. ഇത് മാത്രമല്ല വെളിച്ചെണ്ണ ഒലീവ് ഓയിൽ എന്നിവയും പേൻ അകറ്റാൻ സഹായിക്കും.