ADVERTISEMENT

തിളങ്ങുന്ന സുന്ദരമായ ചർമം ആരാണ് ആഗ്രഹിക്കാത്തത്. ചർമസംരക്ഷണത്തിനായി എത്രയോ മാർഗങ്ങൾ ഇന്ന് ലഭ്യവുമാണ്. പക്ഷേ കണ്ണടച്ച് വിശ്വസിച്ച് ഇവയൊക്കെ സ്വന്തം ചർമത്തിൽ പരീക്ഷിക്കുന്നത് ഉചിതമാണോ എന്നു കൂടി ചിന്തിക്കണം. എന്നാൽ ഇതേക്കുറിച്ച് ആധികാരികമായി പറയാൻ കഴിയുന്ന വിശ്വസനീയമായ ഒരു കേന്ദ്രത്തിൽ നിന്നുള്ള ഉറപ്പ് ലഭിച്ചാലോ? പിന്നെന്തിന് സംശയിക്കണം ചർമം സുന്ദരമാക്കാനുള്ള ആ മാർഗത്തിലേക്ക് ധൈര്യമായി കടക്കാം, അല്ലേ.

താരസുന്ദരികളുടേത് പോലെ തിളങ്ങുന്ന ചർമം സ്വപ്നം കാണുന്നവർക്ക് വലിയ പ്രതീക്ഷ നൽകുന്ന ഒരു ടിപ്പ് അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുകയുണ്ടായി. അരി, ബീറ്റ്റൂട്ട് പൊടി, കറ്റാർ വാഴ എന്നിവ ഉപയോഗിച്ച് സുന്ദരമായ ആ ചർമം സ്വന്തമാക്കാമെന്നായിരുന്നു ഉറപ്പ്. അടുക്കളയിൽ നിന്ന് കയ്യെത്തിയെടുക്കാവുന്ന ചേരുവകൾകൊണ്ടുള്ള ഈ ഫെയ്സ് മാസ്ക്ക് ചർമത്തിൽ അദ്ഭുതം സൃഷ്ടിക്കുമെന്ന് ഉറപ്പ് നൽകിയത് ഇൻസ്റ്റാഗ്രാമിൽ ഏറെ ഫോളോവേഴ്സുള്ള അഞ്ജനി ഭോജ് ആയിരുന്നു. തിളക്കമാർന്ന ചർമത്തിനായി താൻ ബാത്ത്റൂമിലേക്കല്ല അടുക്കളയിലേക്കാണ് ഓടുന്നതെന്ന കുറിപ്പോടെയായിരുന്നു അഞ്ജനി ഒരു ഗെയിം ചേഞ്ചറെന്ന വിശേഷണത്തോടെ റൈസ് മാസ്ക്കിനെ പരിചയപ്പെടുത്തിയത്. 

അരി, ബീറ്റ്റൂട്ട്പൊടി, കറ്റാർവാഴ- ചില്ലറക്കാരല്ല ഇവർ 
അരി: വിറ്റാമിനുകളും ധാതുക്കളും അരിയിലുണ്ട്. ഇതു കൂടാതെ ഫെറൂളിക് ആസിഡും അരിയിൽ അടങ്ങിയിരിക്കുന്നു. ഇത് ചർമത്തിന് തിളക്കം നൽകാനും കറുത്ത പാടുകൾ കുറക്കാനും സഹായിക്കുന്നു. ചർമത്തിലെ മൃതകോശങ്ങളെ അകറ്റാനും മിനുസമാർന്ന നിറവും തിളങ്ങുന്ന ചർമവും നൽകാനും അരിപ്പൊടിക്ക് കഴിയും. 

ബീറ്റ്‌റൂട്ട് പൊടി: വിറ്റാമിൻ സി, ബീറ്റാലൈൻ തുടങ്ങിയ ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമായ ബീറ്റ്‌റൂട്ട് പൗഡർ  പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കുകയും, തിളക്കമുള്ള നിറത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് ചർമത്തിന്റെ തിളക്കം വർധിപ്പിക്കുകയും നിറം നൽകുകയും ചെയ്യുന്നു.

കറ്റാർ വാഴ: ധാരാളം ജലാംശമുള്ള കറ്റാർവാഴ നീർക്കെട്ട് കുറച്ച് വീക്കം ശമിപ്പിക്കുന്നു. ഒപ്പം ചർമത്തെ മോയ്സ്ചറൈസ് ചെയ്യുന്നു. ദ്രുതഗതിയിലുള്ള കോശ പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിച്ച്  തിളക്കവും ആരോഗ്യവുമുള്ള ചർമം നിലനിർത്താൻ കറ്റാർവാഴ സഹായിക്കുന്നു.

അരി, ബീറ്റ്റൂട്ട് പൊടി, കറ്റാർ വാഴ– ചർമത്തിൽ പ്രവർത്തിക്കുന്നതിങ്ങനെ 
അരി മൃതകോശങ്ങളെ നീക്കി ചർമത്തെ ശുദ്ധീകരിക്കുമ്പോൾ  ബീറ്റ്‌റൂട്ട് പൊടി ചർമത്തിൽ ആന്റിഓക്സിഡന്റുകൾ  ആവോളമെത്തിക്കുന്നു. ഇവയുടെ പ്രവർത്തനം വഴി ഫ്രീ റാഡിക്കലുകൾ നിർവീര്യമാക്കപ്പെടുകയും കൊളാജൻ ഉൽപ്പാദനം വർധിക്കുകയും ചെയ്യുന്നു. കറ്റാർ വാഴ ഈർപ്പം നിലനിർത്തി കോശങ്ങളെ പുരജ്ജീവിപ്പിക്കുന്നതിനാൽ ഇവ മൂന്നിന്റെയും ഉപയോഗം ചർമത്തെ  കേടുപാടുകളിൽ നിന്ന് പ്രതിരോധിച്ച്  തിളക്കവും ആരോഗ്യകരവുമാക്കി നിലനിർത്തും.

എങ്ങനെ ഉപയോഗിക്കാം
അരിയിലെ ഗുണങ്ങളെല്ലാം അടങ്ങുന്ന അരിവെള്ളമാണ് ഇതിനായി ആദ്യം നമ്മൾക്ക് ആവശ്യം. ഇതിനായി അൽപ്പം അരി ബൗളിലെടുത്തതിന് ശേഷം വെള്ളത്തിൽ കുതിർത്തു വെക്കാം. 2 ദിവസത്തിന് ശേഷം ഈ വെള്ളം അരിച്ചെടുത്ത് ഉപയോഗിക്കാം. ഈ അരിവെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നതാണ് ആദ്യപടി. നന്നായി ക്ലെൻസ് ചെയ്തതിന് ശേഷം 

ബീറ്റ്റൂട്ട് പൊടി വെള്ളത്തില്‍ കലർത്തി കുഴമ്പ് രൂപത്തിലാക്കി അതു മുഖത്ത് തേച്ചുപിടിപ്പിക്കാം. അൽപസമയത്തിന് ശേഷം ഇത് കഴുകി കളയാം. ശേഷം മുഖത്ത് നന്നായി കറ്റാർവാഴ ജെല്ല് തേക്കാവുന്നതാണ്.  

English Summary:

A DIY Guide to a Glowing Skin With Rice, Beetroot, and Aloe Vera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com