സൗന്ദര്യ സംരക്ഷണത്തിന് ചില നുറുങ്ങു വിദ്യകൾ, ഇനി വീട് ബ്യൂട്ടിപാര്ലറാക്കാം
Mail This Article
വെറുതെ വീട്ടിലിക്കുമ്പോഴാണ് പലരും സൗന്ദര്യ സംരക്ഷണത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നത്. തിരക്കു പിടിച്ച ജീവിതത്തിൽ സൗന്ദര്യ സംരക്ഷണത്തിന് മതിയായ സമയം കണ്ടെത്താനാവാതെ പോയതിന് ഈ കാലയളവിൽ പരിഹാരം കണ്ടെത്താനാകും ശ്രമം. അവധിക്കാലത്ത് വീട് ബ്യൂട്ടി പാർലറാക്കാം. നിരവധി സൗന്ദര്യക്കൂട്ടുകളുടെ പരീക്ഷണങ്ങൾക്കും അവസരം ലഭിക്കും.
വീട്ടിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് ചെയ്യാനാവുന്ന ചില സൗന്ദര്യ സംരക്ഷണ മാർഗങ്ങളുണ്ട്. ഒപ്പം ജീവിതത്തിന്റെ ഭാഗമാക്കേണ്ട ചില നല്ല ശീലങ്ങളും. അവയിൽ ചിലത് ഇതാ.
∙ കയ്യിലോ നഖത്തിലോ പാടു വീണാൽ നാരങ്ങാ നീരുകൊണ്ടോ ഉരുളക്കിഴങ്ങ് കഷ്ണം കൊണ്ടോ ആ ഭാഗത്ത് തേക്കാം.
∙ നഖങ്ങൾ വെട്ടാൻ കത്രിക ഉപയോഗിക്കേണ്ട. കാരണം നഖങ്ങൾ പൊട്ടാനിടയുണ്ട്. ഒരു നെയ്‌ൽകട്ടറിന്റെ സഹായത്താൽ ഈ പ്രവൃത്തി ചെയ്യുക.
∙ നഖങ്ങളുടെ ഭംഗി കൂട്ടുവാൻ 1 ഔൺസ് ഒലീവ് ഓയിലിൽ 3, 4 തുള്ളി നാരങ്ങാ നീര് കലക്കി വിരലുകളുടെ അഗ്രം അതിൽ പത്തു മിനിറ്റ് മുക്കി വെക്കുക
∙ ചൂടുകാലത്ത് കൈവെള്ള വിയർത്താൽ 1 ടീ സ്‌പൂൺ നാരങ്ങാ നീരും ഏതാനും തുള്ളി കട്ടൻ ചായയും കൂട്ടി യോജിപ്പിച്ച മിശ്രിതം ചേർത്തു തിരുമ്മുക.
∙ കാലിന്റെ ഉപ്പൂറ്റി വിണ്ടുകീറിയാൽ നാരങ്ങാ നീര് പുരട്ടി നന്നായുരയ്‌ക്കുക. അൽപ നേരത്തിനു ശേഷം കഴുകിക്കളയുക. അതിനു ശേഷം പാൽപ്പാടയോ ബട്ടറോ പുരട്ടുക.
∙ ബദാം ഓയിലും വെളിച്ചെണ്ണയും തുല്യ അളവിൽ എടുത്തു യോജിപ്പിച്ചു ചെറു ചൂടോടെ തലയോട്ടിയിൽ തിരുമ്മിപ്പിടിപ്പിച്ചാൽ തലമുടി ഇടതൂർന്നു വളരുമെന്നു മാത്രമല്ല, അകാല നരയും ഒഴിവാക്കാം.
∙ ശിരോചർമം ദിവസവും നന്നായി മസാജ് ചെയ്‌താൽ മുടിവളർച്ചയെ ത്വരിതപ്പെടുത്താം.
∙ കുന്തിരിക്കം പുകച്ച് തലമുടിയിൽ അതിന്റെ പുക കൊള്ളിക്കുന്നതു മുടി വളരാനും പേൻ ശല്യം കുറക്കാനും സഹായിക്കും.
∙ നെല്ലിക്ക ചതച്ച് പാലിലിട്ടു വയ്‌ക്കുക. 1 ദിവസത്തിനു ശേഷം തലയിൽ പുരട്ടി തിരുമ്മിപ്പിടിപ്പിച്ചു കുളിക്കുക. ആഴ്‌ചയിൽ മൂന്നു ദിവസം ഇതുപോലെ ചെയ്‌താൽ മുടിവളർച്ച സുനിശ്‌ചയം.
∙ തലയിൽ തൈരു തേച്ചു പിടിപ്പിച്ചു കുളിക്കുന്നതു സുഖ നിദ്രയ്‌ക്കു വഴിയൊരുക്കും. തലയ്‌ക്കു കുളിർമയുണ്ടാകുകയും മുടി കറുക്കുകയും ചെയ്യും.
∙ മുടി ചീകാൻ ഉപയോഗിക്കുന്ന ചീപ്പിലെ ചെളിയും അഴുക്കും കളഞ്ഞിരിക്കണം.
∙ താരൻ ഉള്ളവരുടെ ചീപ്പുകൊണ്ടു ചീകിയാൽ താരനില്ലാത്തവർക്കും പകരും. ആകയാൽ ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം ചീപ്പ് വെക്കണം.