കടലമാവും തക്കാളിയും കടുകുമൊന്നും ഇനി വെറുതേകളയണ്ട, ചർമകാന്തിക്ക് പരീക്ഷിക്കാം ഈ സ്പെഷൽ മാജിക് കൂട്ട്
Mail This Article
അദ്ഭുതങ്ങളുടെ കലവറയാണ് പ്രകൃതി. നിരവധി സൗന്ദര്യ പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ പ്രകൃതിയിലുണ്ട്. തലമുറകളിൽ നിന്നു പകർന്നു കിട്ടിയ നിരവധി പ്രകൃതിദത്ത സൗന്ദര്യക്കൂട്ടുകൾ നമുക്ക് പരിചിതമാണ്. സൗന്ദര്യം വർധിക്കുന്നതിനൊപ്പം ചർമത്തിന്റെ സംരക്ഷണവും ഉറപ്പു നൽകുന്നു എന്നതാണ് ഇത്തരം കൂട്ടുകളുടെ പ്രത്യേകത. നമ്മുടെ അടുക്കളയിൽ കാണുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് ചെയ്യാവുന്ന ഇത്തരം ചില സൗന്ദര്യ കൂട്ടുകൾ പരിചയപ്പെടാം.
ഒരു സ്‌പൂൺ കടലമാവ് തേനിൽ ചാലിച്ച് മിശ്രിതം തയാറാക്കുക. ഇതു മുഖത്തും കഴുത്തിലും കൈകാലുകളിലും തേച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയണം. സ്‌ഥിരമായി ഇങ്ങനെ ചെയ്‌താൽ ചർമകാന്തി വർധിക്കും. കടലമാവ് പശുവിൻ പാലിൽ കുഴച്ചു തേച്ചാലും ഇതേ ഫലം ലഭിക്കും.
കടുക് അരച്ച് തൈരിൽ നല്ലതു പോലെ മിക്‌സ് ചെയ്‌ത് ഫെയ്സ്പാക്കായി ഉപയോഗിക്കുക. അര മണിക്കൂറിനു ശേഷം കഴുകിക്കളയാം.
ഒരു തക്കാളിയുടെ നീരെടുത്ത് ഒരു ടീസ്‌പൂൺ തേൻ ചേർത്ത് മിശ്രിതമുണ്ടാക്കി മുഖത്തും കഴുത്തിലും പുരട്ടുക. ചർമകാന്തി വർധിക്കുകയും ചർമത്തിന് മൃദുത്വമേറുകയും ചെയ്യും.
വെള്ളരിക്കാനീര് പതിവായി മുഖത്തു പുരട്ടിയാൽ നല്ല നിറം ലഭിക്കും. മുന്തിരിനീര് പുളിപ്പിച്ച ശേഷം മുഖത്തു പുരട്ടിയാലും വെളുക്കും.
രാസവസ്‌തുക്കളടങ്ങിയിട്ടില്ലാത്ത ബ്ലീച്ച് വീട്ടിൽത്തന്നെ ഉണ്ടാക്കാവുന്നതാണ്. ഒരു ടീസ്‌പൂൺ ഓട്‌സ്, രണ്ടു ടീസ്‌പൂൺ തക്കാളിനീര്, രണ്ടു ടീസ്‌പൂൺ നാരങ്ങാനീര്, രണ്ടു ടീസ്‌പൂൺ ക്യാരറ്റ്‌നീര് ഇവ യോജിപ്പിച്ച് കുഴമ്പു രൂപത്തിലാക്കി മുഖത്തു തേച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. മാസത്തിലൊരിക്കൽ ഇങ്ങനെ ചെയ്‌താൽ മുഖചർമത്തിന് നല്ല നിറം ലഭിക്കുകയും അതു ദീർഘകാലം നിലനിൽക്കുകയും ചെയ്യും.