വിയർപ്പും ശരീര ദുർഗന്ധവും കാരണം പൊറുതിമുട്ടിയോ? ശരീരത്തിലെ ചൂടു കുറയ്ക്കാൻ ചില മാർഗങ്ങൾ
Mail This Article
ഓരോ ദിവസവും ചൂട് കൂടിക്കൂടി വരുകയാണ്. ഒന്നു പുറത്തിറങ്ങിയാൽ വിയർത്തു കുളിക്കുമെന്നുറപ്പാണ്. എന്നാൽ വിയർപ്പ് അമിതമായാൽ അത് പലപ്പോഴും ബുദ്ധിമുട്ടു സൃഷ്ടിക്കും. ആ ബുദ്ധിമുട്ട് നമുക്ക് മാത്രമല്ല, മറ്റുള്ളവർക്കും അസ്വസ്ഥത സൃഷ്ടിക്കും. അമിത വിയർപ്പ് മൂലമുള്ള ദുർഗന്ധം പലപ്പോഴും സഹിക്കാൻ പറ്റില്ല. എന്നാൽ ഈ പ്രശ്നം ഒരുപരിധി വരെ നമുക്ക് തന്നെ കുറയ്ക്കാനാകും. അതിന് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി.
തണുത്ത വെള്ളത്തിൽ കുളിക്കാം
ചൂടുകാലത്ത് തണുത്ത വെള്ളത്തിൽ കുളിക്കുന്നതാണ് ഏറ്റവും അനുയോജ്യം. രാവിലെയും വൈകീട്ടും കുളിക്കാൻ ശ്രമിക്കാം. ശരീരത്തിലെ അധിക ഊഷ്മാവ് കുറയ്ക്കാൻ ഇത് സഹായിക്കും. തണുത്ത വെള്ളത്തിലെ കുളി വിയർപ്പ് നിയന്ത്രിക്കുകയും ശരീര ദുര്‍ഗന്ധം ഇല്ലാതാക്കുകയും ചെയ്യും.
ഭക്ഷണത്തിലും ശ്രദ്ധവേണം
വേനൽക്കാലത്ത് ഭക്ഷണത്തിലും ഏറെ ശ്രദ്ധവേണം. ശരീരത്തിന് തണുപ്പ് ലഭിക്കുന്ന ഭക്ഷണങ്ങൾ വേണം എപ്പോഴും തിരഞ്ഞെടുക്കാൻ. എരിവുള്ള ഭക്ഷണങ്ങൾ, വറുത്തതും പൊരിച്ചതും എന്നിവയെല്ലാം ചൂടുകാലത്ത് ഒഴിവാക്കാം. ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. ഇത് ശരീരത്തിന് കുളിർമ നല്‍കി വിയർപ്പ് കുറയ്ക്കാൻ സഹായിക്കും.
അയഞ്ഞ വസ്ത്രം ധരിക്കാം
ഇറുകിയ വസ്ത്രങ്ങൾ വേനൽകാലത്ത് ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക. ഒപ്പം ചൂടിനെ പ്രതിരോധിക്കുകയും വിയർപ്പ് വലിച്ചെടുക്കുകയും ചെയ്യുന്ന വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ ശ്രമിക്കാം. ചൂടുകാലത്ത് കോട്ടൻ വസ്ത്രങ്ങളാണ് ഏറ്റവും മികച്ചത്. ഇത് അധികം വിയർപ്പില്ലാതാക്കാൻ സഹായിക്കും.
ഐസ് വാട്ടർ സ്പ്രേ
വേനൽകാലത്ത് വിയർക്കാതിരിക്കാനും ഫ്രഷ്നെസ് തോന്നിക്കാനുമായി ഐസ് വാട്ടർ സ്പ്രേ ഉപയോഗിക്കാം. വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഒരു ബോട്ടിലിൽ ഐസ് വെള്ളം കരുതാം. കൂടുതലായി ചൂടു തോന്നുമ്പോൾ ഇത് ശരീരത്തിൽ സ്പ്രേ ചെയ്യാവുന്നതാണ്. ഇത് വിയർപ്പിന്റെ അളവ് കുറയ്ക്കും.