തിളക്കമുള്ള ചർമമാണോ ആഗ്രഹം, ചർമത്തിന്റെ ആരോഗ്യത്തിനായി കുടിക്കാം ഈ മാജിക് ജ്യൂസ്
Mail This Article
നല്ല തിളങ്ങുന്ന ചർമം. എല്ലാവരുടെയും സ്വപ്നമാണത്. എന്നാൽ ചർമം തിളങ്ങാൻ പല വഴി ശ്രമിച്ചിട്ടും നടക്കാത്തവരാകാം പലരും. ചർമം തിളങ്ങാനായി കഴിക്കുന്ന ഭക്ഷണത്തിലും അൽപം ശ്രദ്ധവേണം. എളുപ്പത്തിൽ കിട്ടുന്ന ചില പഴങ്ങൾ ഉപയോഗിച്ച് ചർമകാന്തി വീണ്ടെടുക്കാനായി ഒരു ജ്യൂസ് തയാറാക്കിയാലോ? ഇനി നിങ്ങളുടെ ചർമവും എളുപ്പത്തിൽ തിളങ്ങും.
കാരറ്റ്
ചർമത്തിന് തിളക്കം കൂട്ടാനുള്ളൊരു മികച്ച പോംവഴിയാണ് കാരറ്റ്. ആന്റി ഓക്സിഡന്റുകളുടെ കലവറയായ കാരറ്റ് നിങ്ങളുടെ ചർമത്തിൽ അദ്ഭുതങ്ങൾ പ്രവർത്തിക്കും. ചർമത്തിലെ കൊളാജന്റെ അളവ് നിലനിർത്താൻ കാരറ്റ് സഹായിക്കും.
ഓറഞ്ച്
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഏറെ നല്ലതാണ് വൈറ്റമിൻ സിയുടെ ഉറവിടമായ ഓറഞ്ച്. ചർമത്തിന് ആവശ്യമായ ആന്റി ഓക്സിഡന്റുകളും വൈറ്റമിനുകളും ഓറഞ്ചിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തെ തിളക്കത്തോടെ നിലനിൽക്കാൻ സഹായിക്കും.
ഇഞ്ചി
ഇഞ്ചിയിലെ ജിഞ്ചറോൾ എന്ന സംയുക്തത്തിൽ ആന്റി ഓക്സിഡന്റും ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ ഊർജ്ജം വർധിപ്പിക്കാനും ദഹന പ്രശ്നങ്ങളെ ഇല്ലാതാക്കാനും ഏറെ നല്ലതാണ് ഇഞ്ചി.
മഞ്ഞൾ
മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൻ ചർമത്തിന്റെ തിളക്കം വീണ്ടെടുക്കാൻ സഹായിക്കും. മാത്രമല്ല ഇതിലെ ആന്റി ബാക്ടീരിയൽ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചർമത്തിലെ മറ്റ് പ്രശ്നങ്ങളെ ഇല്ലാതാക്കാനും ഏറെ നല്ലതാണ്. മഞ്ഞൾ മുഖത്ത് തേക്കുന്നത് പോലെ നല്ലതാണ് കുടിക്കുന്നതും.
ജ്യൂസ് എങ്ങനെ തയാറാക്കാം
1 ഓറഞ്ച്, പകുതി കാരറ്റ്, ഒരു ചെറിയ കഷണം മഞ്ഞൾ, ചെറിയ കഷണം ഇഞ്ചി എന്നിവ നന്നായി മിക്സിയിലിട്ട് അടിച്ചെടുക്കുക. ഇതിലേക്ക് കുറച്ച് തേനും ഒഴിച്ച് കുടിക്കാം. ചർമത്തിന് ഏറെ നല്ലതാണ് ഈ ജ്യൂസ്. ആഴ്ചയിൽ മൂന്ന് തവണ ഇത് കുടിക്കുന്നത് ചർമത്തിന് തിളക്കം നൽകും.